ഐഐഎം ക്യാംപസുകൾ ഇനി ജെൻ Z സൗഹൃദം: ബിരുദ പ്രോഗ്രാമുകൾ പ്രഖ്യാപിച്ചു

രാജ്യത്തെ മാനേജ്മെന്റ് വിദ്യാഭ്യാസത്തിന്റെ പ്രഥമ വിലാസമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം), ഇപ്പോൾ കൂടുതൽ ചെറുപ്പത്തിന്റെ വഴിയിലേക്ക് നീങ്ങുന്നു. കോഴിക്കോട് ഉൾപ്പെടെ രാജ്യത്ത് 22 ക്യാംപസുകളുള്ള ഐഐഎമ്മുകൾ ഇതുവരെ പി.ജി, പി.എച്ച്.ഡി, എക്സിക്യൂട്ടീവ് പ്രോഗ്രാമുകൾ എന്നിവ മാത്രം വാഗ്ദാനം ചെയ്തിരുന്നുവെങ്കിൽ, ഇപ്പോൾ ബിരുദ പ്രോഗ്രാമുകളും അവരുടെ കോഴ്സ് പട്ടികയിൽ ഉൾപ്പെടുന്നു. ഏറ്റവും ഒടുവിൽ ഐഐഎം ബാംഗ്ലൂരും പുതിയ ബിരുദ കോഴ്സുകൾ പ്രഖ്യാപിച്ചു.

മാനേജ്മെന്റിനൊപ്പം ഇക്കണോമിക്സ്, ഡാറ്റാ സയൻസ്, പബ്ലിക് പോളിസി, എമർജിംഗ് ടെക്നോളജീസ് തുടങ്ങിയ വിഷയങ്ങളിലൂടെയും ബിരുദപഠനത്തിന് അവസരം ഒരുക്കുകയാണ് ഐഐഎമ്മുകൾ.
2011-ൽ 5 വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (ഐപിഎം) ആരംഭിച്ച ഐഐഎം ഇൻഡോർ ആയിരുന്നു ബിരുദതല പ്രവേശനം അനുവദിച്ച ആദ്യ സ്ഥാപനം. തുടർന്ന് റാഞ്ചി, റോത്തക്, ബോധ്ഗയ, ജമ്മു എന്നിവയും ഇന്റഗ്രേറ്റഡ് പ്രോഗ്രാം അവതരിപ്പിച്ചു. ഈ വർഷം മുതൽ ഷില്ലോങ് , അമൃത്സർ ക്യാംപസുകളും ഈ നിരയിലേക്ക് ചേരുന്നു.

പഞ്ചവത്സര കോഴ്സ് ആയിട്ടുള്ള ഈ പ്രോഗ്രാമിൽ, മൂന്ന് വർഷത്തിനു ശേഷം ബിരുദത്തോടൊപ്പം പുറത്ത് പോകാനുള്ള ഓപ്ഷനും ലഭ്യമാണ്. 2024 മുതൽ ഇന്റഗ്രേറ്റഡ് ഫോർമാറ്റ് ഇല്ലാതെ സ്വതന്ത്ര ബിരുദ പ്രോഗ്രാമുകൾ ആയി പഠിക്കാനും അവസരം ലഭിക്കുന്നു.അക്കാദമിക് വിദഗ്ധർ പറയുന്നതനുസരിച്ച്, മൾട്ടിഡിസിപ്ലിനറി പഠനരീതിയിലേക്കുള്ള ദേശീയ വിദ്യാഭ്യാസ നയം (NEP) പ്രചോദനമായാണ് ഈ മാറ്റം. കൂടാതെ, കേന്ദ്രസഹായത്തിൽ ഉണ്ടായ കുറവ് കാരണം പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തേണ്ട ആവശ്യമുമുണ്ടായി.
ഫീസിന്റെ കാര്യത്തിൽ, ഐഐഎം കോഴിക്കോടിന്റെ 4 വർഷത്തെ ബിഎംഎസ് (ബാച്ചിലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്) പ്രോഗ്രാമിന് ഏകദേശം ₹28 ലക്ഷം രൂപ, അതേസമയം ഐഐഎം ബാംഗ്ലൂരിന്റെ ഓൺലൈൻ ബിബിഎ പ്രോഗ്രാമിന് ₹4.5 ലക്ഷം രൂപ ആണ്.

ഉയർന്ന ഫീസ് ഉണ്ടായാലും, ഐഐഎമ്മുകളുടെ നിലവാരവും പ്രഗത്ഭ അധ്യാപകരുടെ സാന്നിധ്യവും, മികച്ച പ്ലേസ്മെന്റ് സാധ്യതകളും, ഉപരിപഠന മാർഗങ്ങളും വിദ്യാർത്ഥികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളായി തുടരുന്നു.