സൊമാറ്റോ, സ്വിഗ്ഗി പോലുള്ള ഫുഡ് ഡെലിവറി ആപ്പുകൾ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് ഇനി കൂടുതൽ ചെലവ് വരാനാണ് സാധ്യത. 2025 സെപ്റ്റംബർ 22 മുതൽ ഡെലിവറി ഫീസിന് 18% ജിഎസ്ടി ബാധകമാക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ ഭക്ഷണത്തിനുള്ള 5% ജിഎസ്ടിക്കൊപ്പം ഇതും അടയ്ക്കേണ്ടതായിരിക്കും.
അതേസമയം, സ്വന്തമായി ഡെലിവറി സംവിധാനമുള്ള റെസ്റ്റോറന്റുകൾ ഈ ജിഎസ്ടിയിൽ നിന്ന് ഒഴിവാകും. ഇവിടങ്ങളിൽ ഭക്ഷണത്തിന് 5% ജിഎസ്ടി മാത്രം ബാധകമായതിനാൽ നേരിട്ട് ഓർഡർ ചെയ്യുന്നത് കൂടുതൽ ലാഭകരമാകും.ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് പോലുള്ള ആപ്പുകളിലെ ഡെലിവറി സേവനങ്ങൾക്കും ഇനി 18% ജിഎസ്ടി ബാധകമാകും. പ്ലാറ്റ്ഫോമുകൾ തന്നെയാണ് നികുതി ശേഖരിക്കുകയും സർക്കാരിന് അടയ്ക്കുകയും ചെയ്യേണ്ടത്. ഇതോടെ ഉപഭോക്താക്കളുടെ ഡെലിവറി ചെലവ് ഉയരാനും ആപ്പുകളുടെ പ്രവർത്തനച്ചെലവ് കൂടാനും സാധ്യതയുണ്ട്.
അതു പോലെ, റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുമ്പോഴുള്ള ജിഎസ്ടി നിരക്കുകൾ ലളിതമാക്കി. 2025 സെപ്റ്റംബർ 22 മുതൽ മിക്ക റെസ്റ്റോറന്റ് ഭക്ഷണങ്ങൾക്കും ഏകീകൃത 5% ജിഎസ്ടി ബാധകമാകും. ഇതുവരെ നിലനിന്നിരുന്ന 5%, 12%, 18% നിരക്കുകൾ ഒഴിവാക്കി.കൂടാതെ, ചീസ്, ബട്ടർ, സോസുകൾ, പനീർ, പാക്കേജിംഗ് എന്നിവയിലെ ജിഎസ്ടി 12%-18%ൽ നിന്ന് 5% ആക്കിയത് റെസ്റ്റോറന്റുകളുടെ പ്രവർത്തനച്ചെലവ് കുറയ്ക്കാൻ സഹായകമാകും.

