വിവാദമായ ‘സഞ്ചാർ സാഥി’ ആപ്പ് സ്മാർട്ട്ഫോണുകളിൽ പ്രീ-ഇൻസ്റ്റാൾ ചെയ്താൽ മാത്രമേ ഇന്ത്യയിൽ മൊബൈൽ ഫോണുകൾ വിൽക്കാവൂ എന്ന കമ്പനി നിർദേശം കേന്ദ്ര സർക്കാർ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു. എന്നാൽ, ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസ് (DoT) ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ പുതിയ ‘സിം ബൈൻഡിങ്’ നിർദേശമാണ് ഇപ്പോൾ പുതിയ വിവാദമായി മാറുന്നത്.
അടുത്ത 120 ദിവസത്തിനുള്ളിൽ സമൂഹമാധ്യമ ആപ്പുകൾ സിം കാർഡുകളുമായി ബന്ധിപ്പിച്ച് മാത്രമേ പ്രവർത്തിക്കാവൂ എന്നതാണ് പുതിയ നിർദേശം. ഇതനുസരിച്ച് വാട്സാപ്പ്, ടെലഗ്രാം, സിഗ്നൽ, സ്നാപ്ചാറ്റ് തുടങ്ങിയ മെസേജിംഗ് ആപ്പുകൾക്ക് സ്ഥിരമായി ആക്ടീവ് സിം കാർഡ് ഉണ്ടായിരിക്കണം. സിം കാർഡ് ഇല്ലാത്ത ഉപകരണങ്ങളിൽ ഈ ആപ്പുകൾ ഉപയോഗിക്കാൻ കഴിയില്ല.
എന്താണ് സിം ബൈൻഡിങ്?
ഒരു വ്യക്തിയുടെ മെസേജിംഗ് ആപ്പ് അക്കൗണ്ട് നേരിട്ട് അദ്ദേഹത്തിന്റെ സിം കാർഡുമായി ബന്ധിപ്പിക്കുന്ന സംവിധാനമാണ് സിം ബൈൻഡിങ്. ഡിജിറ്റൽ തട്ടിപ്പുകൾ തടയാനുള്ള നടപടിയെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചെങ്കിലും, ഇത് പ്രായോഗികമല്ലെന്നും നടപ്പാക്കുക പ്രയാസമാണെന്നും സാങ്കേതിക വിദഗ്ധർ പറയുന്നു.
120 ദിവസത്തിനുള്ളിൽ മറുപടി വേണം
നവംബർ 28ന് പുറത്തിറക്കിയ നിർദേശപ്രകാരം വാട്സാപ്പ്, ടെലഗ്രാം, സിഗ്നൽ, ഷെയർചാറ്റ്, ജോഷ്, ജിയോചാറ്റ്, ആറാട്ടൈ, സ്നാപ്ചാറ്റ് തുടങ്ങിയ എല്ലാ പ്ലാറ്റ്ഫോമുകളും ഈ സംവിധാനം നടപ്പാക്കാൻ തയ്യാറാണോയെന്ന് 120 ദിവസത്തിനുള്ളിൽ അറിയിക്കണം. വിദേശത്തേക്ക് സിം കാർഡുമായി യാത്ര ചെയ്യുന്നവർക്ക് ആപ്പുകൾ ഉപയോഗിക്കാം. എന്നാൽ സിം ഇല്ലാത്ത ഉപകരണങ്ങളിൽ പ്രവർത്തനം തടസ്സപ്പെടും.
ബാക്കി നിൽക്കുന്ന ചോദ്യങ്ങൾ
സിം നഷ്ടപ്പെട്ടാൽ അക്കൗണ്ട് നഷ്ടമാവുമോ?
സിം മാറ്റേണ്ടി വന്നാൽ എന്താവും അവസ്ഥ?
സിം സ്ലോട്ടില്ലാത്ത ടാബ്ലെറ്റുകളും ഡെസ്ക്ടോപ്പുകളും ഉപയോഗിക്കുന്നവർ എന്ത് ചെയ്യും?
ഒരാൾ ഒരേ അക്കൗണ്ട് ഒന്നിലധികം ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന സംവിധാനം ഇതോടെ പ്രായോഗികമാകുമോ?
ഇത്തരം നിരവധി സംശയങ്ങളാണ് ഇപ്പോൾ ഉയരുന്നത്.
തട്ടിപ്പ് ഒഴിവാകുമോ?
ഐഎംഇഐ, ഐഎംഎസ്ഐ നമ്പറുകൾക്ക് ആപ്പുകൾക്ക് നേരിട്ട് ആക്സസ് നൽകുന്നത് ആപ്പിൾ, ഗൂഗിൾ തുടങ്ങിയ കമ്പനികൾ ഇപ്പോൾ അനുവദിക്കുന്നില്ലെന്ന് വിദഗ്ധർ പറയുന്നു. ബാങ്കിംഗ് ആപ്പുകളിൽ പോലും മൂന്നു ഘട്ട കെയ്വൈസി ഉണ്ടായിട്ടും തട്ടിപ്പുകൾ ഇപ്പോഴും തുടരുകയാണ്. അപ്പോൾ സിം ബൈൻഡിങ് കൊണ്ട് മാത്രം വാട്സാപ്പ്, ടെലഗ്രാം തട്ടിപ്പുകൾ അവസാനിപ്പിക്കാനാകുമോ എന്നതാണ് ചോദ്യം.
ഡിജിറ്റൽ അറസ്റ്റുകൾ ഇപ്പോൾ ‘സൂം’ വഴിയും
ഇപ്പോഴുണ്ടാകുന്ന ഡിജിറ്റൽ അറസ്റ്റുകളിൽ ഭൂരിഭാഗവും സൂം പോലുള്ള ആപ്പുകൾ വഴിയാണ് നടക്കുന്നത്. അവയ്ക്ക് ഇപ്പോഴും സിം രജിസ്ട്രേഷൻ നിർബന്ധമല്ല. അതിനാൽ ഈ നടപടി സർക്കാർ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യം പൂർണമായി കൈവരിക്കില്ലെന്ന് സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസൈറ്റിയുടെ സഹസ്ഥാപകൻ പ്രണേഷ് പരേഖ് വ്യക്തമാക്കി.വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് നിരവധി മാതാപിതാക്കൾ വാട്സാപ്പ് മറ്റ് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന സാഹചര്യമുണ്ട്. സിം ബൈൻഡിങ് വന്നാൽ ഈ സൗകര്യങ്ങളെല്ലാം തടസ്സപ്പെടുമെന്ന ആശങ്കയും ശക്തമാണ്.
