നവംബർ 1 മുതൽ പുതിയ നിയമങ്ങൾ: ആധാർ, ബാങ്കിങ്, കാർഡ് സേവനങ്ങളിൽ പ്രധാന മാറ്റങ്ങൾ

രാജ്യത്തെ കോടിക്കണക്കിന് ഉപഭോക്താക്കളുടെ ദൈനംദിന ജീവിതത്തെയും സാമ്പത്തിക ഇടപാടുകളെയും നേരിട്ട് ബാധിക്കുന്ന നിരവധി മാറ്റങ്ങൾ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നു. ആധാർ കാർഡ് പുതുക്കൽ മുതൽ പാൻ-ആധാർ ലിങ്ക്, ക്രെഡിറ്റ് കാർഡ് ചാർജുകൾ, എൽപിജി വിലകൾ വരെ ഉൾപ്പെടുന്ന ഈ പരിഷ്കാരങ്ങൾ പ്രധാനപ്പെട്ടതാണ്.

🔹 ആധാർ പുതുക്കൽ ഇനി വീട്ടിൽ നിന്ന് തന്നെ

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പുതുക്കിയ മാർഗ്ഗനിർദേശപ്രകാരം, ഇനി ആധാർ സേവാ കേന്ദ്രങ്ങളിൽ പോകാതെ തന്നെ ഓൺലൈനായി പേര്, വിലാസം, ജനന തീയതി, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം.രേഖകൾ അപ്ലോഡ് ചെയ്യേണ്ടതില്ല — പാൻ കാർഡ്, റേഷൻ കാർഡ്, പാസ്പോർട്ട് തുടങ്ങിയ സർക്കാർ ഡാറ്റാബേസുകളിലൂടെ UIDAI സ്വയം വെരിഫൈ ചെയ്യും. എന്നാൽ വിരലടയാളം, ഐറിസ് സ്കാൻ പോലുള്ള ബയോമെട്രിക് അപ്ഡേറ്റുകൾക്ക് സേവാ കേന്ദ്രങ്ങൾ തന്നെ സമീപിക്കണം.

🔹 പാൻ-ആധാർ ബന്ധിപ്പിക്കൽ അവസാന തീയതി ഡിസംബർ 31

സർക്കാരിന്റെ നിർദ്ദേശപ്രകാരം, എല്ലാ പാൻ കാർഡ് ഉടമകളും 2025 ഡിസംബർ 31-നകം ആധാറുമായി ലിങ്ക് ചെയ്യണം. ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ 2026 ജനുവരി 1 മുതൽ നിഷ്ക്രിയമാകും.
മ്യൂച്വൽ ഫണ്ടുകൾ, ഡിമാറ്റ് അക്കൗണ്ടുകൾ, ഇൻഷുറൻസ് തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ തടസ്സപ്പെടാനുള്ള സാധ്യത ഉണ്ട്.

🔹 എസ്ബിഐ ക്രെഡിറ്റ് കാർഡ് ചാർജുകളിൽ മാറ്റം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ ചില ഇടപാടുകൾക്ക് അധിക ചാർജുകൾ ബാധകമാകും:
• അൺസെക്യൂർഡ് കാർഡ് ഇടപാടുകൾക്ക് 3.75% ഫീസ്
• തേർഡ് പാർട്ടി ആപ്പുകൾ വഴി വിദ്യാഭ്യാസ ഫീസ് അടച്ചാൽ 1% അധിക ഫീസ്
• 1,000 രൂപയ്ക്കു മുകളിൽ വാലറ്റ് ലോഡിംഗിന് 1% ഫീസ്
• ചെക്ക് മുഖേന പേയ്മെന്റ് — 200 രൂപ സർവീസ് ഫീസ്
പക്ഷേ, സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ പി.ഒ.എസ് മെഷീൻ വഴിയോ പണമടച്ചാൽ ഈ ഫീസ് ബാധകമല്ല.

ബാങ്ക് അക്കൗണ്ട് നോമിനികൾ

2025 നവംബർ 1 മുതൽ, നിക്ഷേപ അക്കൗണ്ടുകൾ, ലോക്കറുകൾ തുടങ്ങിയവക്ക് 4 നോമിനികളെ വരെ ചേർക്കാനാകും. നാല് പേരെയും ഒരേസമയം നോമിനിയാക്കാനോ അല്ലെങ്കിൽ പിന്തുടർച്ചയുടെ ക്രമം വക്കാനോ കഴിയും. അപ്രതീക്ഷിതമായി അക്കൗണ്ട് ഉടമക്ക് എന്തെങ്കിലും സംഭവിച്ചാൽ അവകാശികൾക്ക് എളുപ്പത്തിൽ ഫണ്ട് ക്ലെയിം ചെയ്യാനാണിത്. 2025 ലെ ബാങ്കിംഗ് നിയമ (ഭേദഗതി) നിയമത്തിലെ 10 മുതൽ 13 വരെയുള്ള വകുപ്പുകൾ പ്രകാരമുള്ള വ്യവസ്ഥകൾ പ്രകാരമാണിത്

ലൈഫ് സർട്ടിഫിക്കറ്റ് (ജീവൻ പ്രമാൺ)

എല്ലാ കേന്ദ്ര, സംസ്ഥാന സർക്കാർ പെൻഷൻകാരും അവരുടെ പ്രതിമാസ പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിന് ലൈഫ് സർട്ടിഫിക്കറ്റ് (ജീവൻ പ്രമാൺ) സമർപ്പിക്കേണ്ടതുണ്ട്. 2025 നവംബർ 1 മുതൽ 2025 നവംബർ 30 വരെയുള്ള സമയമാണ് ഇതിന് അനുവദിച്ചിരിക്കുന്നത്. പെൻഷനർ ജീവിച്ചിരിക്കുന്നുണ്ടെന്നും പെൻഷൻ പേയ്‌മെന്റുകൾക്ക് ഇപ്പോഴും അർഹതയുണ്ടെന്നും തെളിയിക്കാനാണ് വർഷാവർഷം ഇത് ചെയ്യുന്നത്. 80 വയസിനു മുകളിലുള്ളവർക്ക് ഒക്ടോബർ 1 മുതൽ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ സമയം നൽകിയിരുന്നു

യുപിഎസ് സമയപരിധി

കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ദേശീയ പെൻഷൻ സംവിധാനത്തിൽ (എൻപിഎസ്) നിന്ന് ഏകീകൃത പെൻഷൻ പദ്ധതിയിലേക്ക് (യുപിഎസ്) മാറുന്നതിനുള്ള സമയപരിധി 2025 നവംബർ 30 വരെ നീട്ടി. ഈ സമയപരിധി യോഗ്യരായ നിലവിലുള്ള ജീവനക്കാർക്കും, നേരത്തെ വിരമിച്ചവർക്കും, എൻപിഎസിന് കീഴിൽ വരുന്ന വിരമിച്ചവരുടെ ജീവിത പങ്കാളികൾക്കും ഇത് ബാധകമാണ്

🔹 എൽപിജി, സി.എൻ.ജി വില പരിഷ്കരണം
പ്രതിമാസ വില അവലോകനത്തിന്റെ ഭാഗമായി നവംബർ 1-നും എൽപിജി, സി.എൻ.ജി വിലകൾ എണ്ണക്കമ്പനികൾ പുതുക്കും. അന്താരാഷ്ട്ര വിപണിയിലെ എണ്ണവില മാറ്റങ്ങൾ അനുസരിച്ചായിരിക്കും ഈ പരിഷ്കാരങ്ങൾ.

ആധുനിക ഡിജിറ്റൽ സംവിധാനങ്ങളിലേക്കുള്ള ഇന്ത്യയുടെ കുതിപ്പ് ഈ മാറ്റങ്ങൾ തെളിയിക്കുന്നു. പാൻ-ആധാർ ലിങ്കിംഗ്, ഡിജിറ്റൽ ആധാർ അപ്ഡേറ്റ്, ഓൺലൈൻ പേയ്മെന്റ് റീഫോംസ് — എല്ലാം ചേർന്നാൽ ഉപഭോക്തൃ സൗകര്യവും സാമ്പത്തിക സുതാര്യതയും ലക്ഷ്യമിടുന്ന പരിഷ്കാരങ്ങളാണിത്.