ജനുവരി 26ന് പുതിയ ഡസ്റ്റർ; ആദ്യം പെട്രോൾ, പിന്നാലെ ഹൈബ്രിഡ്

2012 മുതല് ഏകദേശം ഒരു പതിറ്റാണ്ടോളം കോംപാക്ട് എസ്യുവി വിഭാഗത്തില് ശക്തമായ സാന്നിധ്യമായിരുന്നു റെനോ ഡസ്റ്റര്. ഇടക്കാലത്ത് വിപണിയില് മങ്ങിപ്പോയ ഡസ്റ്റര് ഇനി തിരിച്ചുവരവിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. മൂന്നാം തലമുറ റെനോ ഡസ്റ്റര് ജനുവരി 26ന് ഇന്ത്യന് വിപണിയില് വീണ്ടും അരങ്ങേറും. പുറത്തിറക്കിയ ടീസര് തന്നെ ഡിസൈനിലും ഫീച്ചറുകളിലും വലിയ മാറ്റങ്ങള് വരാനിരിക്കുന്നതിന്റെ സൂചന നല്കുന്നു.

താങ്ങാവുന്ന വിലയില് മികച്ച ഓഫ്റോഡിങ് കഴിവുകളുള്ള എസ്യുവി എന്ന ആശയം ഇന്ത്യന് ഉപഭോക്താക്കള്ക്കിടയില് ജനപ്രിയമാക്കിയ മോഡലുകളിലൊന്നായിരുന്നു ഡസ്റ്റര്. എന്നാല് വര്ഷങ്ങളോളം വലിയ അപ്ഡേറ്റുകള് നല്കാതിരുന്നതും, ഹ്യുണ്ടേയ് ക്രേറ്റ, കിയ സെല്റ്റോസ് തുടങ്ങിയ എതിരാളികള് ആധുനിക ഫീച്ചറുകളോടെ മുന്നേറിയതും ഡസ്റ്ററിന് തിരിച്ചടിയായി. കൂടാതെ ബിഎസ്6 മലിനീകരണ മാനദണ്ഡങ്ങള് നിലവില് വന്നതോടെ പ്രധാന ആകര്ഷണമായ ഡീസല് എന്ജിന് പിന്വലിക്കേണ്ടി വന്നതും വില്പ്പനയെ ബാധിച്ചു.കാലത്തിനൊത്ത സുരക്ഷാ സംവിധാനങ്ങളും പുതിയ സാങ്കേതിക ഫീച്ചറുകളുമായാണ് 2026 ഡസ്റ്ററിന്റെ വരവ്. മുന്നില് Y ആകൃതിയിലുള്ള എല്ഇഡി ഡിആര്എല്ലുകളും സ്ലിം എല്ഇഡി ഹെഡ്ലാമ്പുകളും ടീസറില് വ്യക്തമാണ്. കരുത്താര്ന്ന ബോണറ്റും അഗ്രസീവ് ലുക്കും നിലനിര്ത്തിയിട്ടുണ്ടെങ്കിലും വലിയ എയര് ഇന്ടേക്കുകളും ഫോഗ് ലാമ്പുകളും ചേര്ന്ന് മുന്ഭാഗത്തിന് പുതുമ നല്കുന്നു. ഗ്രില്ലില് റെനോയുടെ പുതിയ ലോഗോയും ഉള്പ്പെടുത്തിയിട്ടുണ്ട്.

വശങ്ങളില് ചതുരാകൃതിയിലുള്ള വീല് ആര്ക്കുകള്, ബോഡി ക്ലാഡിങ്, റൂഫ് റെയില്സ്, ഡ്യുവല് ടോണ് അലോയ് വീലുകള് എന്നിവ ഡസ്റ്ററിന്റെ എസ്യുവി സ്വഭാവം കൂടുതല് ഊട്ടിയുറപ്പിക്കുന്നു. പിന്നില് V ആകൃതിയിലുള്ള എല്ഇഡി ടെയില് ലാമ്പുകളും റൂഫ് സ്പോയിലറും സ്കിഡ് പ്ലേറ്റും ഉള്പ്പെടുത്തിയിട്ടുണ്ട്. മുഴുനീള കണക്ടഡ് ടെയില് ലാമ്പ് ഇന്ത്യന് ഡസ്റ്ററിന്റെ മറ്റൊരു ശ്രദ്ധേയ ഡിസൈന് സവിശേഷതയാണ്.

ഇന്റീരിയറിലും വലിയ മാറ്റങ്ങളുണ്ട്. Y രൂപത്തിലുള്ള എസി വെന്റുകള്, 10.1 ഇഞ്ച് ടച്ച്സ്ക്രീന് ഇന്ഫോടെയിന്മെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റല് ഇന്സ്ട്രുമെന്റ് ക്ലസ്റ്റര്, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, വയര്ലെസ് ചാര്ജിങ്, വെന്റിലേറ്റഡ് മുന് സീറ്റുകള്, ആറു സ്പീക്കറുകളുള്ള അര്കാമീസ് 3ഡി സൗണ്ട് സിസ്റ്റം എന്നിവ പ്രധാന ഫീച്ചറുകളാണ്. സുരക്ഷയ്ക്കായി അഡാസ് സംവിധാനങ്ങളും ഉള്പ്പെടുത്തിയിട്ടുണ്ട്.
4×4 വകഭേദങ്ങളില് ഓട്ടോ, സ്നോ, മഡ്/സാന്ഡ്, ഓഫ്റോഡ്, ഇക്കോ എന്നിങ്ങനെ അഞ്ച് ഡ്രൈവ് മോഡുകള് ലഭിക്കും. മണിക്കൂറില് 30 കിലോമീറ്റര് വേഗത വരെ പ്രവര്ത്തിക്കുന്ന ഹില് ഡിസെന്റ് കണ്ട്രോള്, 217 മില്ലീമീറ്റര് ഗ്രൗണ്ട് ക്ലിയറന്സ്, 31 ഡിഗ്രി അപ്രോച്ച് ആംഗിള്, 36 ഡിഗ്രി ഡിപ്പാര്ച്ചര് ആംഗിള്, ഇന്ഫോടെയിന്മെന്റ് സ്ക്രീനില് കാണിക്കുന്ന ഓഫ്റോഡ് ഡാറ്റ തുടങ്ങിയവയും പുതിയ ഡസ്റ്ററിന്റെ സവിശേഷതകളിലുണ്ട്.
ഇന്ത്യന് വിപണിയില് തുടക്കത്തില് പെട്രോള് എന്ജിന് മാത്രം ലഭ്യമാകും. 1.3 ലീറ്റര് ടര്ബോ പെട്രോള് എന്ജിനാണ് സാധ്യത. പിന്നീട് 1.2 ലീറ്റര് മൈല്ഡ് ഹൈബ്രിഡ് പതിപ്പും അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്. ഇരുവര്ഗങ്ങളിലും മാനുവല്, ഓട്ടമാറ്റിക് ട്രാന്സ്മിഷന് ഓപ്ഷനുകള് ലഭിക്കും. ഉയര്ന്ന വകഭേദങ്ങളില് 4×4 ഡ്രൈവ് സംവിധാനവും ഉണ്ടാകും.

ജനുവരിയില് മിഡ്സൈസ് എസ്യുവി വിഭാഗത്തിലേക്കാണ് പുതിയ ഡസ്റ്ററിന്റെ പ്രവേശനം.