ടൊയോട്ടയുടെ ആഡംബര ബ്രാൻഡായ ലെക്സസ് അവരുടെ RX 350h ലൈനപ്പിലേക്ക് പുതിയ ‘എക്സ്ക്വിസിറ്റ്’ ഗ്രേഡ് അവതരിപ്പിച്ചു. 89.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഈ പുതിയ വകഭേദം പ്രീമിയം എസ്യുവി വിഭാഗത്തിൽ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച തിരഞ്ഞെടുപ്പുകൾ നൽകും. ഹൈബ്രിഡ് സാങ്കേതികവിദ്യ, ആകർഷകമായ ഡിസൈൻ, മികച്ച യാത്രാസുഖം, വിശാലമായ സീറ്റുകൾ, ആധുനിക ഫീച്ചറുകൾ എന്നിവയിലൂടെ പുതിയ RX 350h മോഡലുകൾ സമ്പൂർണ പ്രീമിയം അനുഭവം നൽകുന്നു.
ലെക്സസ് RX 350h മോഡലിൽ ആധുനിക 2.5 ലീറ്റർ ഇൻലൈൻ 4 സിലിണ്ടർ എൻജിനും ഹൈ ഔട്ട്പുട്ട് മോട്ടോറും ചേർന്ന ഹൈബ്രിഡ് പവർട്രെയിനാണ് ഉള്ളത്. മികച്ച പ്രകടനത്തോടൊപ്പം ഉയർന്ന ഇന്ധനക്ഷമതയും ഈ സിസ്റ്റം ഉറപ്പാക്കും. ബൈപോളാർ നിക്കൽ-മെറ്റൽ ഹൈബ്രിഡ് ബാറ്ററിയാണ് വാഹനത്തിന് ഊർജം നൽകുന്നത്. പ്രീമിയം ഇന്റീരിയർ, വിശാലമായ കാബിൻ, 10 രീതിയിൽ ക്രമീകരിക്കാനാകുന്ന മുൻ സീറ്റുകൾ, മുന്നിലും പിന്നിലും ഹീറ്റഡ്, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയും ഈ മോഡലിന്റെ സവിശേഷതകളാണ്.
RX 350h രണ്ട് വകഭേദങ്ങളിലായാണ് വിപണിയിലെത്തുന്നത്. ഒന്നിൽ സ്റ്റാൻഡേർഡ് ലെക്സസ് ഓഡിയോ സിസ്റ്റവും, മറ്റൊന്നിൽ മാർക്ക് ലെവിൻസൺ പ്രീമിയം ഓഡിയോ സിസ്റ്റവുമാണ് നൽകുന്നത്. കൂടുതൽ പെർഫോമെൻസ് ആഗ്രഹിക്കുന്നവർക്കായി RX 500h F-Sport+ എന്ന ഉയർന്ന വകഭേദവും ലഭ്യമാണ്. 2.4 ലീറ്റർ ടർബോ ഹൈബ്രിഡ് എഞ്ചിൻ, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, ഓൾ-വീൽ ഡ്രൈവ് സാങ്കേതികവിദ്യ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. ഈ മോഡലിന്റെ എക്സ്ഷോറൂം വില ഏകദേശം 1.09 കോടി രൂപയാണ്.
21 സ്പീക്കർ മാർക്ക് ലെവിൻസൺ സൗണ്ട് സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ക്രോസ് ട്രാഫിക് അലർട്ട്, ഡൈനാമിക് റഡാർ ക്രൂസ് കൺട്രോൾ തുടങ്ങിയ നിരവധി അഡ്വാൻസ്ഡ് സുരക്ഷാ, പ്രീമിയം ഫീച്ചറുകളും RX മോഡലുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2025 ജനുവരി മുതൽ നവംബർ വരെ RX മോഡലുകൾ 12 ശതമാനം വളർച്ച കൈവരിച്ചതായി ലെക്സസ് അറിയിച്ചു. ഇന്ത്യയിലെ ലെക്സസിന്റെ ആകെ വിൽപ്പനയിൽ 40 ശതമാനവും RX മോഡലുകളുടേതാണ്. എട്ട് വർഷം വാഹന വാറന്റിയും അഞ്ച് വർഷം റോഡ് സൈഡ് അസിസ്റ്റൻസും ഉപഭോക്താക്കൾക്ക് നൽകുന്നു.
വില വിവരങ്ങൾ (എക്സ്ഷോറൂം):
• RX 350h എക്സ്ക്വിസിറ്റ് (ലെക്സസ് ഓഡിയോ – ന്യൂ): ₹89,99,000
• RX 350h (ന്യൂ): ₹92,02,000
• RX 500h F-Sport+: ₹1,09,46,000
