ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ — പുതിയ ദിശയിൽ
ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഇന്ന് അതിന്റെ ചരിത്രത്തിലെ ഏറ്റവും പ്രബലമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ആഗോള അസ്ഥിരതകളെയും വ്യാപാരയുദ്ധങ്ങളെയും മറികടന്ന് 6.6%–6.8% വളർച്ച നിലനിർത്തുന്ന ഇന്ത്യ, 2027 ഓടെ 5 ട്രില്യൺ ഡോളർ ജിഡിപി ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്. നടപ്പു സാമ്പത്തിക വർഷത്തിൽ ഒന്നാം ക്വാർട്ടറിൽ 7.8% വളർച്ച ഉണ്ടായിരുന്നത് പുതിയ GST ബൂസ്റ്റിംഗ് വന്ന സ്ഥിതിക്ക് മൊത്തം 7% ആയാലും അത്ഭുതപെടേണ്ടതില്ല .
വിദേശനിക്ഷേപ ശേഖരം 700 ബില്യൺ ഡോളറിനടുത്തും, റീട്ടെയിൽ ഇൻഫ്ലേഷൻ കേവലം 0.25% മാത്രവും, തൊഴിലില്ലായ്മ 5.2% മാത്രവുമുള്ള സാഹചര്യം — ഇന്ത്യയുടെ സാമ്പത്തികാരോഗ്യത്തിന്റെ പ്രതീകമാണ്. സെൻസെക്സ് 84,000നും നിഫ്റ്റി 25,500നും മുകളിലായി കുതിക്കുന്നു. 99.8% ഡിജിറ്റൽ പേയ്മെന്റുകൾ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വേഗത്തിൽ ഡിജിറ്റൽവത്കരിച്ച സമ്പദ് വ്യവസ്ഥകളിലൊന്നാക്കി. GST തുടങ്ങിയത് മുതൽ രണ്ടു കാര്യങ്ങൾ ഇതിനകം ശ്രദ്ധേയമാണ് – ഒന്നാമതായി, രാജ്യത്തെ സമ്പദ്വ്യവസ്ഥ കൂടുതൽ ഔപചാരികരൂപത്തിലേക്ക് മാറിയിട്ടുണ്ട് (Formalization of Indian economy ).രണ്ടാമതായി, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) സംവിധാനം വ്യാപാരികളെ ഔപചാരിക ഇടപാടുകൾ നടത്താൻ പ്രോത്സാഹിപ്പിക്കുന്നു (ITC is an incentive for business to transact formally ).
ജിഎസ്ടി 2.0 : നിരക്കുകൾ ലളിതമാക്കി -സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ ഉണർവ്
രാജ്യത്തിന്റെ നികുതി സംവിധാനത്തിൽ ഏറ്റവും വലിയ പുനസംഘടനയായി മാറിയിരിക്കുന്നു ജിഎസ്ടി 2.0 (Goods and Services Tax 2.0). ഏകദേശം 440 ഉൽപ്പന്നങ്ങളും 30 സേവന വിഭാഗങ്ങളിലുമായി വൻ മാറ്റങ്ങൾ വരുത്തിയതോടൊപ്പം, ഇതുവരെ നിലവിലുണ്ടായിരുന്ന 12%യും 28%യും നിരക്കുകൾ പൂർണമായും ഒഴിവാക്കി.പുതിയ ഘടന വ്യവസായ സൗഹൃദമായ നികുതി സംവിധാനത്തിലേക്കുള്ള വലിയ ചുവടുവെയ്പ്പായി വിലയിരുത്തപ്പെടുന്നു.
നാല് അടിത്തറകളിൽ പണിത ‘ജിഎസ്ടി 2.0’
പുതിയ നികുതി പരിഷ്കാരം നാലു പ്രധാന തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് രൂപീകരിച്ചത്:
1. ഘടനാപരമായ മാറ്റങ്ങൾ (Structural Changes)
2. നിരക്കുകളുടെ ഏകീകരണം (Rate Rationalization)
3. ജീവിത സൗകര്യം (Ease of Living)
4. വ്യവസായ സൗകര്യം (Ease of Doing Business)
ഈ നാല് തൂണുകളിലൂടെയാണ് ജിഎസ്ടി 2.0 ഇന്ത്യയുടെ സാമ്പത്തിക നികുതി ഭൂപടം പുനർനിർമിക്കുന്നത്.
ജനങ്ങൾക്ക് ആശ്വാസം — അടിസ്ഥാന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും നികുതി ഇളവ്
ജിഎസ്ടി 2.0 പരിഷ്കാരങ്ങൾ അവശ്യവസ്തുക്കൾ, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, കാർഷിക ഉൽപ്പന്നങ്ങൾ, പുനരുപയോഗ ഊർജ്ജം തുടങ്ങിയ മേഖലകളിൽ പരോക്ഷ നികുതി ഭാരം ഗണ്യമായി കുറച്ചു. ഇതിലൂടെ സാധാരണ പൗരന്റെ ജീവിതച്ചെലവിൽ കാതലായ ആശ്വാസം പ്രതീക്ഷിക്കാം.ഭക്ഷണം, കാർഷികം, വളം, കൽക്കരി, ടെക്സ്റ്റൈൽ, ഹെൽത്ത്കെയർ, വിദ്യാഭ്യാസം, പ്രതിരോധ സാമഗ്രികൾ, ഗതാഗതം, ഉപഭോക്തൃ ഇലക്ട്രോണിക്സ്, പേപ്പർ, കളിപ്പാട്ടങ്ങൾ, കായികോപകരണങ്ങൾ, ചെരുപ്പ്, തുകൽ ഉൽപ്പന്നങ്ങൾ, മരം ഉൽപ്പന്നങ്ങൾ, ഹാൻഡിക്രാഫ്റ്റുകൾ, നിർമ്മാണ സാമഗ്രികൾ തുടങ്ങിയ മേഖലകൾക്ക് പുതിയ നിരക്കുകൾ നേരിട്ട് ബാധകമാണ്.
GST പുതുക്കലുകൾ വിപണിയിൽ ആത്മവിശ്വാസം സൃഷ്ടിക്കുന്നു
രാജ്യത്തെ ജിഎസ്ടി പരിഷ്കരണ നടപടികളുടെ തൽഫലങ്ങൾ വിപണിയിൽ വ്യക്തമായി പ്രകടമാകുകയാണ്. ഉപഭോഗ സൂചനകൾ ശക്തി പ്രാപിക്കുന്നതിന്റെ ഏറ്റവും വലിയ തെളിവ് യാത്രാ വാഹന വിപണിയിലെ( two wheeler and motorcar )30- 35% ഉയർച്ച തന്നെയാണ്. പെട്രോൾ ഉപഭോഗം 8% ഉയർന്നപ്പോൾ ഡീസലിന്റെ ഉപഭോഗം 6.7% വർദ്ധിച്ചു . രാജ്യത്തെ വ്യവസായ ചരക്കുനീക്കത്തിന്റെ പൾസ് ആയി കണക്കാക്കുന്ന ഇ-വേ ബിൽ ജനറേഷൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നില സ്പർശിച്ചു.
56-ാം ജിഎസ്ടി കൗൺസിലിന്റെ തീരുമാനം ചരിത്രപരമായത് ഇങ്ങനെ:
• 440 ഉൽപ്പന്നങ്ങളുടെ ജിഎസ്ടി നിരക്കുകൾ പുനഃക്രമീകരിച്ചു
• ഏകദേശം 60% സാധനങ്ങൾ 12%-ൽ നിന്ന് 5%-ലേക്ക് മാറ്റി
• 9% ഉൽപ്പന്നങ്ങൾ 12%-ൽ നിന്ന് NIL നിരക്കിലേക്ക് കുറച്ചു
• 7% ഉൽപ്പന്നങ്ങൾ 28%-ൽ നിന്ന് 18%-ലേക്ക് താഴ്ത്തി
• മറ്റൊരു 12% ഉൽപ്പന്നങ്ങൾ 18%-ൽ നിന്ന് 5%-ലേക്ക് കുറച്ചു
• ഇതോടെ ഉൽപ്പന്നങ്ങളുടെ ശരാശരി ജിഎസ്ടി നിരക്ക് 8%-10% പരിധിയിലേക്ക് എത്തി
നേരത്ത ഉണ്ടായിരുന്ന നാല് നിരക്കുകൾ (5%, 12%, 18%, 28%) ഇപ്പോൾ രണ്ട് നിരക്കുകളാക്കി (5% & 18%) ചുരുക്കിയിരിക്കുന്നു. 12% & 28% സ്ലാബ് പൂർണമായും റദ്ദാക്കിയതും പരിഷ്കാരത്തിന്റെ ഏറ്റവും ശ്രദ്ധേയ ഘടകമാണ്.
• പ്രോസസ്ഡ് ഫുഡുകൾ, നിശ്ചിത വസ്ത്രങ്ങൾ, കാർഷിക യന്ത്രങ്ങൾ, ഹോട്ടൽ സേവനങ്ങൾ എന്നിവയെ 5% നിരക്കിൽ ഉൾപ്പെടുത്തി.
• ട്രാക്ടറുകളുടെ വില കുറഞ്ഞതോടെ ഒക്ടോബർ മാസത്തിലെ വിൽപ്പന 1,73,635 യൂണിറ്റിൽ എത്തി — ചരിത്രത്തിലെ ഏറ്റവും ഉയർന്നത്. ട്രാക്ടറുകൾക്ക് ജിഎസ്ടി 12%ൽ നിന്ന് 5% ആയും, അതിന്റെ സ്പെയർ പാർട്സിന് 18%ൽ നിന്ന് 5% ആയും കുറച്ചതാണ് ഇതിന് പിന്നിൽ.
• ഓട്ടോമൊബൈൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്കുള്ള നികുതി 28%ൽ നിന്ന് 18% ആയി.
• ജീവൻ രക്ഷാ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്ക് Nil അല്ലെങ്കിൽ 5% എന്ന നിലയ്ക്ക് ഗണ്യമായ ഇളവ്.
• തൊഴിൽ സാധ്യത മേഖലകൾ — ഹാൻഡിക്രാഫ്റ്റുകൾ, മാർബിൾ, ഗ്രാനൈറ്റ്, ഇടത്തരം തുകൽ ഉൽപ്പന്നങ്ങൾ എന്നിവയും 12% UM 5% UM ആയി കുറച്ചു.
• ജിം, ബ്യൂട്ടി സലൂൺ, ബാർബർ ഷോപ്പ്, യോഗ സെന്ററുകൾ എന്നിവയ്ക്കും ഇപ്പോൾ 18% പകരം 5% നികുതി.
വില കുറയുന്നതിന് കാരണമായ ഈ നികുതി കുറവ് ഉപഭോഗവും നിയമത്തെ അനുസരിക്കൽ ഉയർത്തി സുതാര്യത വർധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ നിരീക്ഷിക്കുന്നു.
ഇൻഷുറൻസ് മേഖലക്ക് പുതിയ ദിശ
പുതിയ പരിഷ്കാരത്തിലെ ശ്രദ്ധേയ ഘടകങ്ങളിൽ ഒന്നാണ് വ്യക്തിഗത ജീവൻ, ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾക്ക് ജിഎസ്ടി ഒഴിവാക്കിയത്. ഇതിലൂടെ ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ കുറയുകയും, ജനങ്ങളുടെ ഇൻഷുറൻസ് കവറേജ് വർദ്ധിക്കാനുമാണ് സാധ്യത. എന്നാൽ ഇൻഷുറൻസ് കമ്പനികൾക്ക് Input Tax Credit (ITC) ഭാഗികമായി തിരികെ നൽകേണ്ടതായതിനാൽ പ്രവർത്തന ചെലവിൽ ചെറിയ വർദ്ധന ഉണ്ടാകാം. എന്നിരുന്നാലും, ജിഎസ്ടി ഒഴിവാക്കലിന് പിന്നാലെ ഒക്ടോബറിൽ ഹെൽത്ത് കവർ വിൽപ്പന 20% വർദ്ധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നികുതി ലഭ്യതയിലെ താൽക്കാലിക കുറവ്—ദീർഘകാല നേട്ടത്തിൽ കലാശിക്കാം
നിരക്ക് കുറവ് മൂലം രാജ്യത്തുടനീളം ഏകദേശം ₹48,000 കോടി വരുമാനക്കുറവ് ഉണ്ടായേക്കാമെന്നാണ് കണക്കാക്കിയിരിക്കുന്നത് (കേരളത്തിന് ₹8,000 കോടി). എന്നാൽ വർദ്ധിച്ച ഉപഭോഗം അതിനെ നികത്തുമെന്ന് ധാരാളം സാമ്പത്തിക വിദഗ്ധർ നിരീക്ഷിക്കുന്നു.ഇന്ത്യയിൽ 18% സ്ലാബിൽ നിന്നുള്ള ജിഎസ്ടി ശേഖരണം 67%, 28% സ്ലാബിൽ നിന്നും 11% ആണ്. അതായത് ഉയർന്ന നികുതി വിഭാഗങ്ങളിൽ നിന്നുള്ള ശേഖരണം സ്ഥിരതയുള്ള ശക്തി നൽകുന്നു.
ഒക്ടോബർ 2025: ജിഎസ്ടി ശേഖരണത്തിൽ 4.6% മാത്രം- എന്തുകൊണ്ട്?
ഒക്ടോബറിൽ ജിഎസ്ടി ശേഖരണം കാര്യമായി കൂടാതിരുന്നത് താഴെപ്പറയുന്ന കാരണങ്ങളാലാണ്:
• നിരക്കുകൾ സെപ്റ്റംബർ 22-ന് പുനഃക്രമീകരിച്ചതോടെ ഉപഭോക്താക്കൾ വാങ്ങൽ നീട്ടി
• സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വന്ന സൂചനകൾ കൊണ്ട് പ്രതീക്ഷ ഉയർന്നതും ഉപഭോഗം വൈകിയതും
• യഥാർത്ഥ വിൽപ്പന വർദ്ധന ഫെസ്റ്റിവൽ സീസണിലായിരുന്നു
ആതുകൊണ്ട് നവംബർ ശേഖരണം ഒക്ടോബറിലെ വിൽപ്പനയുടെ യഥാർത്ഥ പ്രതിഫലനം ആയിരിക്കും. ഓട്ടോമൊബൈൽ മേഖലയിലെ 35% ഡിമാൻഡ് ജംപ് ഇതിനകം റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.രാജ്യത്തിന് നവംബർ മാസത്തിൽ ₹2 ലക്ഷം മുതൽ ₹2.5 ലക്ഷം കോടി വരെയുള്ള ജിഎസ്ടി ശേഖരണം എത്താനാണ് സാധ്യത. ഡിസംബർ മാസവും ഇത് നിലനിർത്തുകയാണെങ്കിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ശക്തമായ പുനരൂജീവനം തെളിയിക്കുന്ന നാഴികകല്ലായിരിക്കും.
ഉൽപ്പാദന പ്രോത്സാഹനവും MSME ആത്മവിശ്വാസവും
ദേശീയ-അന്താരാഷ്ട്ര വ്യാപാര സാഹചര്യങ്ങളെ നേർ നിന്ന് നേരിടുന്നതിനായി സർക്കാർ:
• MSMEകൾക്ക് ക്രെഡിറ്റ് പരിധി ഉയർത്തി
• 14 മേഖലകളിൽ PLI പദ്ധതി ശക്തിപ്പെടുത്തി
• റീഫണ്ട് പ്രക്രിയ വേഗത്തിലാക്കി,
ഇത് നികുതി ഭരണകൂടത്തിന് ടാക്സ് പേയേഴ്സിൽ ഉള്ള ആത്മവിശ്വാസം വർധിപ്പിക്കുന്നു
വിലക്കുറവ് ഉപഭോക്താവിലേക്ക് എത്തുന്നുണ്ടോ?
54 അവശ്യ ഉൽപ്പന്നങ്ങളിൽ വിലക്കുറവ് ഉപഭോക്താവിന്റെ കൈയിൽ എത്തുന്നുണ്ടോ എന്നത് പരിശോധിക്കാൻ കേന്ദ്ര ധനമന്ത്രാലയം വ്യാപകമായ സർവേകൾ നടത്തുകയാണ്. നിരക്ക് കുറവ് വിപണി സുതാര്യതയും ശുദ്ധമായ മത്സരവും ഉറപ്പാക്കുമെന്നു പ്രതീക്ഷിക്കാം.
ഇൻകം ടാക്സ്: ഉപഭോഗശേഷിയും നിക്ഷേപ പ്രവണതയും മാറ്റുന്ന സാമ്പത്തിക പരിവർത്തനം
(Investment oriented taxation rather than tax oriented investment)
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇൻകം ടാക്സ് അടിസ്ഥാന ഒഴിവാക്കൽ പരിധി വൻ മാറ്റങ്ങൾ കണ്ടു. പത്തുവർഷം മുമ്പ് ₹2.5 ലക്ഷം മാത്രമായിരുന്ന ബേസിക് എക്സംപ്ഷൻ ലിമിറ്റ് ഇന്ന് ₹12 ലക്ഷം ആയി ഉയർന്നിട്ടുണ്ട് (ശമ്പളക്കാരായവർക്ക് പുറമെ ₹75,000 സ്റ്റാൻഡേർഡ് ഡിഡക്ഷൻ കൂടി ലഭ്യമാണ് ). ഇതോടെ ഉപഭോക്താക്കളുടെ ചിലവഴിക്കാവുന്ന വരുമാനം വർദ്ധിച്ചു എന്നതാണ് പ്രധാന സന്ദേശം.
‘ടാക്സ് ബെനഫിറ്റ് നിക്ഷേപം’ മുതൽ ‘നിക്ഷേപ കേന്ദ്രീകൃത നികുതി വ്യവസ്ഥയിലേക്ക്’
നേരത്തെ ഉണ്ടായിരുന്ന നികുതി സമ്പ്രദായം 80 C ഇളവിന് വേണ്ടി വീടുവാങ്ങൽ, LIC, NSC മുതലായ നിർബന്ധിത നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കിൽ, പുതിയ നികുതി സമ്പ്രദായം “മനസ്സിനിഷ്ടമുള്ള നിക്ഷേപവും ഫലപ്രദമായ വരുമാനവും” എന്ന പുതിയ ആശയത്തെ പ്രോത്സാഹിപ്പിക്കുന്നു.ഉദാഹരണത്തിന്:
• മ്യൂച്വൽ ഫണ്ടുകൾ/ഓഹരികൾ എന്നിവയിൽ ദീർഘകാല നിക്ഷേപത്തിലൂടെ ശരാശരി 15%–25% വരുമാനം ലഭിച്ചാൽ,
• അതിന്റെ മേൽ 10% LTCG നികുതി അടച്ചാലും,
• നിക്ഷേപകന്റെ അറ്റാദായം 13.5%–22.5% വരെ ലഭിക്കാം
അതേസമയം 8% ബാങ്ക് ഡെപ്പോസിറ്റ് ഒരു നിക്ഷേപകനെ (30% tax ആണെങ്കിൽ ) 5.6% മാത്രം റിട്ടേൺ മാത്രം നൽകും.ഇത് കൂടുതൽ പണം വിപണിയിൽ ക്രയവിക്രയങ്ങൾക്ക് സഹായിക്കുകയും ഉപഭോഗവും ഇൻഫ്രാസ്ട്രക്ചർ വികസനവും വേഗപ്പെടുത്തുകയും ചെയ്യുന്നു.നികുതി അടക്കുന്നവരുടെ എണ്ണം ഇരട്ടിയായി. ഇന്ത്യയിലെ ടാക്സ് പേയർമാരുടെ എണ്ണത്തിലും വലിയ ഉയർച്ചയുണ്ട്:
• A.Y 2014-15ൽ 5.26 കോടി ആയിരുന്ന ടാക്സ് ഫയലേഴ്സ്
• A.Y 2024-25 ൽ 10.41 കോടി ആയി – 98% വർധന
ഡിജിറ്റൽ സംവിധാനം വ്യാപകമായതും,
• Transparent income statement,
• Prefilled IT returns,
• വേഗത്തിലുള്ള റീഫണ്ടുകൾ, പോലുള്ള ആത്മവിശ്വാസം വളർത്തുന്ന നടപടികൾ ഉയർച്ചയ്ക്ക് കാരണമായി.
JAM ട്രിനിറ്റി – ഡിജിറ്റൽ ഇന്ത്യയുടെ സ്പന്ദനം
ഇന്ന് ജൻധൻ–ആധാർ–മൊബൈൽ (JAM) സംയോജനം ടാക്സേഷൻ സംവിധാനത്തിൽ വലിയ മാറ്റം സൃഷ്ടിച്ചു. ഡിജിറ്റൽ ഫുട്പ്രിന്റ് ഉയർന്നതോടെ സാമ്പത്തിക ഇടപാടുകൾ കൂടുതൽ രേഖാമൂലം, സുതാര്യമായി മാറി.
എന്നാൽ വെല്ലുവിളികൾ തുടരുന്നു
രാജ്യത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയിൽ ജനസംഖ്യയുടെ വെറും 7% മാത്രമാണ് നേരിട്ട് നികുതി അടക്കുന്നത് എന്നത് ആശങ്കാജനകമാണ്.
ടാക്സ് ബേസിൽ പ്രധാനമായിപ്പെടുന്നെങ്കിലും ഇപ്പോഴും പരിധിക്ക് പുറത്തുള്ള വിഭാഗങ്ങൾ:
• കർഷകർ,
• SME മേഖല,
• പ്രവാസികൾ
ഇതിന് പുറമെ, IT റിട്ടേൺ ഫയൽ ചെയ്യുന്നവരിൽ 3ൽ 2 പേർക്ക് ടാക്സ് ബാധ്യത ഇല്ല എന്ന വസ്തുതയും സമ്പത്ത് വ്യവസ്ഥയുടെ ടാക്സ് ബേസിനെ കുറിച്ചുള്ള ഗൗരവമുള്ള ആശങ്കകൾ ഉയർത്തുന്നു.
ഇൻഫ്രാസ്ട്രക്ചർ വിപ്ലവം — സമ്പദ് വ്യവസ്ഥയുടെ പാരിസ്ഥിതിക തൂണുകൾ
സർക്കാരിന്റെ സാമ്പത്തിക ദിശയിൽ ഇൻഫ്രാസ്ട്രക്ചർ വികസനം പ്രധാന മുൻഗണനയാണ്. സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനമാകുന്ന ഈ മേഖലകൾക്ക് കഴിഞ്ഞ വർഷങ്ങളിൽ വലിയ പുനരുജ്ജീവനം ലഭിച്ചു.
• വിമാനത്താവളങ്ങൾ:
ഇന്ത്യയിൽ ഇപ്പോൾ 160-ലധികം പ്രവർത്തനക്ഷമമായ വിമാനത്താവളങ്ങളുണ്ട്. 2014-ൽ 74 ആയിരുന്നതിനോട് താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയിലധികം വളർച്ചയാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വായുമാർഗം ബന്ധിപ്പിക്കാനുള്ള ഉഡാൻ (UDAN) പദ്ധതിയിലൂടെ പ്രാദേശിക സമ്പത്ത് വ്യവസ്ഥയുടെ വളർച്ച വേഗത്തിലാക്കി.
• റോഡ് നിർമ്മാണം:
ഇന്ത്യയിൽ ദിവസേന ശരാശരി 33 കിലോമീറ്റർ റോഡുകൾ നിർമ്മിക്കപ്പെടുന്നു — ലോകത്തിലെ ഏറ്റവും വേഗതയേറിയതിലൊന്ന്. ദേശീയപാതകൾ മാത്രമല്ല, ഗ്രാമീണ റോഡുകൾ, എക്സ്പ്രസ് ഹൈവേകൾ, സാമ്പത്തിക ഇടനാഴികൾ തുടങ്ങിയവയിലൂടെ ഉൽപ്പാദനവും വ്യാപാരവും എളുപ്പമായി.
• റെയിൽവേ:
ഇന്ത്യയുടെ റെയിൽവേ ശൃംഖല 1.15 ലക്ഷം കിലോമീറ്റർ നീളമുണ്ട്. ചരക്ക് ഗതാഗതത്തിനും യാത്രയ്ക്കും സമാന്തരമായി വികസിക്കുന്ന Dedicated Freight Corridors വ്യവസായ നഗരങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നു.
• സോളാർ എനർജി:
ഇന്ത്യയുടെ ഊർജ്ജവികസനത്തിൽ ഏകദേശം 50% വൈദ്യുതി ഉൽപാദനം ഇപ്പോൾ പുതുക്കാവുന്ന സ്രോതസ്സുകളിൽ നിന്നാണ്. 2030 ഓടെ 280 ജിഗാവാട്ട് സൗരോർജ്ജ ഉൽപാദന ശേഷി ലക്ഷ്യമിടുന്നു.
ഈ ഘടകങ്ങൾ ഒക്കെ ചേർന്നാണ് ‘ഇൻഫ്രാസ്ട്രക്ചർ ലെഡ് ഗ്രോത്ത്’ എന്ന പുതിയ സാമ്പത്തിക മാതൃക രൂപപ്പെടുന്നത് — അതായത് നിർമ്മാണം, തൊഴിൽ, ഉൽപ്പാദനം, നിക്ഷേപം എന്നിവ ചേർന്ന വളർച്ചാ പാത.
എം.എസ്.എം.ഇ. മേഖലയ്ക്ക് നയപരമായ പ്രോത്സാഹനം
ചെറുകിട-ഇടത്തരം വ്യവസായങ്ങൾ (MSMEs) സാമ്പത്ത് വ്യവസ്ഥയുടെ ഹൃദയഭാഗമാണ്. 14 മേഖലകളിൽ പ്രൊഡക്ടിവിറ്റി-ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതികൾ നടപ്പിലാക്കിയത് തൊഴിൽ സൃഷ്ടിക്കും ഉൽപ്പാദന വർദ്ധനയ്ക്കും വലിയ പ്രോത്സാഹനമായി.ബാങ്കുകൾക്ക് അധിക വായ്പാ പരിധികൾ അനുവദിച്ചതോടെ ചെറുകിട സംരംഭകർക്ക് പണ ലഭ്യത കൂടി. ഡിജിറ്റലൈസേഷനും ജിഎസ്ടി പാലനവും ചേർന്ന് എളുപ്പത്തിലുള്ള വായ്പാ ലഭ്യത ഉറപ്പാക്കി.
ഓയിൽ & ടാരിഫ് പ്രതിസന്ധി: വിലക്കുറവും വിതരണരീതിയും മാറുന്നു
റഷ്യൻ പെട്രോളിയം ഭീമന്മാരായ Rosneft & Lukoil ഇന്ത്യയുടെ എണ്ണ ആവശ്യങ്ങളുടെ വലിയൊരു ഭാഗം നിറവേറ്റിയിരുന്നതായിരുന്നു. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ ഇവരിൽ നിന്നുള്ള ഓയിൽ സപ്ലൈയിൽ തീവ്ര ഇടിവ് രേഖപ്പെടുത്തപ്പെട്ടു. അതിന്റെ പ്രധാന കാരണം — മുമ്പ് ലഭിച്ചിരുന്ന 18–20 ഡോളർ/ബാരൽ വരെയുള്ള വിലക്കുറവ് ഇപ്പോൾ 5 ഡോളർ മാത്രം എന്ന നിലയിലേക്ക് ചുരുങ്ങിയതാണ്.ഈ മാറ്റം ഇന്ത്യയെ പുതിയ പെട്രോളിയം ഉറവിടങ്ങളിലേക്ക് തിരിയാൻ നിർബന്ധിതമാക്കുന്നു.
ഇപ്പോൾ ഇന്ത്യക്ക്, പകരമായി എണ്ണ ഇറക്കുമതി ചെയ്യാൻ സാധ്യത പരിശോധിക്കുന്ന രാജ്യങ്ങൾ:
• UAE – 29% വളർച്ച
• Angola – 73%
• Colombia – 59%
• USA – 11%
ഇതിനൊപ്പം Nigeria, Libya, Türkiye, Egypt എന്നിവയും പുതിയ പ്രധാന വിതരണക്കാരായി ഉയർന്ന് വരുന്നു. എണ്ണവില, ജിയോ-പോളിറ്റിക്കൽ മാറ്റങ്ങൾ, റഷ്യ–യുക്രെയിൻ സംഘർഷത്തിന്റെ വ്യാപ്തി എന്നിവയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ എനർജി സുരക്ഷാ തന്ത്രം കൂടുതൽ വൈവിധ്യമാർന്നതും സൂക്ഷ്മവുമായ മാതൃകയിലേക്ക് മാറുന്നു.
രജിസ്ട്രേഷനും കംപ്ലയൻസും : ഭാവിയിലെ ബിസിനസ് വളർച്ചയുടെ നിർണായക അടിത്തറ
ഭാവിയിലേക്കുള്ള ഇന്ത്യൻ വിപണി പൂർണ്ണമായും ഡിജിറ്റൽ സാമ്പത്തിക മാതൃകയിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിനാൽ രജിസ്റ്റർ ചെയ്ത ഡീലർമാർക്ക് എപ്പോഴും മുൻതൂക്കം ലഭിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ നിരീക്ഷിക്കുന്നു. ഇന്ത്യയിലെ പ്രധാന സാമ്പത്തിക ഇടപാടുകൾ എല്ലാം ഇന്നത്തെ സാഹചര്യത്തിൽ incomeTax network ൽ നേരിട്ട് പ്രതിഫലിക്കുന്നതിനാൽ ₹40 ലക്ഷം/₹20 ലക്ഷം ത്രെഷോൾഡിനപ്പുറം പ്രവർത്തിക്കുന്ന ഏതു സ്ഥാപനത്തിനും GST രജിസ്ട്രേഷൻ അനിവാര്യമാണ്.
ബാങ്കിംഗ്, ലോൺ, MSME– എല്ലാ വഴികളും ജിഎസ്ടി കംപ്ലയൻസിലേക്ക്
MSME ലോണുകൾ, മുദ്ര ലോണുകൾ, മറ്റു ധനകാര്യ സഹായങ്ങൾ— ഏത് ബാങ്കിംഗ് സൗകര്യവും ലഭിക്കുവാൻ GST രജിസ്ട്രേഷനും സ്ഥിരമായ കംപ്ലയൻസും ഇപ്പോൾ നിർണായക മാനദണ്ഡങ്ങളാണ്. അതോടൊപ്പം ഇൻകം ടാക്സ് നിയമം ₹10,000/- മുതൽ മുകളിലുള്ള കാഷ് പേയ്മെന്റ് നിരുത്സാഹപ്പെടുത്തുന്ന സാഹചര്യത്തിൽ എല്ലാ ഇടപാടുകളും രേഖാമൂലം നടത്തേണ്ടത് നിർബന്ധമായി മാറുന്നു.
ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യതയും ബിസിനസ് വളർച്ചയും
ശരിയായ രജിസ്ട്രേഷൻ & കംപ്ലയൻസും തുടരുന്നതിലൂടെ ബിസിനസുകൾക്ക്:
• ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) ലഭിക്കും
• വിപണി വിപുലീകരണം എളുപ്പമാകും
• വിശ്വാസ്യതയും സാമ്പത്തിക സുതാര്യതയും വർദ്ധിക്കും
ഇത് ചെറുകിട–ഇടത്തരം സ്ഥാപനങ്ങൾക്കും വലിയ വളർച്ചാ സാധ്യതകളിലേക്ക് കടക്കാൻ സഹായിക്കുന്നു.
GST 2.0 – ഉപഭോഗ സാധ്യതകളുടെ വാതിൽ തുറക്കുന്നു
പുതിയ നിരക്കുകളും പരിഷ്കരണങ്ങളും ഉൾക്കൊള്ളുന്ന GST 2.0 ഇന്ത്യയിലെ ഉപഭോക്താക്കളുടെ യഥാർത്ഥ ഉപഭോഗ ശേഷി തുറന്നു വിട്ടുവെന്നാണ് നിരീക്ഷണം. ഇതോടൊപ്പം ഇൻകം ടാക്സ് അടിസ്ഥാന ഒഴിവാക്കൽ പരിധി വർധനയും ഉപഭോഗ വളർച്ചയ്ക്ക് ഇരട്ട പ്രോത്സാഹനം നൽകുന്നുണ്ട്.അടുത്ത മാസങ്ങളിലെ കൃത്യമായ ശേഖരണ കണക്കുകൾ ലഭിക്കുമ്പോൾ വിപണി വളർച്ചയും ഉപഭോഗ പുനരുജ്ജീവനവും കൂടുതൽ വ്യക്തമായി വിലയിരുത്താനാകും.
ഇന്ത്യയുടെ ഇൻകം പിരമിഡിൽ വലിയ മാറ്റം: ആവശ്യകതയിൽ നിന്ന് ആഗ്രഹങ്ങളിലേക്കുള്ള ഉപഭോഗ യാത്ര
Franklin Templeton പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ഇൻകം പിരമിമിഡ് വലിയൊരു രൂപാന്തരം അനുഭവിക്കുന്നുണ്ട്. 2010-ൽ 11.1% ആയിരുന്ന ഉയർന്ന മധ്യവർഗ്ഗവും സമ്പന്നവുമായ കുടുംബങ്ങളുടെ പങ്ക് (Upper Middle & Rich Households) 2035-ഓടെ ഏകദേശം 24% ആയി ഉയരുമെന്നാണ് പ്രവചനം. ഇത് ഏകദേശം നാല് കുടുംബങ്ങളിൽ ഒന്ന് എന്ന നിലയിൽ ഉയർന്ന Discretionary spending ( സ്വമേധയ ചെലവാക്കുന്ന ശേഷി ) കൈവശം വയ്ക്കുമെന്ന് സൂചിപ്പിക്കുന്നു.
ആവശ്യങ്ങളിൽ നിന്ന് ലൈഫ് സ്റ്റൈൽ ഉൽപ്പന്നങ്ങളിലേക്ക് ഉപഭോഗ വ്യതിയാനം
താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളുടെ വരുമാന വർദ്ധനവ് പലതരം ഉപഭോഗ മാറ്റങ്ങൾക്കുള്ള വഴിയാണ് തുറക്കുന്നത്.
• പ്രതിശീർഷ വരുമാനം (PCI) 2010-ൽ $1360 ആയിരുന്നെങ്കിൽ,
• FY 2025-ൽ $2600 ആയി ഉയർന്നു. 2030 ഓടെ $ 5000 പ്രതീക്ഷിക്കുന്നു.
ഇതോടെ ഇന്ത്യയിലെ ഉപഭോഗം അവശ്യ ഉൽപ്പന്നങ്ങളിൽ നിന്ന് ലൈഫ് സ്റ്റൈൽ ഉൽപ്പന്നങ്ങളിലേക്ക് മാറുക സ്വാഭാവികം.Non-essential consumption 36% ൽ നിന്നും 43% ആയി ഉയരാൻ സാധ്യതയുണ്ട്.
ആഗ്രഹങ്ങൾ തീരുമാനിക്കും വിപണിയുടെ ദിശ
ഇന്ത്യയുടെ വളർച്ചാ പാതയിലുണ്ടാകുന്ന മാറ്റം വ്യക്തമാക്കുന്ന കാര്യമാണ്—ഇനി വളർച്ച Necessity-led demand അല്ല, മറിച്ച് Aspiration-led demand ആണ് നയിക്കുന്നത് എന്നത്.വിശാലമായ affluent consumer base ആണ് ഈ മാറ്റത്തിന്റെ ഊർജം.
GST 2.0 – ഉപഭോഗ മാറ്റത്തിന് പ്രേരകശക്തി
മുമ്പ് പറഞ്ഞതുപോലെ, GST 2.0 “ഉപഭോഗത്തിൽ മാറ്റം വരുത്താനുള്ള ഒരു നിർണായക വഴിത്തിരിവായി മാറാനുള്ള സാധ്യത വർദ്ധിച്ചു .”വിലക്കുറവ്, സുതാര്യത, വിപണി ശുദ്ധീകരണം എന്നിവ ഉപഭോഗ ശേഷി കൂടുതൽ ശക്തിപ്പെടുത്തും.
Article written by CA. Madhukuttan Pillai K. B.

