രാജ്യത്തെ വാഹന വിപണി 2025ൽ റെക്കോർഡ് നേട്ടം കൈവരിച്ചു. കഴിഞ്ഞ വർഷം മൊത്തം 45.5 ലക്ഷം വാഹനങ്ങളാണ് വിറ്റഴിക്കപ്പെട്ടത്. ഇത് മുൻവർഷത്തേക്കാൾ ഏകദേശം 6 ശതമാനം വർധനയാണ്. ജിഎസ്ടിയിലെ ഇളവുകളാണ് വർഷത്തിന്റെ രണ്ടാം പകുതിയിൽ വിൽപ്പനയ്ക്ക് ശക്തമായ കുതിപ്പേകിയതെന്ന് വിലയിരുത്തപ്പെടുന്നു. 2024ൽ രേഖപ്പെടുത്തിയ 43.05 ലക്ഷം വാഹനങ്ങളുടെ റെക്കോർഡ് ഇതോടെ മറികടന്നു.
വിൽപ്പനയിൽ മാരുതി സുസുക്കി തന്നെ ഒന്നാം സ്ഥാനം നിലനിർത്തി. മഹീന്ദ്രയും ടാറ്റ മോട്ടോഴ്സും യഥാക്രമം രണ്ടാം, മൂന്നാം സ്ഥാനങ്ങൾ സ്വന്തമാക്കിയപ്പോൾ, ദീർഘകാലം രണ്ടാം സ്ഥാനത്ത് തുടർന്ന ഹ്യുണ്ടായ് മോട്ടർ ഇന്ത്യയ്ക്ക് ഇത്തവണ നാലാം സ്ഥാനത്തേക്ക് താഴ്ന്നു.മാരുതി സുസുക്കി 2025ൽ 18.44 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. മുൻവർഷം ഇത് 17.90 ലക്ഷം ആയിരുന്നു. മഹീന്ദ്ര മൊത്തത്തിൽ 25 ശതമാനം വിൽപ്പന വർധന നേടിയതായി കമ്പനി അറിയിച്ചു.
കാറുകൾക്ക് പുറമെ ട്രാക്ടർ വിൽപ്പനയിലും വൻ നേട്ടമാണ് രേഖപ്പെടുത്തിയത്. ടാറ്റ മോട്ടോഴ്സ് 5,87,218 വാഹനങ്ങൾ വിറ്റതിൽ 81,125 എണ്ണം ഇലക്ട്രിക് വാഹനങ്ങളായിരുന്നുവെന്ന് വ്യക്തമാക്കി. ഹ്യുണ്ടായ് മോട്ടർ ഇന്ത്യ വിൽപ്പനയിൽ 6 ശതമാനം വർധന കൈവരിച്ചതായും അറിയിച്ചു. ടൊയോട്ട കിർലോസ്കർ മോട്ടർ 3,88,801 വാഹനങ്ങൾ വിറ്റഴിച്ചു; ഇത് 19 ശതമാനം വർധനയാണ്. സ്കോഡ ഇന്ത്യ മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടി വിൽപ്പന നേടി 72,665 വാഹനങ്ങൾ വിറ്റു. ജെഎസ്ഡബ്ല്യു എംജി മോട്ടർ 70,554 വാഹനങ്ങൾ വിറ്റഴിച്ചപ്പോൾ 19 ശതമാനം വളർച്ചയും രേഖപ്പെടുത്തി.

