വിജയിച്ച സംരംഭകർ എവിടെ നിന്നാണ് തുടക്കം കുറിക്കുന്നത്? എല്ലാവർക്കും ഒരേ പോലെ വഴങ്ങുന്ന ഒരു മറുപടി മാത്രം— “പ്രതിസന്ധികളിൽ നിന്ന്”. ഒരുനിമിഷം പോലും വഴങ്ങാതെ, ജീവിതം മുന്നിൽ നിർത്തുന്ന വെല്ലുവിളികളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി മാറ്റുന്നവരാണ് യഥാർത്ഥ സംരംഭകർ. ഇന്ന് ഇന്ത്യയിലെ ബിസിനസ് ലോകത്തേക്ക് നോക്കുമ്പോൾ ധാരാളം എംഎസ്എംഇ – സ്റ്റാർട്ടപ്പ് സംരംഭങ്ങൾ പടർന്നു പന്തലിക്കുന്നുണ്ട് . പക്ഷേ അവരുടെ ഇടയിൽ നിന്ന് വളരെ കുറച്ച് പേർക്ക് മാത്രമാണ് ആഗോളതലത്തിൽ ശ്രദ്ധ നേടാൻ കഴിഞ്ഞത്. അത്തരത്തിൽ ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലേക്ക് സ്വന്തം പേര് കൊത്തിവെച്ച മലയാളി വനിതാ സംരംഭകയാണ് ജയശ്രീ മധു, അവരുടെ ബ്രാൻഡ് — ആമോദിനി ഇന്ത്യ.
ആമോദിനി ഇന്ത്യ — സന്തോഷം പകരുന്ന ഒരു സംരംഭത്തിന്റെ കഥ
സംസ്കൃതത്തിൽ ‘സന്തോഷവതിയായ സ്ത്രീ’ എന്നർത്ഥം വരുന്ന പേരാണ് ആമോദിനി. സുഹൃത്തുക്കളുടെ പിന്തുണയോടെ 2020-ൽ കോവിഡ് മഹാമാരിക്ക് തൊട്ടുമുൻപ്, പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഒരു സോഷ്യൽ–ഡിജിറ്റൽ പ്ലാറ്റ്ഫോം എന്ന നിലയിലാണ് ഈ സംരംഭം ആരംഭിക്കുന്നത്.
പക്ഷേ ലോകം തന്നെ നിശ്ശബ്ദമായ സാഹചര്യത്തിൽ, ചെറിയ സംരംഭങ്ങൾ ഒട്ടുമിക്കതും തളർന്ന് നിന്നപ്പോഴും, ആമോദിനിയും വലിയ പ്രതിസന്ധിയിലേക്കാണ് വീണത്. എന്നാൽ ജയശ്രീ പിന്മാറുന്നവരിൽ പെട്ട ഒരാളല്ല. വീട്ടിലും പരസരത്തും ഉണ്ടായിരുന്ന ലഭ്യമായ തൊണ്ട് ,ചാണകം,വീട്ടിൽ ഉണക്കിയ കുടംപുളി തുടങ്ങി ചെറിയ സാധനങ്ങൾ പോലും ഓൺലൈനിലൂടെ വിറ്റ് വരുമാനം കണ്ടെത്തി. ആ പരിശ്രമം ഫലം കണ്ടതോടെ കൂടുതല്‍ സേവനങ്ങളിലേക്കും ഉല്‍പ്പന്നങ്ങളിലേക്കും ആമോദിനി ഇനിയും വളരുമെന്ന് ജയശ്രീ ഉറപ്പിച്ചു.
ആ സമയത്ത് കൂടെയുണ്ടായ സ്ത്രീ സംരംഭകരുടെ ജീവിതം പിടിച്ചുനിർത്താൻ ഡിജിറ്റൽ മേഖലയിലെ കൂടുതൽ സാധ്യതകൾ പ്രയോജനപ്പെടുത്തി മുന്നോട്ട് നീങ്ങി.ഈ പരിശ്രമവും പ്രതിജ്ഞയും ആമോദിനിയെ പിന്നീടുള്ള വളർച്ചയിലേക്ക് നയിച്ചു.
ജീവിതം മാറ്റിമറിച്ച പ്രതിസന്ധി
ഏതൊരു സ്റ്റാര്‍ട്ടപ്പ് ബിസിനസ് പോലെയും സാമ്പത്തിക പ്രതിസന്ധി ആമോദിനിക്ക് വലിയ കടമ്പ തന്നെയായിരുന്നു. കോവിഡിനു മുമ്പ് എടുത്ത ലോണ്‍ ജപ്തിയിലെത്തി നില്‍ക്കുകയാണ്. കോവിഡ് മാഞ്ഞ് തുടങ്ങുമ്പോള്‍ നിത്യജീവിതത്തിനുള്ളതല്ലാതെ ലോണ്‍ തിരികെ അടയ്ക്കാന്‍ ഒരു രൂപ പോലും മാറ്റി വയ്ക്കാനില്ലാതിരുന്ന കാലഘട്ടം. ആമോദിനിയെ വിശ്വസിച്ച് പലരും അതിന്റെ ഭാഗമായി ആയിരക്കണക്കിന് കുടുംബങ്ങളില്‍ ആമോദിനിയിലൂടെ വരുമാനമെത്തുന്നു. എന്നാല്‍ എന്താണ് അടുത്ത നിമിഷം ഉണ്ടാകുന്നതെന്നറിയാത്ത അവസ്ഥ, വീട് ജപ്തി ചെയ്താല്‍ മുഴുവന്‍ പൂട്ടിക്കെട്ടി എവിടേക്കെങ്കിലും പലായനം ചെയ്താലോ എന്ന് പോലുമായി ജയശ്രീയുടെ ചിന്ത.
ഇത്തരം സമ്മർദ്ദത്തിൽ, ബിസിനസ്സ് ഏറ്റെടുക്കാമെന്ന് പറഞ്ഞ് കോടികളുടെ വാഗ്ദാനങ്ങളും ജയശ്രീക്കെത്തി —
കുമരകത്തെ ഗ്രാമപ്രദേശത്ത് നിന്നും രാജ്യാന്തര മാര്‍ക്കറ്റിലേക്കെത്തിയ തന്റെ ബ്രാന്ഡിനെക്കുറിച്ചറിഞ്ഞ് അങ്ങനെ വലിയ സംരംഭകര്‍ അടുത്തെത്തി. ബിസിനസ് പൂര്‍ണമായും അവര്‍ക്ക് കൈമാറിയാല്‍ നാലു കോടിയോളം രൂപയായിരുന്നു ആമോദിനിക്ക് ലഭിക്കുക.എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥ. ഏതൊരാളും വീടു പോകാതെ ആ പണവും കൈപ്പറ്റി സ്വന്തം വായ്പയും അടച്ച് സ്വസ്ഥമാകും. എന്നാല്‍ ജയശ്രീക്ക് തന്റെ പ്രസ്ഥാനത്തെക്കുറിച്ച് അങ്ങനെയൊരുകാര്യം ചിന്തിക്കാനേ കഴിയുമായിരുന്നില്ല.
മെട്രോമാൻ ചോദിച്ച ചോദ്യമാണ് വഴികാട്ടി
ഇടറുന്ന മനസ്സോടെ ജയശ്രീ, ജീവിതത്തിൽ എന്നും ആരാധനയായിരുന്ന മെട്രോമാൻ ഇ. ശ്രീധരനെ സമീപിച്ചു.സ്ഥിതി വിശദീകരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:
“മറ്റു മാർഗമില്ലെങ്കിൽ വിറ്റോളൂ.”
ആ മറുപടി ജയശ്രീയെ തളർത്തി. പക്ഷേ ഇറങ്ങിപ്പോകുന്ന നേരത്ത് മെട്രോമാൻ ശ്രീധരൻ ചോദിച്ച ഒരു ചോദ്യം മാത്രം ആമോദിനിയുടെയും ജയശ്രീയുടെയും ജീവിതം മുഴുവൻ മാറ്റി എഴുതിച്ചു:
“കോടികൾ നൽകി കടം തീർത്ത് സ്വസ്ഥമാകുമ്പോൾ ആമോദിനി അവസാനിക്കും.
പക്ഷേ പോരാടിയാൽ? ആമോദിനി നൂറുകോടി വനിതകൾക്ക് പുതുജീവിതം കൊടുക്കാൻ ശേഷിയുള്ള ഒരു പ്രസ്ഥാനമാകും.”
ആ വാക്കുകൾ കേട്ട് ജയശ്രീ തീരുമാനിച്ചു—
“ഇത് എന്റെ വീഴ്ചയല്ല… പുതിയ തുടക്കമാണ്.”
കൂടുതല്‍ കടമെടുത്തും ക്രൗഡ് ഫണ്ടിംഗ് മാതൃകയില്‍ വ്യക്തിപരമായി പണം സ്വരൂപിച്ചു ജപ്തി ഒഴിവാക്കി തല്ക്കാലം പിടിച്ചു നിന്നു. വീണ്ടും ചുവടുവെച്ച് മുന്നേറി. ഇന്ന് ആമോദിനിയുടെ സാന്നിധ്യം ഇന്ത്യയിൽ മാത്രമല്ല—സിംബാബ്വെ, നമീബിയ, ഉഗാണ്ട, ടാൻസാനിയ, സൗദി അറേബ്യ, ദുബായ്, ഫിൻലാൻഡ് എന്നിവിടങ്ങളിലേക്ക് വ്യാപിച്ച് കഴിഞ്ഞു.കേരളത്തിലെ വീടുകളില്‍ നിന്നുമെത്തുന്ന ഉല്‍പ്പന്നങ്ങള്‍ക്കും വാല്യു ആഡഡ് പ്രോഡക്റ്റ്സിനും ഗ്ലോബല്‍ കണക്റ്റ് ആണ് ആമോദിനി എന്ന ബ്രാന്‍ഡും ജയശ്രീയും.
ഇന്ത്യയുടെ ഗ്രാമങ്ങളിലൂടെ കണ്ട ആശയങ്ങളും അവസരങ്ങളും
വനിതാ സംരംഭകർക്ക് പരിശീലനം നൽകുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ജയശ്രീ ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. അതിലൂടെ പുതിയ ആശയങ്ങളും പ്രവണതകളും പരിചയപ്പെട്ടതോടൊപ്പം, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായുള്ള ഇടപെടലുകളും ആമോദിനിയുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു.
അത് ജയശ്രീ വിവരിക്കുന്നത് ഇങ്ങനെയാണ് ”മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് തുടങ്ങിയ പദ്ധതികളില്‍ ഭാഗമായി നിന്നതിനാല്‍ തന്നെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി സംവദിക്കാനും ഗുരുതുല്യനായ അദ്ദേഹത്തിന്റെ പ്രോത്സാഹനങ്ങളും അവസരങ്ങളും എന്നെ തേടി എത്താനും അവസരം ലഭിച്ചു. ”Bring the Cup Home” എന്ന ക്യാമ്പെയിനിലൂടെ ആമോദിനിയുടെ മെന്‍സ്ട്രല്‍ കപ്പ് ഗ്രാമങ്ങളിലേക്കെത്തുന്നത് അങ്ങനെയാണ്. പിന്നീട് സംരംഭത്തിലെ ഓരോ ചുവടുവയ്പും അദ്ദേഹത്തിന്റെ പ്രോത്സാഹനവും അനുഗ്രഹവും കൂടിയാണ് മുന്നോട്ടുപോകാൻ സഹായിക്കുന്നത് എന്നും ജയശ്രീ പറയുന്നു.
കേരളത്തിൽ ഒരു പുതിയ ആശയം—ദേശീയ നിലവാരമുള്ള “പ്രാദേശിക രുചി കിയോസ്കുകൾ”
ആമോദിനി ഇപ്പോൾ അവതരിപ്പിക്കുന്ന ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് —
കേരളത്തിലെ ഓരോ ജില്ലയിലും, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾ പമ്പുകളിൽ “വനിതാ സംരംഭകർ പ്രോത്സാഹിപ്പിക്കുന്ന ഫുഡ് കിയോസ്കുകൾ.”
പുത്തന്‍ ആശയങ്ങളാണ് ആമോദിനിയുടെ കരുത്ത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പുതിയൊരു ആശയവുമായി കടന്നു വരികയാണ് ഇപ്പോള്‍ ആമോദിനി. ഒരു പ്രദേശത്തെ ജനങ്ങള്‍ക്ക് അവരുടെ വീട്ടില്‍ തന്നെ നിര്‍മിക്കാന്‍ കഴിയുന്ന ഗുണമേന്മയുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളെ രാജ്യാന്തര നിലവാരത്തോടെ വളരെ പ്രൊഫഷണലായി വില്ക്കാന് കഴിയുന്ന സ്ഥലം, അതൊരുക്കുകയാണ് ആമോദിനി. അതിനായി കേരളത്തിലെ എല്ലാ ജില്ലയിലെയും ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് പെട്രോള്‍ പമ്പുകളില്‍ കിയോസ്ക് സ്ഥാപിക്കുവാനുള്ള കേന്ദ്രാനുമതി നേടിയിരിക്കുകയാണ് ആമോദിനി ഗ്രൂപ്പ്. കിയോസ്ക് നിര്‍മാണമുള്‍പ്പെടെ എല്ലാവിധ സേവനങ്ങളും ഉല്‍പ്പന്നങ്ങളും ഇതിനായി ഒരുക്കുന്നതും വനിതാ സംരംഭകര്‍ തന്നെ. ആമോദിനി ഇനി രാജ്യാന്തര നിലവാരത്തിലേക്കാണ് ഒപ്പമുള്ള സംരംഭകരെയും ഉയര്‍ത്തുന്നത്.
ഓരോ ജില്ലകളിലെയും തനത് രുചികള്‍ ടേക്ക് എവേ സ്റ്റൈലില്‍ അവതരിപ്പിക്കുന്ന കിയോസ്കുകളിലൂടെ വനിതാ സംരംഭകരുടെ അച്ചാറും മറ്റുല്പ്പന്നങ്ങളുമെല്ലാം വില്‍ക്കാനാണ് പദ്ധതി. വരാനിരിക്കുന്നത് ധാരാളം പേരെ തേടിയെത്തുന്ന അവസരമാണെന്നാണ് ആമോദിനി ടീം പറയുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ശക്തി പകരുന്നതും കൂടെ നിൽക്കുന്നതും സുഹൃത്തുക്കളായ ദിനുവും അരവിന്ദും ആണെന്നുമാണ് ഈ യുവ സംരംഭക വ്യക്തമാക്കുന്നത്.
വനിതകൾക്ക് വേണ്ടി ഉയർത്തിയ ഒരു പ്രസ്ഥാനം
ജയശ്രീയുടെ അഭിപ്രായം വളരെ ലളിതമാണ്: “അവസരങ്ങൾ വരാൻ കാത്തിരിക്കുന്നതിലല്ല ,വരുന്ന അവസരങ്ങളെ ശരിയായി ഉപയോഗിക്കുമ്പോഴാണ് വിജയമുണ്ടാകുന്നത്.”
ആമോദിനി ഇന്ന് ഒരു ബ്രാൻഡിൽ നിന്ന് ഒരു വനിതാ പ്രസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്.സംരംഭകത്വം, താൽപര്യം, പരിശീലനം, വിപണി, ഡിജിറ്റൽ മോഡൽ—എല്ലാം ഒരുമിച്ചൊരുക്കി സാധാരണ വീട്ടമ്മമാരെ തന്നെ മൈക്രോ എന്റർപ്രണേഴ്സ് ആക്കുന്ന ഒരു മാതൃക.
കുമരകത്തെ ഒരു ഗ്രാമത്തിൽ നിന്ന് തുടങ്ങി, ലോകത്തിന്റെ പല രാജ്യങ്ങളിലേക്കും ഉൽപ്പന്നങ്ങൾ എത്തിക്കുന്ന ഒരു ഗ്ലോബൽ ബ്രാൻഡാകുന്നത് .അത് ഒരുദിവസം പിറന്ന അത്ഭുതമല്ല. പ്രതിസന്ധിയെ തോൽപ്പിച്ച ഉറച്ച മനസ്സിന്റെ ഫലമാണ്.ആമോദിനി ഇന്ത്യ ഒരു ബ്രാൻഡിനപ്പുറം പ്രതിസന്ധിയെ മറികടന്ന് ഉയരുന്ന വനിതാ ശക്തിയുടെ പേരാണ്.ജയശ്രീ മധു അതിന്റെ ജീവനുള്ള തെളിവാണ്.

