സ്വർണവില കുതിക്കുന്നു; ഒരു ലക്ഷം കടന്ന് മുന്നേറ്റം

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. രാവിലെ മാത്രം 440 രൂപയുടെ വർധന രേഖപ്പെടുത്തി. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,01,080 രൂപയായി. ഏറ്റവും കുറഞ്ഞ 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും ചേർത്താൽ, ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിനടുത്ത് തുക നൽകേണ്ടിവരും.

ഇന്നലെ രാവിലെ തന്നെ പവന്റെ വില ഒരു ലക്ഷം രൂപ കടന്നിരുന്നു. തുടർന്ന് ഉച്ചയ്ക്ക് 320 രൂപയും വൈകുന്നേരം 280 രൂപയും കൂടി വർധിച്ചതോടെയാണ് വില ചരിത്ര ഉയരത്തിലെത്തിയത്.
2026 തുടക്കത്തിൽ തന്നെ അന്താരാഷ്ട്ര തലത്തിൽ സംഘർഷങ്ങൾ ശക്തമാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. അമേരിക്ക വെനിസ്വേലയിലെ ഇടപെടലും, ചൈന തായ്വാനിൽ ഇടപെടാൻ സാധ്യതയുള്ളതായ സൂചനകളും, ഇറാനിലെ ആഭ്യന്തര കലഹം രൂക്ഷമാകുന്നതും ആഗോള വിപണിയിൽ ആശങ്ക വർധിപ്പിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നതോടെ വില ഇനിയും റെക്കോർഡുകൾ മറികടക്കാനിടയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അന്താരാഷ്ട്ര വിപണി വിലയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, രൂപയുടെ വിനിമയ നിരക്കിലെ മാറ്റങ്ങൾ എന്നിവയാണ് ഇന്ത്യയിലെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്ന ഘടകങ്ങൾ.