രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. ഇതുവരെ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും നടപ്പാക്കിയിട്ടുണ്ടെന്നും, കേരളത്തിന്റെ വികസന–ക്ഷേമ പദ്ധതികളെ ഓരോന്നായി ചർച്ച ചെയ്യാനുള്ള ആത്മവിശ്വാസമുണ്ടെന്നും വ്യക്തമാക്കിയായിരുന്നു ബജറ്റ് അവതരണത്തിന് തുടക്കമിട്ടത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ‘ന്യൂ നോർമൽ കേരളം’ സാക്ഷാത്കരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കേരളത്തിലെ സാമൂഹിക ഐക്യത്തെ തകർക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും, ഇത്തരം നീക്കങ്ങളെ സംസ്ഥാനത്തിന് ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു ബജറ്റ് പ്രസംഗം ആരംഭിച്ചത്. കേരളത്തെ ദുർബലപ്പെടുത്താൻ മതരാഷ്ട്രവാദികൾ അവസരം കാത്തിരിക്കുകയാണെന്നും, ഇതിനെതിരെ ഒറ്റക്കെട്ടായ പ്രതിഷേധം ആവശ്യമാണെന്നും ധനമന്ത്രി പറഞ്ഞു.കേന്ദ്രത്തിന്റെ കടുത്ത അവഗണനയ്ക്കിടയിലും സംസ്ഥാനം പിടിച്ചു നിന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തുച്ഛമായ ന്യായീകരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം സംസ്ഥാനത്തിന്റെ അർഹമായ നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയാണെന്നും, വായ്പാ പരിധി കുറച്ചതോടെ സംസ്ഥാനങ്ങളെ സാമ്പത്തികമായി കുരുക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തിന്റെ കടബാധ്യത താങ്ങാവുന്ന പരിധിയിലാണെന്നും, കഴിഞ്ഞ നാല് വർഷത്തിനിടെ കേരളത്തിന് ഗുണകരമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞുവെന്നും ധനമന്ത്രി വ്യക്തമാക്കി.
തൊഴിലുറപ്പ് പദ്ധതിയുടെ അന്ത്യത്തിന്റെ തുടക്കമാണ് കേന്ദ്ര സർക്കാർ കുറിച്ചതെന്നും, സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കൈവശപ്പെടുത്തുകയാണെന്നും മന്ത്രി ആരോപിച്ചു. ഫെഡറലിസം ഇന്ത്യയുടെ ആത്മാവാണെങ്കിലും, അതിനെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നതെന്നും, അതിനെതിരായ ശക്തമായ പ്രതിഷേധമാണ് ബജറ്റിൽ രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബജറ്റിൽ നിരവധി ക്ഷേമ പ്രഖ്യാപനങ്ങളുമുണ്ട്. ആശാ പ്രവർത്തകർക്കായി 1,000 രൂപയുടെ വർധന പ്രഖ്യാപിച്ചു. അങ്കണവാടി വർക്കർമാർക്ക് 1,000 രൂപയും, അങ്കണവാടി ഹെൽപ്പർമാർക്ക് 500 രൂപയും, സാക്ഷരതാ പ്രേരകർക്കായി 1,000 രൂപയും അധികമായി അനുവദിച്ചു. കൂടാതെ ‘കണക്ട് ടു വർക്ക്’ പദ്ധതിക്കായി 400 കോടി രൂപ ബജറ്റിൽ നീക്കിവെച്ചതായും ധനമന്ത്രി പ്രഖ്യാപിച്ചു.
