കേരളത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കാൻ ധവളപത്രം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

കഴിഞ്ഞ സർക്കാരിന്റെ കാലത്തെ കേരളത്തിന്റെ യഥാർത്ഥ സാമ്പത്തികസ്ഥിതി പുറത്തുകൊണ്ടുവരുന്നതിനായി ധവളപത്രം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

രണ്ടാം Pinarayi Vijayan സർക്കാരിന്റെ അവസാന ബജറ്റിനെതിരെ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന സതീശൻ കടുത്ത വിമർശനമുയർത്തിയിരുന്നു. “പൂച്ച പെറ്റുകിടക്കുന്ന ഖജനാവ്” എന്നായിരുന്നു സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥയെ വിശേഷിപ്പിച്ച് അദ്ദേഹം പറഞ്ഞത്. കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി രൂപീകരിച്ച കിഫ്ബി സംസ്ഥാനത്തിന്റെ കടബാധ്യത നിയന്ത്രണങ്ങളെ തകർത്തുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു.കിഫ്ബി ബജറ്റിന് പുറത്തുള്ള അധിക സാമ്പത്തിക ബാധ്യതയാണെന്നും സംസ്ഥാനത്തിന്റെ യഥാർത്ഥ കടബാധ്യത മറച്ചുവയ്ക്കുന്ന സംവിധാനമായാണ് അത് പ്രവർത്തിച്ചതെന്നും സതീശൻ വിമർശിച്ചിരുന്നു. എന്നാൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ കിഫ്ബിയെ പൂർണമായി ഒഴിവാക്കില്ലെന്നും, നിലവിലെ സംവിധാനത്തിൽ പുനഃക്രമീകരണം ആലോചിക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്.

കിഫ്ബി വഴി എടുത്ത വായ്പകൾ സംസ്ഥാന സർക്കാരിന്റെ കടമായിട്ടാണ് കണക്കാക്കേണ്ടതെന്ന് കേന്ദ്ര സർക്കാർ മുൻപേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ കടപരിധി വെട്ടിക്കുറയ്ക്കാൻ കേന്ദ്രം നടപടി സ്വീകരിച്ചത്. ഫിസ്കൽ റസ്പോൺസിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്മെന്റ് ആക്ട് (FRBM) പ്രകാരം സംസ്ഥാനങ്ങൾക്ക് ജിഎസ്ഡിപിയുടെ മൂന്ന് ശതമാനം വരെ മാത്രമാണ് കടമെടുക്കാൻ അനുമതിയുള്ളത്.എന്നാൽ കിഫ്ബിയുടെയും പെൻഷൻ ഫണ്ട് ബോർഡിന്റെയും വായ്പകൾ കൂടി ഉൾപ്പെടുത്തുമ്പോൾ കേരളം ഈ പരിധി ലംഘിച്ചുവെന്നാണ് വിലയിരുത്തൽ. കോവിഡ് കാലത്ത് സംസ്ഥാനത്തിന്റെ കടബാധ്യത ജിഎസ്ഡിപിയുടെ 39 ശതമാനം വരെ ഉയർന്നിരുന്നു. നിലവിൽ ഇത് 33.44 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ കേരളത്തിന്റെ മൊത്തം കടം 1.57 ലക്ഷം കോടി രൂപയായിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ അത് 2.96 ലക്ഷം കോടി രൂപയായി ഉയർന്നു. 2024-25 സാമ്പത്തികവർഷത്തിൽ കടം 4.35 ലക്ഷം കോടി രൂപയായപ്പോൾ, 2025-26 ബജറ്റുപ്രകാരം ഇത് 4.88 ലക്ഷം കോടി രൂപയിലേക്ക് ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.