വെറും രണ്ട് ദിവസംകൊണ്ട് ആഗോള കളക്ഷനിൽ അത്ഭുതം സൃഷ്ടിച്ച് ‘കാന്താര’,

രാജ്യമൊട്ടാകെ ശ്രദ്ധ നേടി മുന്നേറിയ കന്നഡ സിനിമയായ കാന്താരയുടെ പ്രീക്വലായ രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തിയിട്ടുണ്ട്. റിലീസിനൊടുവിൽ തന്നെ വൻപ്രതികരണമാണ് ചിത്രം നേടുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, വെറും രണ്ട് ദിവസങ്ങൾക്കുള്ളിൽ 100 കോടി രൂപയുടെ കളക്ഷൻ പിന്നിട്ടിരിക്കുകയാണ് കാന്താര: ചാപ്റ്റർ വൺ.

ചിത്രം റിലീസ് ചെയ്തിരിക്കുന്നത് കന്നഡയിൽ 1,317, ഹിന്ദിയിൽ 3,703, തെലുങ്കിൽ 43, തമിഴിൽ 247, മലയാളത്തിൽ 885 പ്രദർശനങ്ങളിലായി — ആകെ 6,195 സ്ക്രീനുകളിലാണ് ചിത്രം പ്രേക്ഷകരെ തേടിയെത്തിയത്. ഒക്ടോബർ 2-ന് വേൾഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിരുന്നു. ആദ്യ ദിനം തന്നെ 60 കോടി രൂപയുടെ കളക്ഷൻ നേടിയ കാന്താര, കേരളത്തിൽ നിന്ന് മാത്രം ആറ് കോടിയും, ഹിന്ദി ബൽറ്റിൽ നിന്ന് 17 കോടി രൂപയും നേടിക്കഴിഞ്ഞു.
രാജ്യത്തിലെ മുൻനിര താരങ്ങളെയും ഞെട്ടിക്കുന്ന തരത്തിലാണ് കാന്താര 2 ന് ലഭിക്കുന്ന സ്വീകാര്യത. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് — കാന്താരയുടെ ആദ്യ ഭാഗത്തെയും ഇതേ ബാനർ തന്നെയായിരുന്നു വിതരണം ചെയ്തത്.

കന്നഡ സിനിമകളുടെ പതിവ് ബഡ്ജറ്റിനെ അപേക്ഷിച്ച് ചെറുതായ ചിലവിൽ എത്തിയ കാന്താരയുടെ ഒന്നാം ഭാഗം, അതുല്യമായ പ്രേക്ഷക പ്രതികരണം നേടി. പിന്നീട് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു ഭാഷകളിലായി ചിത്രം റിലീസ് ചെയ്തപ്പോൾ, എല്ലായിടത്തും തന്നെ ബോക്സോഫീസിൽ മികച്ച കളക്ഷനുകൾ നേടി. ഇതെല്ലാം മൂലം ആരാധകർ ആകാംക്ഷയോടെ കാത്തിരുന്നത് തന്നെയാണ് കാന്താരയുടെ രണ്ടാം ഭാഗം.
ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത കാന്താര ചാപ്റ്റർ 1 ന്റെ നിർമ്മാതാവ് വിജയ് കിരഗണ്ടുർ ആണ്. മൂന്നു വർഷത്തെ ഷൂട്ടിംഗിനുശേഷമാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. 2022-ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് ഈ ചിത്രം എത്തുന്നത്. ഫാന്റസിയും മിത്തും ചേർന്ന അസാധാരണ കാഴ്ചാനുഭവം സമ്മാനിച്ച കാന്താര, ബ്ലോക്ക്ബസ്റ്റർ പട്ടികയിൽ ഇടം നേടിയിരുന്നു.അത് പോലെ തന്നെ ചരിത്രം ആവർത്തിക്കുകയാണ് എന്ന് തെളിയിക്കുന്നു കാന്താര ചാപ്റ്റർ 1 നു ലഭിക്കുന്ന ഈ ആകർഷകമായ സ്വീകാര്യത.