ഒരു പുതിയ സംരംഭം ആരംഭിക്കുന്നത് ഒരു ആശയം മാത്രം യാഥാർത്ഥ്യമാക്കുന്നതല്ല; അത് പലപ്പോഴും വർഷങ്ങളായി മനസ്സിൽ വളർന്നു വന്ന ഒരു സ്വപ്നത്തിന്റെ സാക്ഷാൽക്കാരമാണ്. ആ സ്വപ്നം വിജയത്തിലേക്കെത്താൻ സ്ഥിരതയോടെയുള്ള പരിശ്രമത്തിനൊപ്പം നിയമപരമായ അറിവും ശാസ്ത്രീയമായ ക്രമീകരണവുമാണ് നിർണായകം. മൂലധനം, തൊഴിലാളികൾ, പ്രവർത്തനശേഷി എന്നിവയ്ക്കൊപ്പം സംരംഭം നിയമപരമായി ശരിയായ വഴിയിലൂടെ പോകുന്നുവോ എന്നതും ബിസിനസിന്റെ അടിസ്ഥാനശക്തിയാണ്.
രജിസ്ട്രേഷനും പ്രാഥമിക അനുമതികളും
ഒരു സ്ഥാപനമാരംഭിക്കുമ്പോൾ അത് പ്രൈവറ്റ് ലിമിറ്റഡ് ആയാലും പാർട്ണർഷിപ്പ് ആയാലും സോള്പ്രൊപ്രൈറ്റർഷിപ്പ് ആയാലും കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കീഴിൽ രജിസ്റ്റർ ചെയ്യണം. അതോടൊപ്പം തദ്ദേശഭരണ സ്ഥാപനത്തിൽ നിന്ന് ലൈസൻസ് എടുക്കണം. ഇത് നിയമ പരമായും പ്രവർത്തനപരമായും സ്ഥാപനത്തെ അംഗീകരിക്കുന്ന ഒരു അടിസ്ഥാന ഘട്ടമാണ്.
തൊഴിൽ വകുപ്പ് ലൈസൻസ് — നിർബന്ധമായ നടപടിക്രമം
സംരംഭത്തിനുള്ള തൊഴിൽ വകുപ്പിന്റെ ലൈസൻസിനായി ലേബർ ഓഫീസുകളിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സ്ഥാപനത്തിൽ ഒരു തൊഴിലാളി പോലും ഇല്ലെങ്കിലും ഈ ലൈസൻസ് നിർബന്ധമാണ് എന്നതാണ് പലരും മറക്കുന്ന സത്യം. നിയമം സ്ഥാപനം പ്രവർത്തനക്ഷമമായ ദിവസത്തിൽ നിന്നുതന്നെ ഈ രേഖ വേണമെന്ന് വ്യക്തമാക്കുന്നു.
തൊഴിലാളി ബന്ധങ്ങൾ — നിയമ നിർദേശങ്ങളുടെ അടിസ്ഥാനം
തൊഴിലാളികളെ നിയമിക്കുന്നതോടെ കേരള തൊഴിലാളി ക്ഷേമനിധിയിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. തൊഴിലാളിയുടെയും തൊഴിൽദാതാവിന്റെയും മാസാന്ത വിഹിതങ്ങളും കൃത്യമായി അടയ്ക്കണം. ഇതോടൊപ്പം:
• തൊഴിലാളികളുടെ ശമ്പളത്തിന് അനുസരിച്ച് തൊഴിൽ നികുതി വർഷത്തിൽ രണ്ട് തവണ അടയ്ക്കണം.
• ഇൻകം ടാക്സ് പരിധിയിൽ വരുന്ന തൊഴിലാളികളുടെ നികുതി മാസംതോറും കുറവ് ചെയ്ത് അടയ്ക്കണം.
• കെട്ടിടനികുതി കെട്ടിടമുടമ കൃത്യമായി അടക്കുന്നുണ്ടോയെന്ന് ഉറപ്പ് വേണം—വര്ഷാവര്ഷ ലൈസന്സ് പുതുക്കലില് ഇത് സമര്പ്പിക്കേണ്ടതാണ്.
ശമ്പളവും അടിസ്ഥാന അവകാശങ്ങളും
തൊഴിലാളികളുടെ ശമ്പളം അടുത്ത മാസം ഏഴാം പ്രവൃത്തി ദിവസത്തിനകം നൽകണമെന്ന് നിയമം നിർദേശിക്കുന്നു. കൂടാതെ, അടിസ്ഥാന ശമ്പളം + ഡിയറൻസ് അലവൻസ് ഉൾപ്പെടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം നൽകണം.
ESI, EPF — സംരംഭകന്റെ സാമൂഹിക ഉത്തരവാദിത്തം
• തൊഴിലാളികൾ 10 പേർ ആകുമ്പോൾ ESI പരിരക്ഷ നൽകണം. നിർമ്മാണ തൊഴിലാളികൾ മുതൽ കരാർ തൊഴിലാളികൾ വരെ എല്ലാവരെയും ഇതിൽ ഉൾപ്പെടുത്തേണ്ടതാണ്.
• 20 തൊഴിലാളികൾ ആകുമ്പോൾ EPF രജിസ്ട്രേഷനും നിക്ഷേപവും നിർബന്ധമാണ്. തൊഴിലാളികൾ 20ൽ താഴെയാണെങ്കിലും സ്വമേധയാ EPF നടപ്പാക്കാൻ വ്യവസ്ഥയുണ്ട്.
പുതിയ സർക്കാർ പദ്ധതികൾ
ESI രെജിസ്ട്രേഷൻ എടുക്കാനോ മെമ്പേഴ്സിനെ ചേർക്കാനോ കഴിഞ്ഞിട്ടില്ലാത്തവർക് പിഴയില്ലാതെ രജിസ്ട്രേഷൻ ചെയ്യാനായി SPREE 2025 പദ്ധതി കേന്ദ്ര തൊഴിൽ മന്ത്രാലയം നടപ്പാക്കിക്കൊണ്ടിരിക്കുന്നു. കൂടാതെ പ്രൊവിഡന്റ് ഫണ്ടിൽ തൊഴിലാളികളെ ചേർക്കാത്തവർക്ക് 100 രൂപ പിഴ അടച്ച് രജിസ്റ്റർ ചെയ്യാനുള്ള അവസരവും ലഭ്യമാണ്.
ബോണസ്, ഗ്രാറ്റുവിറ്റി, മാതൃത്വാനുകൂല്യം
• ബോണസ് ആക്ട് പ്രകാരം തൊഴിലാളികൾക്ക് അർഹമായ ബോണസ് നൽകണം. പെർഫോമൻസ് ഇൻസന്റീവ് പോലുള്ള ആശയങ്ങളുമായി ഇത് കൂട്ടിക്കലർത്താനാവില്ല.
• അഞ്ച് വർഷം സേവനം പൂർത്തിയാക്കി പിരിയുന്ന തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നിർബന്ധമായി നൽകണം.
• സ്ത്രീ തൊഴിലാളികൾക്ക് മാതൃത്വാനുകൂല്യങ്ങൾ, ശമ്പളത്തോടെയുള്ള അവധികൾ എന്നിവ നിയമപരമാണ്.
അവധി, ജോലി സമയം, ഓവർടൈം
• ആറു തൊഴിൽ ദിവസങ്ങൾക്കുശേഷം ഒരു അവധി നൽകണമെന്നതാണ് നിയമം.
• ഒരുദിവസം 8 മണിക്കൂറിൽ കൂടുതൽ ജോലിയെടുത്താൽ ഓവർടൈം വേതനം നൽകണം. ഇതിന് നിർദ്ദിഷ്ട പരിധികളും കണക്കുകളും ഉണ്ട്.
• സിക്ക് ലീവ്, കാഷ്വൽ ലീവ്, പൊതു അവധികൾ എന്നിവയും നൽകണം.
സുരക്ഷയും ആഭ്യന്തര സമിതികളും
തൊഴിലിടങ്ങളിലെ പ്രശ്നങ്ങളും പരാതികളും പരിഹരിക്കാനുള്ള ആഭ്യന്തര സമിതികൾ രൂപീകരിക്കണം. പ്രത്യേകിച്ച് തൊഴിലിടങ്ങളിലെ സ്ത്രീകളോടുള്ള ലൈംഗിക അതിക്രമങ്ങൾ തടയാനും പരാതികൾ പരിഹരിക്കാനും POSH കമ്മിറ്റി നിർബന്ധമാണ്.
രേഖസംരക്ഷണം — നിയമ പാലനത്തിനുള്ള തെളിവ്
എല്ലാ നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ആവശ്യമായ രേഖകൾ സുരക്ഷിതമായി സൂക്ഷിക്കണം. ബന്ധപ്പെട്ട അധികാരികൾ ആവശ്യപ്പെട്ടാൽ ലേബർ ഓഫീസുകളും ബന്ധപ്പെട്ട വകുപ്പുകളും മുന്നിൽ ഹാജരാക്കേണ്ടതുണ്ട്.
Article written by G. Manoj Kumar,CEO – Vple HR India Pvt. Ltd.

