സംസ്ഥാനത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളുടെ സമഗ്ര വികസനത്തിനായി ‘തിരുപ്പതി മോഡൽ’ ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ. യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലാണ് ഭക്തജനങ്ങൾ ഏറ്റവും കൂടുതൽ എത്തിച്ചേരുന്ന പ്രധാന ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നിർണായക പ്രഖ്യാപനം ഉൾപ്പെടുത്തിയിരിക്കുന്നത്.
ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ എന്നീ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളെയാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വർഷംതോറും ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന ഈ ക്ഷേേത്രങ്ങളിൽ തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ കൂടുതൽ വിപുലീകരിക്കുകയും യാത്രയും ദർശനവും കൂടുതൽ സുഗമമാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.ക്ഷേത്രപരിസരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, പാർക്കിംഗ് സംവിധാനങ്ങൾ, താമസസൗകര്യങ്ങൾ, ശുചിത്വ സംവിധാനങ്ങൾ, ഗതാഗത ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തിരുപ്പതി മാതൃകയിൽ തീർത്ഥാടന കേന്ദ്രങ്ങളുടെ വികസനം നടപ്പാക്കുന്നതിലൂടെ കേരളത്തിന്റെ ആത്മീയ ടൂറിസം മേഖലയ്ക്കും വലിയ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഇതിനോടൊപ്പം, നവോത്ഥാന നായകനായ ശ്രീ നാരായണ ഗുരുവിന്റെ സ്മാരക കേന്ദ്രം രാജ്യതലസ്ഥാനമായ ദില്ലിയിൽ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ഗുരുവിന്റെ സന്ദേശങ്ങളും ആശയങ്ങളും ദേശീയ തലത്തിൽ കൂടുതൽ പ്രചരിപ്പിക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

