പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള ആരോഗ്യ–അപകട ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’യിൽ ചേർന്നവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. ഇന്നലെവരെ 54,640 പേർ രജിസ്ട്രർ ചെയ്തതോടെ, കുടുംബാംഗങ്ങളെ ഉൾപ്പെടെ 2 ലക്ഷം പേർ പദ്ധതിയുടെ ഭാഗമായെന്ന് നോർക്ക അധികൃതർ അറിയിച്ചു. രജിസ്ട്രേഷൻ 30ന് അവസാനിക്കും.
എന്നാൽ മടങ്ങിയെത്തിയ പ്രവാസികളെ ഉടൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് സാധ്യത കുറവ്. വിഷയത്തെ കുറിച്ചുള്ള ആവശ്യം പരിശോധിക്കുകയാണെന്നും, നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ തീരുമാനം ഉണ്ടാകൂ എന്നും അധികൃതർ വ്യക്തമാക്കി. ഇൻഷുറൻസ് പരിരക്ഷ അടുത്ത മാസം 1 മുതൽ പ്രാബല്യത്തിൽ വരും.
പദ്ധതിക്കായി 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്, 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് — ഒരുവർഷത്തേക്ക്. നിലവിലെ രോഗങ്ങൾക്കും പരിരക്ഷ ബാധകം. വ്യക്തികൾക്ക് ₹8,101, നാലംഗ കുടുംബത്തിന് ₹13,411 ആണ് പ്രീമിയം. ഒരു കുട്ടി അധികമുള്ളവർ ₹4,130 കൂടി നൽകണം. പദ്ധതി ന്യൂ ഇന്ത്യ അഷ്വറൻസ് സഹകരണത്തോടെയാണ്.

