വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഇന്ത്യ മുന്നിൽ; നിക്ഷേപ ആകർഷണത്തിന് നിർണായക വേദി

ലോക രാഷ്ട്രതലവന്മാരും വൻകിട കോർപറേറ്റ് മേധാവികളും പങ്കെടുക്കുന്ന സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ (WEF) വാർഷിക സമ്മേളനം, ആഗോള സാമ്പത്തിക ശക്തിയായി ഉയർന്നു വരുന്ന ഇന്ത്യയ്ക്ക് തന്റെ നിലവിലെ കരുത്തും ഭാവിയിലെ വളർച്ചാ സാധ്യതകളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള നിർണായക വേദിയായി മാറുകയാണ്.

വിദേശ നിക്ഷേപം, പ്രത്യേകിച്ച് നിർമിത ബുദ്ധി, സുസ്ഥിര വികസനം, ഉൽപാദന മേഖലകൾ എന്നിവയിലേക്ക് ആകർഷിക്കാൻ ഈ വേദി ഇന്ത്യയ്ക്ക് മികച്ച അവസരമാണ് നൽകുന്നത്. നിക്ഷേപകർക്ക് ഉടൻ തീരുമാനമെടുക്കാൻ കഴിയുന്ന പദ്ധതികളുമായി കേരളമുൾപ്പെടെ പത്ത് സംസ്ഥാനങ്ങൾ ഇത്തവണ ദാവോസിൽ സജീവ സാന്നിധ്യമറിയിക്കുന്നുണ്ട്. ഇത്ര വിപുലമായ സംസ്ഥാന പങ്കാളിത്തം ആദ്യമായാണെന്നതും ശ്രദ്ധേയമാണ്.
കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ നേതൃത്വത്തിൽ നാല് കേന്ദ്ര മന്ത്രിമാരും ആറു മുഖ്യമന്ത്രിമാരും ഇന്ത്യയെ പ്രതിനിധീകരിച്ച് സമ്മേളനത്തിൽ പങ്കെടുക്കുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരടക്കം നൂറിലധികം പ്രമുഖ സിഇഒമാരുടെ സാന്നിധ്യവും ഇന്ത്യയുടെ ശക്തമായ കോർപറേറ്റ് പ്രതിഛായ ഉറപ്പിക്കുന്നു.

ബ്ലൂ ഇക്കോണമി, പെട്രോകെമിക്കൽസ്, ഐടി, നിർമിത ബുദ്ധി തുടങ്ങിയ പ്രത്യേക മേഖലകളിലെ തങ്ങളുടെ ശക്തിയും വളർച്ചാ സാധ്യതകളും ആഗോള നിക്ഷേപക സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് ഈ വേദി സഹായകരമാകും. നിക്ഷേപ സൗഹൃദ നയങ്ങൾ, ഈസ് ഓഫ് ഡൂയിങ് ബിസിനസിലെ മെച്ചപ്പെട്ട റാങ്കിങ്, അടിസ്ഥാന സൗകര്യ വികസനം എന്നിവ ചൂണ്ടിക്കാട്ടി നിക്ഷേപകരുടെ വിശ്വാസം നേടാനും സംസ്ഥാനങ്ങൾക്ക് ദാവോസ് വലിയ അവസരമാണ് നൽകുന്നത്.