രാജ്യത്തെ റെയിൽവേ ടിക്കറ്റ് റിസർവേഷൻ സംവിധാനത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. ഏകദേശം 40 വർഷം പഴക്കമുള്ള നിലവിലെ സോഫ്റ്റ്വെയർ മാറ്റി ആധുനിക സാങ്കേതിക വിദ്യകളോടുകൂടിയ പുതിയ സംവിധാനം കൊണ്ടുവരാനാണ് തീരുമാനം. പുതിയ സംവിധാനമെത്തുന്നതോടെ ഇപ്പോഴത്തെക്കാൾ അഞ്ച് ഇരട്ടി വേഗത്തിൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുമെന്ന് കേന്ദ്രം വ്യക്തമാക്കി.
ദൂരയാത്ര ട്രെയിനുകളുടെ റിസർവ് ടിക്കറ്റുകൾ സ്റ്റേഷൻ കൗണ്ടറുകളിൽ ബുക്ക് ചെയ്യാൻ ഉപയോഗിക്കുന്ന നിലവിലെ സോഫ്റ്റ്വെയർ വർഷങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. ഇത് പൂർണമായി മാറ്റി പുതിയ സംവിധാനം നടപ്പിലാക്കുന്നതോടെ കൗണ്ടറുകളിലെ ജീവനക്കാർക്ക് കൂടുതൽ വേഗത്തിൽ ടിക്കറ്റ് നൽകാൻ സാധിക്കും. ഇതിലൂടെ നീണ്ട നിരകളും യാത്രക്കാരുടെ ബുദ്ധിമുട്ടുകളും ഗണ്യമായി കുറയുമെന്ന് അധികൃതർ പറയുന്നു.റിസർവ് ടിക്കറ്റിംഗിൽ നടക്കുന്ന തട്ടിപ്പുകളും ഇടനിലക്കാരുടെ ഇടപെടലും തടയുക എന്നതും പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. പ്രത്യേകിച്ച് ഉത്സവകാലങ്ങളിൽ ‘തത്കാൽ’ ടിക്കറ്റുകൾ ഇടനിലക്കാർ കൈക്കലാക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് റെയിൽവേയുടെ പദ്ധതി. പുതിയ പാസഞ്ചർ റിസർവേഷൻ സിസ്റ്റം നടപ്പാക്കാൻ ഏകദേശം 1,000 കോടി രൂപ ചെലവാകും. ദിവസേന ഏകദേശം 2.5 കോടി പേർ റെയിൽവേ യാത്ര ചെയ്യുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സൗകര്യം മുൻനിർത്തിയാണ് ഈ മാറ്റമെന്ന് മന്ത്രാലയം വ്യക്തമാക്കി.
പുതിയ സംവിധാനത്തിലൂടെ ഓൺലൈനായും കൗണ്ടറുകളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യുന്നത് കൂടുതൽ എളുപ്പമാകും. നിലവിലുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ഇടനിലക്കാരുടെ ഇടപെടലുകൾ ഒഴിവാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കുക എന്നതും റെയിൽവേയുടെ മറ്റൊരു പ്രധാന ലക്ഷ്യമാണ്. കൂടുതൽ യാത്രക്കാർക്ക് കൺഫേംഡ് ടിക്കറ്റ് ലഭ്യമാക്കാൻ സംവിധാനം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് സെന്ററിൽ (CRIS) പുതിയ സംവിധാനത്തിന്റെ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. അടുത്ത മാസം തന്നെ ഇത് ആരംഭിക്കുകയും ജൂൺ മാസത്തോടെ പൂർണമായും പ്രവർത്തനക്ഷമമാകുകയും ചെയ്യുമെന്നാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.
പുതിയ സിസ്റ്റം ഒരു കമ്പനിയെയോ വെണ്ടറിനെയോ മാത്രം ആശ്രയിക്കുന്നതല്ല; മൾട്ടി-ലിംഗ്വൽ ഇന്റർഫേസ് ഉള്ള സംവിധാനമായിരിക്കും ഇത്. നിലവിൽ ഒരു മിനിറ്റിൽ ഏകദേശം 25,000 ടിക്കറ്റുകൾ മാത്രമാണ് നൽകാൻ കഴിയുന്നത്. പുതിയ സംവിധാനത്തിൽ ഇത് ഒരു മിനിറ്റിൽ 1,25,000 ടിക്കറ്റുകളായി ഉയരും. ഇതോടെ ഓൺലൈൻ ബുക്കിംഗിലെ തിരക്കും കൗണ്ടറുകളിലെ തിരക്കും ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.
നിലവിലെ സംവിധാനത്തിലെ പോരായ്മകൾ ഉപയോഗിച്ച് ചില ഇടനിലക്കാർ പ്രത്യേക ആപ്പുകളും വെബ്സൈറ്റുകളും വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്ന പ്രവണതയുണ്ടെന്ന് അധികൃതർ പറയുന്നു. പുതിയ സംവിധാനം ഇത്തരം തട്ടിപ്പുകൾ തടയുകയും യഥാർത്ഥ യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യമാക്കാനും സഹായിക്കുമെന്നും റെയിൽവേ വ്യക്തമാക്കി.

