കേരളം ഒഴികെ രാജ്യത്തെമ്പാടും 2015ലെ വിലനിലവാരം!പണപ്പെരുപ്പത്തിൽ കേരളം നമ്പർ വൺ

രാജ്യത്ത് പൊതുവിലനിലവാരം പത്തുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തി. ചില്ലറ വിലക്കയറ്റം (CPI ഇൻഫ്ലേഷൻ) സെപ്റ്റംബറിലെ 1.44 ശതമാനത്തിൽ നിന്ന് ഒക്ടോബറിൽ വെറും 0.25 ശതമാനം ആയി താഴ്ന്നതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം അറിയിച്ചു. 2015 മുതൽ നിലവിലുള്ള പണപ്പെരുപ്പ അളക്കൽ മാനദണ്ഡം പ്രകാരമുള്ള ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. കഴിഞ്ഞവർഷം ഒക്ടോബറിൽ ഇത് 6.21 ശതമാനമായിരുന്നു.

എന്നാൽ കേരളത്തിൽ മാത്രം ഈ ദേശീയ ട്രെൻഡിന് വിരുദ്ധമായി വിലക്കയറ്റം അതിരൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്തെ പണപ്പെരുപ്പം 8.56 ശതമാനത്തോളം ഉയർന്ന നിലയിലാണ് — ഇതോടെ തുടർച്ചയായ പത്താം മാസവും രാജ്യത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം തുടരുന്നു. രണ്ടാംസ്ഥാനത്തുള്ള ജമ്മു കശ്മീരിൽ 2.95%, മൂന്നാമതുള്ള കർണാടകയിൽ 2.34%, പഞ്ചാബിൽ 1.81%, തമിഴ്നാട്ടിൽ 1.29% എന്നിങ്ങനെയാണു നിരക്ക്.

ഗ്രാമപ്രദേശങ്ങളിൽ കേരളത്തിലെ പണപ്പെരുപ്പം 9.64%, നഗരപ്രദേശങ്ങളിൽ 6.51% എന്ന നിലയിലാണ്. രാജ്യത്ത് വിലക്കയറ്റത്തോത് ഏറ്റവും കുറവ് ബിഹാറിൽ -1.97%, തുടർന്ന് ഉത്തർപ്രദേശ് (-1.71%), മധ്യപ്രദേശ് (-1.62%), അസം (-1.50%) തുടങ്ങിയ സംസ്ഥാനങ്ങളിലും പണപ്പെരുപ്പം നെഗറ്റീവ് നിലയിലാണ്.
ദേശീയതലത്തിൽ, ഗ്രാമീണ പണപ്പെരുപ്പം നെഗറ്റീവ് 0.25%, നഗരങ്ങളിൽ 0.88% ആയി കുറഞ്ഞു. ഭക്ഷ്യവിലപ്പെരുപ്പം നെഗറ്റീവ് 5.02% ആയി ഇടിഞ്ഞതോടെ, തുടർച്ചയായ അഞ്ചാം മാസവും ഭക്ഷ്യവിലകൾ പൂജ്യത്തിനും താഴെയായി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇത് 10.87% ആയിരുന്നു.
ഭക്ഷ്യവിലകൾ കുറഞ്ഞത് ഉപഭോക്താക്കൾക്ക് വൻ ആശ്വാസമാണ് — അടുക്കള ബജറ്റ് കുറയുന്നത് ഉപഭോഗശേഷി വർധിപ്പിക്കുകയും സമ്പദ്വ്യവസ്ഥയ്ക്ക് അനുകൂലമായി മാറുകയും ചെയ്യും. റീട്ടെയ്ൽ പണപ്പെരുപ്പം താഴ്ന്നതോടെ റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനും സാധ്യതയുണ്ട്.എങ്കിലും, പണപ്പെരുപ്പം വലിയതോതിൽ താഴെയായാലും അപകടം ഉണ്ടാകാം. റിസർവ് ബാങ്ക് അഭിപ്രായപ്പെടുന്നതനുസരിച്ച്, 2% മുതൽ 6% വരെ ആയ പണപ്പെരുപ്പനിരക്കാണ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ആരോഗ്യകരം.

റിസർവ് ബാങ്കിന്റെ ‘ലക്ഷ്മണരേഖ’യായ 4% നിരക്കിന് താഴെ തുടർന്നത് തുടർച്ചയായ നാലാം മാസം കൂടിയാണ്. ഉയർന്ന പരിധിയായ 6% ന് താഴെ തുടരുന്നത് ഏഴാം മാസവും.കഴിഞ്ഞ മാസത്തിൽ പച്ചക്കറികളുടെ വില 27.57% കുറഞ്ഞത് ഉൽപാദന-വിതരണ ശൃംഖലകളുടെ സജീവതയെയും കാർഷിക ഉൽപാദനത്തിലെ മെച്ചത്തെയും സൂചിപ്പിക്കുന്നു.