ഇറാന് വ്യാപാരത്തിന് ട്രംപ് ട്രംപ് പ്രഖ്യാപിച്ച 25% തീരുവ ഇന്ത്യയെ അധികം ബാധിക്കില്ലെന്ന് കേന്ദ്രം

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്ക്കുമേല് 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്രസര്ക്കാര്. ഇന്ത്യയുടെ പ്രധാന 50 വ്യാപാര പങ്കാളികളുടെ പട്ടികയില് ഇറാന് ഉള്പ്പെടുന്നില്ലെന്നതാണ് ഈ ആത്മവിശ്വാസത്തിന് പിന്നിലെ പ്രധാന കാരണം.

കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി ഇന്ത്യ–ഇറാന് വ്യാപാരം സ്ഥിരമായി ഇടിവ് നേരിടുകയാണ്. കോവിഡ് മഹാമാരിക്ക് മുന്പ് പ്രതിവര്ഷം ഏകദേശം 1,500 കോടി ഡോളറിന്റെ വ്യാപാരമുണ്ടായിരുന്ന സ്ഥാനത്ത്, കഴിഞ്ഞ സാമ്പത്തിക വര്ഷം ഇത് 160 കോടി ഡോളറായി കുറഞ്ഞു. ഇന്ത്യയുടെ മൊത്തം വിദേശവ്യാപാരത്തില് ഇതിന്റെ പങ്ക് ഏകദേശം 1.5 ശതമാനം മാത്രമാണ്. നിലവിലെ സാമ്പത്തിക വര്ഷത്തില് ഈ വിഹിതം ഇനിയും കുറയാനിടയുണ്ടെന്നാണ് സര്ക്കാര് വൃത്തങ്ങള് സൂചിപ്പിക്കുന്നത്.മുമ്പ് ഇറാനില് നിന്ന് ഇന്ത്യ വന്തോതില് ക്രൂഡ് ഓയില് ഇറക്കുമതി ചെയ്തിരുന്നു. എന്നാല് യുഎസ് ഏര്പ്പെടുത്തിയ ഉപരോധങ്ങള്ക്കുശേഷം ഈ ഇടപാടുകള് ഗണ്യമായി കുറഞ്ഞു. ഇതോടെയാണ് ഇരുരാജ്യങ്ങള്ക്കുമിടയിലെ വ്യാപാരബന്ധം ക്രമേണ ക്ഷയിച്ചത്.

ഇറാന്റെ വ്യാപാര പങ്കാളികള്: ഇന്ത്യയ്ക്ക് ചെറിയ പങ്ക്

ഇറാനിലേക്ക് ഏറ്റവും കൂടുതല് കയറ്റുമതി നടത്തുന്ന രാജ്യം യുഎഇയാണ്—വാര്ഷിക കയറ്റുമതി മൂല്യം ഏകദേശം 6,800 കോടി ഡോളര്. ഇറാന്റെ മൊത്തം ഇറക്കുമതിയില് ഏകദേശം 30 ശതമാനവും യുഎഇയില് നിന്നാണ്. ചൈന, തുര്ക്കി, യൂറോപ്യന് യൂണിയന് എന്നിവയാണ് തുടര്ന്നുള്ള പ്രധാന പങ്കാളികള്. ഇറാന്റെ മൊത്തം ഇറക്കുമതിയില് ഇന്ത്യയുടെ പങ്ക് വെറും 2.3 ശതമാനമായി ചുരുങ്ങുന്നു.

ചില കയറ്റുമതിക്കാര്ക്ക് തിരിച്ചടി

മൊത്തത്തില് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ആഘാതമുണ്ടാകില്ലെങ്കിലും, ഇറാനിലേക്ക് കയറ്റുമതി നടത്തുന്ന ചില മേഖലകള്ക്ക് ട്രംപിന്റെ തീരുവ പ്രഖ്യാപനം വെല്ലുവിളിയാകാം. കഴിഞ്ഞ സാമ്പത്തിക വര്ഷം ഇന്ത്യ ഇറാനിലേക്ക് നടത്തിയ കയറ്റുമതിയുടെ മൂല്യം ഏകദേശം 124.1 കോടി രൂപയായിരുന്നു.
ബസ്മതി അരി, തേയില, സുഗന്ധവ്യഞ്ജനങ്ങള് എന്നിവയാണ് പ്രധാന കയറ്റുമതി ഉല്പ്പന്നങ്ങള്. 2023–24ല് 69 കോടി ഡോളറിന്റെയും 2024–25ല് 75 കോടി ഡോളറിന്റെയും അരിയാണ് ഇന്ത്യ ഇറാനിലേക്ക് കയറ്റിയയച്ചത്. എന്നാല് ഇറാനിലെ രാഷ്ട്രീയ–സുരക്ഷാ സംഘര്ഷം ബസ്മതി കയറ്റുമതിയെ ഇതിനകം തന്നെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. കയറ്റുമതിക്കാര്ക്ക് പണം ലഭിക്കുന്നതില് കാലതാമസം നേരിടുന്നതായി വ്യവസായ വൃത്തങ്ങള് ചൂണ്ടിക്കാട്ടുന്നു.

ഇറക്കുമതി ബന്ധവും ചുരുങ്ങുന്നു

2024–25 സാമ്പത്തിക വര്ഷത്തില് ഇന്ത്യ ഇറാനില് നിന്ന് ഇറക്കുമതി ചെയ്ത ഉല്പ്പന്നങ്ങളുടെ മൂല്യം 44.1 കോടി ഡോളറായിരുന്നു. ഫ്രൂട്ട്സ്, നട്സ്, ധാതുക്കള് എന്നിവയാണ് പ്രധാനമായും ഇറാനില് നിന്ന് ഇന്ത്യയിലേക്ക് എത്തുന്നത്.

യുഎസ് പ്രഖ്യാപിച്ച പുതിയ തീരുവ ആഗോള വ്യാപാരത്തില് ആശങ്ക സൃഷ്ടിച്ചെങ്കിലും, ഇന്ത്യ–ഇറാന് വ്യാപാരത്തിന്റെ നിലവിലെ കുറഞ്ഞ തോത് കണക്കിലെടുത്താല് ഇന്ത്യയ്ക്ക് അതിന്റെ നേരിട്ടുള്ള ആഘാതം പരിമിതമായിരിക്കും. എന്നാല് ഇറാനെ ആശ്രയിച്ച് പ്രവര്ത്തിക്കുന്ന ചില കയറ്റുമതി മേഖലകള്ക്ക് അപകടസാധ്യത നിലനില്ക്കുന്നുവെന്ന് സര്ക്കാര്–വ്യവസായ വൃത്തങ്ങള് മുന്നറിയിപ്പ് നല്കുന്നു.