‘ടെറബോക്സ്’ വഴി അശ്ലീല വ്യാപാരം; ടെലിഗ്രാമിലെ പുതിയ സൈബർമാഫിയ തന്ത്രം

മൊബൈലിലെ അശ്ലീല വാട്സ്ആപ്പ്–ടെലിഗ്രാം ഗ്രൂപ്പുകൾക്കെതിരെ നടപടികൾ കടുപ്പിച്ചതോടെ സൈബർമാഫിയ പുതിയ വഴി കണ്ടെത്തിയതായി റിപ്പോർട്ട്. നേരിട്ട് വീഡിയോ അപ്ലോഡ് ചെയ്യാതെ, ‘ടെറബോക്സ്’ പോലുള്ള ക്ലൗഡ് സ്റ്റോറേജ് ആപ്പുകളുടെ ലിങ്കുകൾ മാത്രം പങ്കുവയ്ക്കുന്ന തന്ത്രമാണ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ അടക്കം നിരോധിത ഉള്ളടക്കങ്ങൾ സുരക്ഷാ ഏജൻസികളുടെ കണ്ണുവെട്ടിച്ച് വ്യാപാരം നടത്താനാണ് ഈ രീതി.

1024 ജിബി വരെ സൗജന്യ സ്റ്റോറേജ് നൽകുന്ന ടെറബോക്സിൽ വീഡിയോകൾ അപ്ലോഡ് ചെയ്ത് അതിന്റെ ലിങ്കുകൾ മാത്രമാണ് ടെലിഗ്രാം ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നത്. ഗ്രൂപ്പിനുള്ളിൽ നേരിട്ട് ഉള്ളടക്കം ഇല്ലാത്തതിനാൽ ഓട്ടോമാറ്റിക് ബാൻ സംവിധാനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ മാഫിയക്ക് കഴിയുന്നു.ആദ്യം ചില “സാമ്പിൾ” ലിങ്കുകൾ സൗജന്യമായി പങ്കുവയ്ക്കും. മുഴുവൻ വീഡിയോ ലഭിക്കാൻ ‘വിഐപി ഗ്രൂപ്പിൽ’ ചേരണം. 200 മുതൽ 1000 രൂപ വരെ ഗൂഗിൾ പേ/യുപിഐ വഴി പണമടച്ച് സ്ക്രീൻഷോട്ട് അഡ്മിന് അയച്ചാൽ അംഗത്വം നൽകുന്ന രീതിയാണ് പിന്തുടരുന്നത്. അഭിനേതാക്കളുടെയും ഇൻസ്റ്റാഗ്രാം താരങ്ങളുടെയും ഡീപ് ഫേക്ക് വീഡിയോകൾ മുതൽ ഒളിക്യാമറ ദൃശ്യങ്ങൾ വരെ ലേലംപോലെ വിൽപ്പനയ്ക്കാണ് എത്തുന്നത്.
കുട്ടികൾക്കെതിരായ ലൈംഗിക ദൃശ്യങ്ങൾ പോലും സിപ്പ് ഫയലുകളാക്കി, പേര് മാറ്റി ടെറബോക്സിൽ അപ്ലോഡ് ചെയ്യുന്നുവെന്നാണ് കണ്ടെത്തൽ. ഇതുവഴി ഓട്ടോമാറ്റിക് സ്കാനിംഗിൽ നിന്ന് രക്ഷപ്പെടാനാകുമെന്നാണ് സംഘം കരുതുന്നത്.

ലിങ്കിൽ ക്ലിക്ക് ചെയ്താൽ കുടുങ്ങാം

സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത് ഇങ്ങനെ:
• ചില ലിങ്കുകൾ തുറക്കാൻ തേർഡ് പാർട്ടി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ നിർബന്ധിപ്പിക്കും – ഇതുവഴി ഫോൺ ഡാറ്റ, കോൺടാക്റ്റ്, ഗാലറി എന്നിവ ചോർന്നേക്കാം.
• നിരോധിത ഉള്ളടക്കം കാണുന്നവരുടെ ഐപി അഡ്രസുകൾ നിരീക്ഷിക്കപ്പെടുന്നുണ്ട് – ലിങ്ക് തുറന്നാൽ പോലും നിയമക്കുരുക്കിലാകാൻ സാധ്യതയുണ്ട്.
• പണം നൽകി ഗ്രൂപ്പിൽ ചേരുന്നവരും ലിങ്കുകൾ ഷെയർ ചെയ്യുന്നവരുമെല്ലാം ഒരുപോലെ കുറ്റക്കാരാണ്.
“ടെറബോക്സ് പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് മറഞ്ഞു നിൽക്കാമെന്ന ധാരണ തെറ്റാണ്. ഇത്തരം പ്രവർത്തനങ്ങൾ കർശന നിരീക്ഷണത്തിലാണ്,” സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.