രാജ്യത്ത് സാമ്പത്തിക അസമത്വം ഗണ്യമായി കുറഞ്ഞുവെന്നും പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം ചുരുങ്ങുകയാണെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇന്ത്യ ലോകത്ത് ഏറ്റവും ഉയർന്ന അസമത്വമുള്ള രാജ്യങ്ങളിലൊന്നാണെന്ന് സൂചിപ്പിച്ച ‘വേൾഡ് ഇൻഇക്വാലിറ്റി’ റിപ്പോർട്ടിനെക്കുറിച്ച് പ്രതിപക്ഷം വിശദീകരണം ആവശ്യപ്പെട്ടതോടെയാണ് ധനമന്ത്രിയുടെ പ്രതികരണം.
രാജ്യത്തിന്റെ ആകെ സമ്പത്തിന്റെ 40 ശതമാനവും അതിസമ്പന്നരായ ഒരു ശതമാനം പേരുടെ കൈവശമാണെന്നായിരുന്നു റിപ്പോർട്ടിലെ പരാമർശം. എന്നാൽ സാമ്പത്തിക അസമത്വം കുറയുന്ന പ്രവണതയാണ് ഇന്ത്യയിൽ കാണുന്നതെന്നും പ്രത്യേകിച്ച് നഗര മേഖലകളിൽ ഇത് വ്യക്തമായിരിക്കുകയാണെന്നും നിർമല പറഞ്ഞു. സമൂഹത്തിന്റെ താഴ്ന്ന വരുമാന വിഭാഗങ്ങളിൽ പോലും മൊബൈൽ ഫോൺ, ടെലിവിഷൻ, ടൂവീലർ, റഫ്രിജറേറ്റർ തുടങ്ങിയ ഉപകരണങ്ങൾ ഉള്ളവരുടെ എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഒരുകാലത്ത് ആഡംബരമായി കണക്കാക്കിയിരുന്ന റഫ്രിജറേറ്റർ ഇനി അത്തരത്തിലൊരു വസ്തുവല്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
ഇതിനിടെ, മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണിയെ പരാമർശിച്ചുള്ള നിർമലയുടെ പരോക്ഷ പരാമർശം പാർലമെന്റിൽ വൻ ബഹളത്തിന് ഇടയാക്കി. ഒരു മുൻ പ്രതിരോധമന്ത്രി ലോക്സഭയിൽ സർക്കാർ പണമില്ലെന്ന് പറയേണ്ടിവന്ന അവസ്ഥ ഉണ്ടായിരുന്നുവെന്നായിരുന്നു ധനമന്ത്രിയുടെ പരാമർശം. കേരളത്തിൽ നിന്നുള്ള മന്ത്രിയെന്ന സൂചന നൽകിയെങ്കിലും പേര് വ്യക്തമാക്കാൻ നിർമല തയ്യാറായില്ല. ഇതോടെ പ്രതിപക്ഷം പേരെടുത്ത് പറയണമെന്നാവശ്യപ്പെട്ടു. എന്നാൽ നിർമല അതിന് വഴങ്ങിയില്ല; വേണമെങ്കിൽ സ്വയം കണ്ടെത്താമെന്ന മറുപടിയും നൽകി.
ബഹളം ശക്തമായതോടെ, ധനമന്ത്രി നടത്തിയ പരാമർശം പാർലമെന്റിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമല്ലെന്ന് സ്പീക്കർ ഓം ബിർല വ്യക്തമാക്കി. ഈ അവസരത്തിൽ, ചില സംസ്ഥാനങ്ങളിൽ കടവും ജിഡിപിയും തമ്മിലുള്ള അനുപാതം ഉയരുന്നതായും ഇത് കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ചേർന്ന് പരിഹരിക്കേണ്ട വിഷയമാണെന്നും നിർമല പറഞ്ഞു. ആർബിഐയുടെ അടുത്തകാല റിപ്പോർട്ട് പ്രകാരം 2024–25ൽ രാജ്യത്തെ കുടുംബ കടം ജിഡിപിയുടെ 4.7 ശതമാനമാണ്. 2018–19ൽ ഇത് 3.9 ശതമാനമായിരുന്നു. എന്നാൽ കോവിഡ് ശേഷമുള്ള 2023–24ലെ 6.2 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ കടനിരക്ക് കുറഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയെ ‘ചത്ത സമ്പദ്വ്യവസ്ഥ’യായി വിശേഷിപ്പിച്ചതിനും നിർമല മറുപടി നൽകി. കഴിഞ്ഞ ത്രൈമാസത്തിൽ ആഗോള ജിഡിപി വളർച്ച 3.2 ശതമാനമായിരുന്നുവെന്നും ഇന്ത്യ 8.2 ശതമാനം വളർച്ച കൈവരിച്ച് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്വ്യവസ്ഥ എന്ന സ്ഥാനം നിലനിർത്തിയെന്നും അവർ പറഞ്ഞു. ‘ചത്ത സമ്പദ്വ്യവസ്ഥ എങ്ങനെ 8.2 ശതമാനം വളരും?’ എന്ന ചോദ്യം ഉന്നയിച്ചാണ് നിർമല ട്രംപിന്റെ പരാമർശത്തെ വിമർശിച്ചത്.

