ഇന്ത്യയ്ക്കെതിരെ നേപ്പാളിന്റെ പുതിയ നീക്കം? ചൈനയ്ക്ക് കറൻസി അച്ചടി കരാർ

ഇന്ത്യയ്ക്കെതിരെ വീണ്ടും വിവാദങ്ങൾക്കിടയാക്കുന്ന നീക്കവുമായി നേപ്പാൾ മുന്നോട്ട്. നേപ്പാളിന്റെ പുതിയ 1,000 രൂപാ കറൻസി നോട്ടുകൾ അച്ചടിക്കാനുള്ള കരാർ ചൈനീസ് കമ്പനി നേടിയെടുത്തു. 43 കോടി നോട്ടുകൾ അച്ചടിക്കുന്നതിനായി 16.985 മില്യൺ ഡോളർ (ഏകദേശം ₹150 കോടി) മൂല്യമുള്ള കരാറാണ് ചൈന ബാങ്ക് നോട്ട് പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ നേപ്പാൾ രാഷ്ട്ര ബാങ്കിൽ (NRB) നിന്ന് സ്വന്തമാക്കിയത്.

നോട്ടുകളുടെ രൂപകൽപന, അച്ചടി, വിതരണം തുടങ്ങിയ മുഴുവൻ ഘട്ടങ്ങളും ചൈനീസ് കമ്പനി നിർവഹിക്കും. ടെൻഡറിൽ ഏറ്റവും കുറഞ്ഞ ചെലവിൽ സേവനം വാഗ്ദാനം ചെയ്തതിനാലാണ് കരാർ ചൈനീസ് സ്ഥാപനത്തിന് ലഭിച്ചതെന്ന് നേപ്പാൾ രാഷ്ട്ര ബാങ്ക് വ്യക്തമാക്കി. ഇതേ കമ്പനി നേരത്തേ 5, 10, 100, 500 രൂപാ നോട്ടുകളും അച്ചടിച്ചിട്ടുള്ളതാണ്.ചൈന കഴിഞ്ഞ വർഷങ്ങളിലായി നേപ്പാളിന്റെ രാഷ്ട്രീയ–സാമ്പത്തിക മേഖലകളിൽ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമം ശക്തമാക്കുന്നുണ്ട്.

ഇന്ത്യയുമായി ചരിത്രപരമായ ബന്ധമുള്ള നേപ്പാൾ കഴിഞ്ഞകാലത്ത് ബെയ്ജിങ്ങിനോട് കൂടുതൽ അടുക്കുന്നതിനെ ഇന്ത്യ സൂക്ഷ്മതയോടെയാണ് വിലയിരുത്തുന്നത്.മുന്പ് കെ.പി. ശര്മ്മ ഒലിയുടെ ഭരണകാലത്ത് ചൈനീസ് കമ്പനിക്ക് കറൻസി അച്ചടി കരാർ നൽകാനുള്ള നീക്കം വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. അന്ന് പുറത്തിറക്കിയ നോട്ടുകളിൽ നേപ്പാളിന്റെ ഭൂപടത്തിൽ ലിപുലേഖ്, കാലാപാനി പോലുള്ള ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയിരുന്നതും ഇന്ത്യ ശക്തമായി എതിർത്തതുമാണ് ഓർമ്മയിൽ. തുടർന്ന് ഒലി സർക്കാരിന് കടുത്ത പ്രതിഷേധങ്ങളെയും ‘ജെൻ സീ’ പ്രക്ഷോഭത്തെയും നേരിടേണ്ടി വന്നിരുന്നു.

ഇപ്പോൾ പുതിയ കരാറിലും സമാന രൂപകൽപന തുടരുകയാണെങ്കിൽ, ഇന്ത്യ–നേപ്പാൾ ബന്ധം വീണ്ടും സംഘർഷത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. സിക്കിം, ബംഗാൾ, ബിഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന നേപ്പാൾ, പ്രദേശിക രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചാവിഷയമാകുകയാണ്.