റിലീസിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ‘ഭ.ഭ.ബ’ അഡ്വാൻസ് ബുക്കിംഗിൽ വൻ മുന്നേറ്റം തുടരുകയാണ്. ബുക്ക്മൈ ഷോ പ്ലാറ്റ്ഫോമിലൂടെ മണിക്കൂറിൽ പതിനായിരത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. ആദ്യ ദിനം മാത്രം നടന്ന പ്രീ-സെയിൽ ബിസിനസിലൂടെ ചിത്രം ഏകദേശം ഒരു കോടിയിലധികം രൂപ നേടിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.
ക്രിസ്മസ് റിലീസുകളിൽ ആദ്യം എത്തുന്ന ചിത്രം കൂടിയായതിനാൽ, തിയറ്ററുകളിൽ മികച്ച സ്ക്രീൻ ലഭ്യതയും ‘ഭ.ഭ.ബ’-യ്ക്ക് അനുകൂലമാകുന്നുണ്ട്. ഈ ആഴ്ച ‘അവതാർ’ ഒഴികെ മറ്റ് പ്രധാന റിലീസുകൾ ഇല്ലാത്തത് കൂടുതൽ റിലീസ് സെന്ററുകൾ ചിത്രത്തിന് ലഭിക്കാൻ വഴിയൊരുക്കും. ആദ്യ വാരത്തിലെ കലക്ഷൻ ഉയരാൻ ഇതൊരു പ്രധാന ഘടകമായേക്കും.
നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ‘ഭ.ഭ.ബ’ ഡിസംബർ 18-ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. രാവിലെ എട്ട് മണി മുതൽ ഫാൻസ് ഷോകൾ ആരംഭിക്കും. ചിത്രത്തിൽ മോഹൻലാലിന്റെ അതിഥി വേഷം കൂടി ഉൾപ്പെട്ടിരിക്കുന്നതും ഹൈപ്പ് വർധിപ്പിക്കുന്ന ഘടകമാണ്. ദിലീപ് ആരാധകരോടൊപ്പം മോഹൻലാൽ ഫാൻസും തിയറ്ററുകളിലെത്തുമ്പോൾ ആഘോഷാന്തരീക്ഷം ഇരട്ടിയാകുമെന്ന പ്രതീക്ഷയിലാണ് തിയറ്റർ ഉടമകൾ.

