മെഡിക്കൽ വിദ്യാഭ്യാസം മാതൃഭാഷയിൽ; ‘മെഡിക്കൽ ശബ്ദ സിന്ധു’ ആരംഭം

വൈദ്യശാസ്ത്ര പഠനം പ്രാദേശിക ഭാഷകളിലേക്ക് വ്യാപിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ പുതിയ പദ്ധതി രൂപീകരിച്ചു. ‘മെഡിക്കൽ ശബ്ദ സിന്ധു’ എന്ന പേരിൽ, മലയാളം ഉൾപ്പെടെ 15 ഇന്ത്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താവുന്ന സമഗ്രമായ ഇംഗ്ലീഷ് മെഡിക്കൽ നിഘണ്ടു തയ്യാറാക്കുന്നതിനുള്ള നടപടികൾ ഔദ്യോഗിക ഭാഷാ വിഭാഗം ആരംഭിച്ചു. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിലാണ് മെഡിക്കൽ പഠനം പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയമുള്ള ഇന്ത്യൻ പ്രസാധകരെയാണ് നിഘണ്ടു തയ്യാറാക്കുന്നതിനുള്ള ടെൻഡറിൽ പങ്കെടുക്കാൻ ക്ഷണിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഏകദേശം ഒരു ലക്ഷം മെഡിക്കൽ പദങ്ങളും അവയുടെ വിശദീകരണങ്ങളും വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും.

മലയാളം, ഹിന്ദി, തെലുങ്ക്, അസമീസ്, ഗുജറാത്തി, കശ്മീരി, കന്നഡ, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, ബംഗാളി, മണിപ്പുരി, മിസോ, കൊങ്കണി എന്നീ ഭാഷകളിലാണ് ആദ്യഘട്ട പരിഭാഷ നടപ്പാക്കുക. പ്രസാധകരെ അന്തിമമായി തിരഞ്ഞെടുക്കുന്നതിന് ശേഷം ചെലവും മറ്റ് നടപടിക്രമങ്ങളും സംബന്ധിച്ച തീരുമാനം കൈക്കൊള്ളും.

ഇതിന് മുമ്പ്, 2022 വരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന കീഴിലുള്ള കമ്മിഷൻ ഫോർ സയന്റിഫിക് ആൻഡ് ടെക്നിക്കൽ ടെർമിനോളജി 60,000 മെഡിക്കൽ പദങ്ങൾ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തിരുന്നു. അതേ വർഷം മധ്യപ്രദേശിൽ എംബിബിഎസ് പഠനം ഹിന്ദി മാധ്യമത്തിലാക്കി നടപ്പിലാക്കുകയും ചെയ്തിരുന്നു.