ഡിജിറ്റൽ ഇടപാടുകളുടെ വ്യാപനത്തോടൊപ്പമാണ് സൈബർ തട്ടിപ്പുകളുടെ പുതിയ രൂപങ്ങൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയതായി, വാട്സാപ്പ് വീഡിയോ കോളിലെ ‘സ്ക്രീൻ മിററിങ്/ഷെയറിങ്’ സംവിധാനത്തെ ദുരുപയോഗം ചെയ്ത് ബാങ്ക് ഉപഭോക്താക്കളെ ലക്ഷ്യംവയ്ക്കുന്ന തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ബാങ്കുകൾ ഇതിനോടകം ഉപഭോക്താക്കൾക്ക് ഔദ്യോഗിക മുന്നറിയിപ്പുകളും നൽകി.
തങ്ങളെ ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് തിരിച്ചറിയിപ്പിച്ച് ഉപഭോക്താക്കളെ ബന്ധപ്പെടുന്നതാണ് തട്ടിപ്പുകാർ പ്രയോഗിക്കുന്ന പ്രധാന രീതി. അക്കൗണ്ടിലോ കാർഡിലോ സാങ്കേതിക പിഴവുകൾ ഉണ്ടെന്നും സേവനം തടസ്സപ്പെടാനിടയുണ്ടെന്നും പറഞ്ഞ് ഉപഭോക്താവിൽ ആശങ്ക സൃഷ്ടിക്കുകയാണ് ആദ്യം. തുടർന്ന് പ്രശ്നപരിഹാരം എന്ന പേരിൽ നിശ്ചിത നടപടികൾ ചെയ്യാനാണ് അവർ നിർദേശിക്കുന്നത്.
ഈ പ്രക്രിയയുടെ ഭാഗമായിട്ടാണ് വാട്സാപ്പ് വീഡിയോ കോൾ നടത്താനും, പ്രശ്നം മനസ്സിലാക്കാൻ സ്ക്രീൻ ഷെയറിങ് സജീവമാക്കാനുമുള്ള ആവശ്യങ്ങൾ. ഉപഭോക്താവ് സ്ക്രീൻ ഷെയറിങ് എനേബിൾ ചെയ്തുനൽകുന്ന നിമിഷം മുതൽ ഫോണിൽ ലഭിക്കുന്ന ഒടിപി (OTP), പാസ്വേഡുകൾ, വ്യക്തിഗത തിരിച്ചറിയൽ വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ എന്നിവ തട്ടിപ്പുകാർക്ക് തത്സമയം ലഭിക്കുന്നു. ഇത് ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുന്നത് നിമിഷങ്ങൾക്കുള്ളിൽ നടക്കും.
സൈബർ സുരക്ഷാ വിദഗ്ധർ വ്യക്തമായി മുന്നറിയിപ്പ് നൽകുന്നത് ഇങ്ങനെ:
ഏതുവിധ സാഹചര്യത്തിലും പരിചയമില്ലാത്തവരുടെ വീഡിയോ കോളിലോ ചാറ്റിലോ സ്ക്രീൻ ഷെയറിങ് അനുവദിക്കരുത്.ബാങ്കുകൾ ഒരിക്കലും സ്ക്രീൻ ഷെയറിങ് ആവശ്യപ്പെടുകയില്ലെന്ന് ഉപഭോക്താക്കൾ ഓർക്കണമെന്നും അവർ പറയുന്നു.
സൈബർ തട്ടിപ്പുകളുടെ മാറിമാറുന്ന സ്വഭാവം കണക്കിലെടുത്താൽ, ഉപഭോക്തൃജാഗ്രതയും ഡിജിറ്റൽ ശുചിത്വവും ശക്തിപ്പെടുത്തലാണ് ഭാവിയിൽ സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാനുള്ള ഏക മാർഗമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

