ചരിത്ര നേട്ടത്തോടെ ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ റെക്കോര്‍ഡ് കുതിപ്പ്

ആഗോള പ്രതിരോധ വിപണിയില്‍ ശക്തമായ സാന്നിധ്യമായി ഇന്ത്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി സര്‍വകാല റെക്കോര്‍ഡിലെത്തി. കഴിഞ്ഞ വര്‍ഷം ഇന്ത്യ 38,424 കോടി രൂപയുടെ പ്രതിരോധ സാമഗ്രികള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 62.66 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2024-25 കാലയളവില്‍ ഇത് 23,622 കോടി രൂപയായിരുന്നു. പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനും ഇന്ത്യയെ ആഗോള നിര്‍മ്മാണ കേന്ദ്രമാക്കാനും നടത്തിയ ശ്രമങ്ങളുടെ ഫലമാണിതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി.

ഈ വന്‍ മുന്നേറ്റത്തിന് മുഖ്യ പങ്കുവഹിച്ചത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളാണ്. ഇവയുടെ കയറ്റുമതിയില്‍ 151 ശതമാനം എന്ന ശ്രദ്ധേയമായ വളര്‍ച്ചയാണ് ഉണ്ടായത്. 8,389 കോടി രൂപയില്‍ നിന്നാണ് ഇത് 21,071 കോടി രൂപയായി ഉയര്‍ന്നത്. അതേസമയം, സ്വകാര്യ മേഖലയിലും വളര്‍ച്ച ശ്രദ്ധേയമാണ്. ഏകദേശം 14 ശതമാനം വര്‍ധനവോടെ 17,353 കോടി രൂപയുടെ കയറ്റുമതി സ്വകാര്യ കമ്പനികള്‍ നടത്തി. മൊത്തം കയറ്റുമതിയില്‍ 54.84 ശതമാനം സര്‍ക്കാര്‍ സ്ഥാപനങ്ങളും 45.16 ശതമാനം സ്വകാര്യ മേഖലയുമാണ് സംഭാവന ചെയ്തത്.ഇപ്പോള്‍ ഇന്ത്യയുടെ പ്രതിരോധ ഉപകരണങ്ങള്‍ ലോകത്തെ 80-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. കയറ്റുമതി നടത്തുന്ന ഇന്ത്യന്‍ കമ്പനികളുടെ എണ്ണം 128ല്‍ നിന്ന് 145 ആയി ഉയര്‍ന്നതും ഈ വളര്‍ച്ചയ്ക്ക് കരുത്ത് നല്‍കി.

പ്രതിരോധ നിര്‍മ്മാണ മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ലളിതമായ നടപടിക്രമങ്ങള്‍ ഈ നേട്ടത്തിന് വഴിയൊരുക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കയറ്റുമതി അനുമതികള്‍ക്കായി ഏകജാലക സംവിധാനം, ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങിയ സൗകര്യങ്ങള്‍ കമ്പനിയ്ക്കള്‍ക്ക് പ്രയോജനമായി. കൂടാതെ, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വര്‍ധിച്ച ആവശ്യകതയും ആഭ്യന്തര നിര്‍മ്മാണത്തിന് ലഭിക്കുന്ന സര്‍ക്കാര്‍ പ്രോത്സാഹനവും ഇന്ത്യയെ ഈ റെക്കോര്‍ഡ് നേട്ടത്തിലേക്ക് നയിച്ചു.