കെവൈസിക്ക് പുതിയ മുഖം: ഉപഭോക്തൃബുദ്ധിമുട്ടുകൾക്ക് ആശ്വാസമായി സി–കെവൈസി

ഇന്ത്യയിലെ സാധാരണ ഉപഭോക്താവിന് ഇന്ന് ഏറ്റവും അധികം തലവേദന സൃഷ്ടിക്കുന്ന പ്രക്രിയകളിൽ ഒന്നാണ് കെവൈസി — Know Your Customer. പേര്, മേൽവിലാസം എന്നിവയിൽ വന്നുചേരുന്ന ചെറിയ തെറ്റുകൾ മുതൽ, അവ തിരുത്താനുള്ള സങ്കീർണ്ണ നടപടിക്രമങ്ങൾവരെയെല്ലാം ഇത് ഉൾക്കൊള്ളുന്നു. ബാങ്കുകളിലും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലും ഓരോ ഇടപാടിനും തിരിച്ചറിയൽ രേഖകൾ വീണ്ടും വീണ്ടും സമർപ്പിക്കേണ്ടതായും, ചിലപ്പോൾ ഇത്തരം രേഖകളിലെ വ്യക്തിഗത വിവരങ്ങൾ ചോർന്നുപോകുന്നതും ഇതിലൂടെ ഉപഭോക്താക്കൾ നേരിടുന്ന വലിയ പ്രശ്നങ്ങളാണ്.

ഇതെല്ലാം ചേർന്നപ്പോൾ, കെവൈസി സാധാരണ ഇടപാടുകാരന്റെ കാഴ്ചപ്പാടിൽ ഒരു ആശങ്കാമൂലകമായ പ്രക്രിയയായി മാറുകയായിരുന്നു. ഈ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് സി–കെവൈസി, അഥവാ സെൻട്രലൈസ്ഡ് കെവൈസി സംവിധാനം നടപ്പിലാക്കിയത്.

കെവൈസി എന്തിന്?

കള്ളപ്പണം വിരുദ്ധ നടപടികളുടെ ഭാഗമായി പിഎംഎൽഎ നിയമവും റിസർവ് ബാങ്കിന്റെ മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ച്, ബാങ്കുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക സ്ഥാപനങ്ങൾ ഉപഭോക്താവിന്റെ തിരിച്ചറിയൽ നിർബന്ധമായും ശേഖരിക്കേണ്ടതുണ്ട്. തട്ടിപ്പുകളും നിയമവിരുദ്ധ ഇടപാടുകളും തടയാനുള്ള പ്രധാന ഉപാധിയാണ് കെവൈസി. എന്നാൽ യാഥാർത്ഥ്യത്തിൽ പലപ്പോഴും സാധാരണ ഉപഭോക്താവിനാണ് ഈ കർശനത കൂടുതൽ ബുദ്ധിമുട്ടായി അനുഭവപ്പെടുന്നത്.ഈ വെല്ലുവിളികളാണ് സി–കെവൈസിയുടെ ജനനത്തിന് കാരണം.

എന്താണ് സി–കെവൈസി?

ബാങ്ക്, മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ്, ഓഹരി വിപണി സ്ഥാപനങ്ങൾ എന്നീ വിവിധ സാമ്പത്തിക സ്ഥാപനങ്ങൾ ഓരോന്നും തമ്മിൽ വ്യത്യസ്തമായി കെവൈസി ശേഖരിക്കേണ്ട സാഹചര്യം ഒഴിവാക്കുന്ന ഒരു കേന്ദ്രീകൃത തിരിച്ചറിയൽ സംവിധാനമാണ് സി–കെവൈസി.

ഉപഭോക്താവിന്റെ തിരിച്ചറിയൽ രേഖകളും വിശദാംശങ്ങളും സെർസായ് (CERSAI) എന്ന കേന്ദ്ര ഏജൻസിയാണ് ശേഖരിച്ച് ഡിജിറ്റൽ ഡാറ്റാബേസിൽ സൂക്ഷിക്കുന്നത്. ഒരിക്കൽ ഈ പ്രക്രിയ പൂർത്തിയാക്കിയാൽ, ഉപഭോക്താവിന് 14 അക്കം വരുന്ന KIN നമ്പർ ലഭിക്കും. പിന്നീട് ഏതെങ്കിലും പുതിയ സാമ്പത്തിക സേവനം ഉപയോഗിക്കുമ്പോൾ ഈ നമ്പർ മാത്രം നൽകിയാൽ മതി — വീണ്ടും രേഖകൾ സമർപ്പിക്കേണ്ടതില്ല.

സി–കെവൈസി നമ്പറുകളുടെ തരം

സമർപ്പിക്കുന്ന രേഖകളനുസരിച്ച് സി–കെവൈസി മൂന്ന് രീതിയിലാണ് അനുവദിക്കുന്നത്:

1. ‘L’ Category (Full KYC)
പാൻ, ആധാർ, പാസ്‌പോർട്ട്, വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ സർക്കാർ അംഗീകരിച്ച രേഖകൾ ഉപയോഗിച്ചാണ് ഈ തരം. പൂർണ്ണ തിരിച്ചറിയൽ സ്ഥിരീകരണമുളള അക്കൗണ്ട്.

2. ‘S’ Category (Simplified)
തിരിച്ചറിയൽ രേഖകളില്ലാത്തവർക്ക് ഫോട്ടോയും അടിസ്ഥാന വിവരങ്ങളും നൽകി ചെറിയ ഇടപാടുകൾക്കുള്ള പരിമിത കെവൈസി.

3. ‘O’ Category (OTP Based)
മൊബൈൽ OTP ഉപയോഗിച്ച് മാത്രം പൂർത്തിയാക്കുന്ന പ്രാഥമിക തിരിച്ചറിയൽ.

എപ്പോൾ നിർബന്ധമാണ്?

സി–കെവൈസി ഇപ്പോൾ നിർബന്ധമായിട്ടുള്ള ഇടപാടുകൾ:

പുതിയ ബാങ്ക് അക്കൗണ്ട്

മ്യൂച്വൽ ഫണ്ട് നിക്ഷേപം

ഇൻഷുറൻസ് പോളിസി വാങ്ങൽ

ഡീമാറ്റ് അക്കൗണ്ട്

ജോയിന്റ് അക്കൗണ്ടുകൾ (ഓരോരുത്തർക്കും പ്രത്യേകം)

പ്രവാസികൾക്ക് പാസ്‌പോർട്ട്/OCI/PIO രേഖകൾ ഉപയോഗിച്ച് സി–കെവൈസി ചെയ്യാം. കുട്ടികളുടെ കാര്യത്തിൽ രക്ഷിതാവിന്റെ രേഖകൾക്കും കുട്ടിയുടെ ആധാർ/ജനന സർട്ടിഫിക്കറ്റിനും പ്രാധാന്യമുണ്ട്.

എങ്ങനെ ലഭിക്കും?

സി–കെവൈസി പിന്തുണയുള്ള ഏത് ബാങ്കിലും മ്യൂച്വൽ ഫണ്ട് സ്ഥാപനത്തിലും ഇൻഷുറൻസ് കമ്പനികളിലും രേഖകൾ സമർപ്പിച്ച് പ്രക്രിയ പൂർത്തിയാക്കാം. പരിശോധിച്ച് അംഗീകരിച്ചതിന് ശേഷമാണ് KIN നമ്പർ SMS/ഇമെയിൽ/കത്തായി ലഭിക്കുന്നത്.

സി–കെവൈസിയുടെ പ്രധാന നേട്ടങ്ങൾ

14-അക്ക KIN നമ്പർ ആധാറും പാനും ബന്ധിപ്പിച്ച കേന്ദ്ര തിരിച്ചറിയൽ

വിലാസവും ഫോൺ നമ്പരുമുള്ള മാറ്റങ്ങൾ ആധാർ/പാൻ അപ്‌ഡേറ്റിനൊപ്പം തന്നെ സ്വയം പുതുക്കപ്പെടുന്നു

ഒരു തവണ മാത്രം കെവൈസി ചെയ്താൽ മതി — മറ്റു സ്ഥാപനങ്ങളിൽ വീണ്ടും സമർപ്പിക്കേണ്ടതില്ല

വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉയരുന്നു; നിയമാനുസൃത സ്ഥാപനങ്ങൾക്ക് മാത്രമേ ആക്സസ് ലഭിക്കൂ

ഉപഭോക്താവിനും സ്ഥാപനങ്ങൾക്കും സമയം ലാഭം, അതിവേഗ സേവനo

ഡിജിറ്റൽ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയിൽ സുരക്ഷയും സൗകര്യവും ഒരുമിച്ച് ഉറപ്പാക്കുന്ന നിർണായക നവീകരണമാണ് സി–കെവൈസി. ഇപ്പോൾ ബുദ്ധിമുട്ട് എന്നുപറഞ്ഞിരുന്ന കെവൈസി പ്രക്രിയ ഉപഭോക്തൃസൗഹൃദമായ, ഏകീകരിച്ച, സുരക്ഷിതമായ സംവിധാനത്തിലേക്ക് മാറുകയാണ്. ഈ മാറ്റം വരാനിരിക്കുന്ന കാലത്ത് സാമ്പത്തിക സേവനങ്ങളുടെ വേഗതയും വിശ്വാസ്യതയും ഗണ്യമായി ഉയർത്തും എന്നതിൽ സംശയമില്ല.