ഇരിങ്ങാലക്കുട കോ–ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് മരവിപ്പിച്ചു; അഡ്മിനിസ്ട്രേറ്റർ ഭരണം ഒരു വർഷത്തേക്ക്

ഇരിങ്ങാലക്കുട ടൗൺ കോ–ഓപ്പറേറ്റീവ് അർബൻ (എ.ടി.യു.) ബാങ്കിന്റെ ഡയറക്ടർ ബോർഡ് റിസർവ് ബാങ്ക് മരവിപ്പിച്ച്, അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി. ഒരു വർഷത്തേക്കാണ് ഈ നിയന്ത്രണം.

ഫെഡറൽ ബാങ്ക് മുൻ വൈസ് പ്രസിഡന്റ് രാജു എസ്. നായർ ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കാൻ അഡ്മിനിസ്ട്രേറ്ററായി നിയമിതനായി. അദ്ദേഹത്തെ സഹായിക്കാനായി സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ കെ. മോഹനൻ, ഫെഡറൽ ബാങ്ക് മുൻ വൈസ് പ്രസിഡന്റ് ടി.എ. മുഹമ്മദ് സഗീർ എന്നിവരെ അഡ്വൈസറി കമ്മിറ്റിയിലെ അംഗങ്ങളായി നിയമിച്ചു.കോൺഗ്രസ് നേതൃത്വത്തിലുള്ള ബാങ്കിന്റെ മോശം സാമ്പത്തികാവസ്ഥയും, ഭരണനിർവഹണത്തിലെ പിഴവുകളും പരിഗണിച്ചാണ് റിസർവ് ബാങ്ക് ഈ നടപടി സ്വീകരിച്ചത്.ഇതിന് മുമ്പ്, ജൂലൈ 30-ന്, ബാങ്കിന്റെ പ്രവർത്തനങ്ങളിൽ ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതനുസരിച്ച് നിക്ഷേപകർക്ക് പരമാവധി ₹10,000 മാത്രമേ പിൻവലിക്കാൻ കഴിയൂ. ആർബിഐയുടെ അനുമതിയില്ലാതെ പുതിയ വായ്പകൾ അനുവദിക്കാനോ പുതുക്കാനോ, പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ, പണം കടം വാങ്ങാനോ സാധിക്കില്ല.

അതുപോലെ, ബാങ്കിന്റെ സ്വത്തുക്കളും മറ്റു ആസ്തികളും വിൽക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല എന്നും അന്നത്തെ നിർദ്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.