അമേരിക്കൻ ടാരിഫിനെ നേരിടാൻ കേന്ദ്രത്തിന്റെ സഹായപാക്കേജ്

അമേരിക്ക 50% ടാരിഫ് ചുമത്തിയതിനെ തുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യൻ കയറ്റുമതിക്കാർക്ക് ആശ്വാസം നൽകാൻ കേന്ദ്ര സർക്കാർ പ്രത്യേക സഹായപാക്കേജ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു.ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായ അമേരിക്കയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ഈ നീക്കം. കയറ്റുമതിക്കാർക്കായി പാലിശരഹിത വായ്പകൾ, കുറഞ്ഞ പലിശ നിരക്കുകൾ, ബ്രാൻഡിങ്, പാക്കേജിങ്, വെയർഹൗസിങ് തുടങ്ങി വിവിധ ഇളവുകൾ പരിഗണിക്കപ്പെടുന്നു. ഇതിനായി ഫെബ്രുവരി ബജറ്റിൽ കയറ്റുമതി പ്രോത്സാഹനത്തിന് മാറ്റിവെച്ച ₹2,250 കോടി രൂപ വിനിയോഗിക്കും.

ഉയർന്ന ടാരിഫ് മൂലം വിയറ്റ്നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾ അമേരിക്കൻ വിപണിയിൽ മത്സരക്ഷമത നഷ്ടപ്പെടുത്തി. പ്രത്യേകിച്ച് തുണിത്തരങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ തൊഴിൽ മേഖലകൾക്ക് വലിയ ആഘാതം നേരിടുന്നുണ്ട്.എഞ്ചിനീയറിങ് എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ പ്രകാരം, അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഇതിനകം 30% വരെ നഷ്ടം സംഭവിച്ചിരിക്കുകയാണ്. ഈ നഷ്ടത്തിന്റെ കുറച്ചെങ്കിലും സർക്കാർ ഏറ്റെടുക്കണമെന്നതാണ് കയറ്റുമതിക്കാരുടെ ആവശ്യം.

അതേസമയം, അമേരിക്കൻ വിപണിയിലെ വെല്ലുവിളികളെ മറികടക്കാൻ ആഫ്രിക്ക, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ പോലുള്ള പുതിയ വിപണികളിലേക്ക് കയറ്റുമതിക്കാരെ തിരിച്ചു നയിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ ഇരു രാജ്യങ്ങളുടെയും നേതാക്കൾ താൽപര്യം പ്രകടിപ്പിച്ചതോടെ പ്രതീക്ഷകൾ ഉയർന്നിട്ടുണ്ട്.