മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാം കേന്ദ്ര ബജറ്റ് അവതരണം ഫെബ്രുവരി 1ന് (ഞായറാഴ്ച) നടക്കും. രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരണം ആരംഭിക്കും. ഞായറാഴ്ചയായിട്ടും അന്നേദിവസം ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കുമെന്ന് എന്‍എസ്ഇയും ബിഎസ്ഇയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ബജറ്റ് പ്രഖ്യാപനങ്ങളോട് നിക്ഷേപകര്‍ക്ക് തല്‍സമയം പ്രതികരിക്കാന്‍ അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വിപണി തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നത്. സാധാരണ പ്രവൃത്തി ദിവസങ്ങളിലെ പോലെ രാവിലെ 9.15 മുതല്‍ വൈകിട്ട് 3.30 വരെ ആയിരിക്കും വ്യാപാര സമയം.കഴിഞ്ഞ വര്‍ഷവും ബജറ്റ് അവതരണം നടന്ന ശനിയാഴ്ച ഓഹരി വിപണികള്‍ പ്രവര്‍ത്തിച്ചിരുന്നു. 2017 മുതല്‍ ഫെബ്രുവരി 1ന് ബജറ്റ് അവതരിപ്പിക്കുന്ന പതിപ്പ് തുടരുന്നതിനാലാണ് ഈ വര്‍ഷം തീയതി ഞായറാഴ്ചയായിട്ടും കേന്ദ്രം മാറ്റമില്ലാതെ മുന്നോട്ടുപോയത്.
നിര്‍മല സീതാരാമന്റെ റെക്കോര്‍ഡ് യാത്ര
ഇത് നിര്‍മല സീതാരാമന്റെ ഒമ്പതാമത്തെ ബജറ്റാണ്. തുടര്‍ച്ചയായി എട്ട് ബജറ്റുകള്‍ അവതരിപ്പിച്ച ആദ്യ ധനമന്ത്രി എന്ന റെക്കോര്‍ഡ് കഴിഞ്ഞ വര്‍ഷം തന്നെ നിര്‍മല സ്വന്തമാക്കിയിരുന്നു. 2019ല്‍ ഇന്ത്യയിലെ ആദ്യ ‘പൂര്‍ണകാല’ വനിതാ ധനമന്ത്രിയെന്ന നേട്ടവും അവര്‍ കൈവരിച്ചു.ഇക്കുറി ബജറ്റ് അവതരിപ്പിക്കുന്നതോടെ ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി (10 ബജറ്റ്) എന്ന റെക്കോര്‍ഡിനോട് നിര്‍മല ഒരുപടി കൂടി അടുത്തെത്തും.
വിപണിയും ഉപഭോക്താക്കളും കാത്തിരിക്കുന്ന ബജറ്റ്
കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും ഓഹരി വിപണിക്കും ബിസിനസ് ലോകത്തിനും സാധാരണക്കാരനും വലിയ പ്രതീക്ഷകളാണ് ബജറ്റിനോട് ഉള്ളത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശക്തമായ ‘തിരിച്ചടി തീരുവ’ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര വിപണിക്ക് കൂടുതല്‍ ഊന്നല്‍ നല്കുന്ന നയങ്ങള്‍ കേന്ദ്രം തുടര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍.ഇതിന്റെ ഭാഗമായാണ് അടുത്തിടെ ‘ജിഎസ്ടി 2.0’ വഴി ഒട്ടുമിക്ക ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നികുതിയിളവുകള്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ബജറ്റില്‍ 12.75 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയത് മിഡില്‍ ക്ലാസിന് വലിയ ആശ്വാസമായിരുന്നു.
ബജറ്റ് പ്രതീക്ഷ
ആദായനികുതി ഇളവുകള്‍, ജിഎസ്ടി പരിഷ്കാരങ്ങള്‍, റിസര്‍വ് ബാങ്കിന്റെ പലിശനിരക്ക് കുറവ്—ഇവയെല്ലാം ചേര്‍ന്ന സാമ്പത്തിക ആനുകൂല്യങ്ങളുടെ തുടര്‍ച്ചയായിരിക്കും 2026ലെ ബജറ്റെന്ന് വിപണി നിരീക്ഷകര്‍ കണക്കാക്കുന്നു. ഉപഭോക്തൃ ചെലവ് വര്‍ധിപ്പിക്കുന്ന പ്രഖ്യാപനങ്ങളും നികുതിയിളവുകളും ബജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നു.
ഈ പ്രതീക്ഷകളാണ് ഇന്ത്യന്‍ ഓഹരി വിപണികളുടെ വരാനിരിക്കുന്ന ദിവസങ്ങളിലെ ദിശ നിര്‍ണയിക്കുക.

