ശബരിമല യാത്രയ്ക്ക് ശക്തമായ അടിസ്ഥാന സൗകര്യം; കോടികളുടെ ഇടത്താവള പദ്ധതികൾ പുരോഗമിക്കുന്നു

ശബരിമല തീർഥാടകർക്കായി സംസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള ഇടത്താവളങ്ങൾ ഒരുക്കുന്നത് പുരോഗമിക്കുന്നു. കിഫ്ബി മുഖേന അഞ്ച് സ്ഥലങ്ങളിലാണ് ഇടത്താവളങ്ങൾ സജ്ജമാകുന്നത്. കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിലെ ഇടത്താവളം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 10 കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായി 32,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമ്മിച്ചത്. ഒരേസമയം 300 പേർക്ക് ഭക്ഷണം കഴിക്കാവുന്ന അന്നദാന മണ്ഡപവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ആകെ 140 കോടിയിലധികം രൂപ ചെലവിട്ടാണ് ഇടത്താവളങ്ങളുടെ വികസനം നടപ്പാക്കുന്നത്. ശബരിമലയുടെ അടിസ്ഥാന ക്യാമ്പായ നിലയ്ക്കൽ മേഖലയിൽ മാത്രം വിരിവയ്ക്കാനായി ഒരേ മാതൃകയിൽ ഏഴ് കെട്ടിടങ്ങൾ നിർമിക്കുന്നു. ഇതിൽ അഞ്ച് കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായി. നിലയ്ക്കലിൽ കിഫ്ബി വഴി രണ്ട് പാർക്കിംഗ് ഗ്രൗണ്ടുകളും സജ്ജമാകുന്നു. ആരാധനാലയങ്ങളുടെ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇടത്താവളങ്ങൾ ഒരുക്കുന്നത്.ശബരിമല വികസനവുമായി ബന്ധപ്പെട്ട സമഗ്ര പദ്ധതിക്ക് അംഗീകാരം നൽകിയതായും ഈ വർഷത്തെ ബജറ്റിൽ ആവശ്യമായ തുകയും വകയിരുത്തിയതായും ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. മുൻ ഇടതുമുന്നണി സർക്കാരിൽ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഇടത്താവള പദ്ധതിക്ക് രൂപം നൽകിയിരുന്നത്.

എരുമേലിയിൽ 14.75 കോടി രൂപ ചെലവിൽ കെട്ടിടവും പാർക്കിംഗ് സൗകര്യവും നിർമിച്ചു. വയനാട്ടിലെ മണിയൻ കുട്ടപ്പൻ ക്ഷേത്രത്തിൽ 13.07 കോടി രൂപ ചെലവിൽ രണ്ട് നിലകളുള്ള മന്ദിരം സജ്ജമാക്കി. ശബരിമലയുടെ പ്രധാന കവാടങ്ങളിലൊന്നായ ചെങ്ങന്നൂരിൽ 40,000 ചതുരശ്ര അടിയിലായി പുതിയ കെട്ടിടം നിർമ്മാണത്തിലുണ്ട്. തീർഥാടകർക്കു വിശ്രമം, ഭക്ഷണം, പാർക്കിംഗ് എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരിടത്ത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഇടത്താവള വികസനം വേഗത്തിലാണ് പുരോഗമിക്കുന്നത്.