ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ അവകാശികളില്ലാതെ നിഷ്ക്രിയമായി കിടക്കുന്ന തുക ₹67,270 കോടി. 10 വർഷത്തിലധികമായി ഇടപാടുകളൊന്നും നടക്കാത്തതും ആരും അവകാശവാദം ഉന്നയിക്കാത്തതുമായ അക്കൗണ്ടുകളിലാണ് ഈ തുക കുടുങ്ങിക്കിടക്കുന്നത്.
ഇതിൽ സേവിങ്സ് അക്കൗണ്ടുകൾ, പുതുക്കാത്ത സ്ഥിരനിക്ഷേപങ്ങൾ (FD), അക്കൗണ്ടുടമ മരിച്ച ശേഷം അവകാശവാദം ഉയർന്നിട്ടില്ലാത്ത നിക്ഷേപങ്ങൾ, ഡിവിഡന്റുകൾ, ഇൻഷുറൻസ് തുകകൾ തുടങ്ങി പലതും ഉൾപ്പെടുന്നു.ഈ അക്കൗണ്ടുകളുടെ അവകാശികളെ കണ്ടെത്താൻ റിസർവ് ബാങ്ക് ഒക്ടോബർ മുതൽ ഡിസംബർ വരെ നീളുന്ന പ്രത്യേക ക്യാംപെയ്ൻ ആരംഭിക്കുന്നു. പ്രത്യേകിച്ച് ഗ്രാമീണ, അർധനഗര മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. ബാങ്കുകൾക്ക്, ഉപഭോക്താവോ അവരുടെ ബന്ധുക്കളോ കണ്ടെത്താൻ RBI നിർദേശം നൽകിയിട്ടുണ്ട്.
അവകാശികൾക്ക് പണം തിരികെ ലഭിക്കാനായി റിസർവ് ബാങ്ക് Unclaimed Deposits – Gateway to Access (UDGAM) എന്ന പോർട്ടൽ ഒരുക്കിയിട്ടുണ്ട്. ആരും അവകാശപ്പെടാത്ത അക്കൗണ്ടുകളിൽ നിന്നുള്ള തുക ഡെപ്പോസിറ്റർ എജ്യൂക്കേഷൻ ആൻഡ് അവയർനസ് (DEA) ഫണ്ടിലേക്കാണ് മാറ്റുന്നത്. ഇതിനകം പൊതുമേഖലാ ബാങ്കുകൾ ₹58,330 കോടി, സ്വകാര്യ ബാങ്കുകൾ ₹8,634 കോടി രൂപ ഫണ്ടിലേക്കു കൈമാറി.
മുൻനിരയിൽ:
• സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) – ₹19,329.92 കോടി
• പഞ്ചാബ് നാഷണൽ ബാങ്ക് – ₹6,910.67 കോടി
• കനറാ ബാങ്ക് – ₹6,728.14 കോടി
• ഐസിഐസിഐ ബാങ്ക് – ₹2,063.45 കോടി
• എച്ച്ഡിഎഫ്സി ബാങ്ക് – ₹1,609.56 കോടി
കഴിഞ്ഞ ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം 8.6 ലക്ഷം പേർ ഉദ്ഗം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
