ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാർട്ട്, ഡിജിറ്റൽ ഇൻഫോടെയ്ൻമെന്റ് പ്ലാറ്റ്‌ഫോമായ പിങ്ക്‌വില്ലയിലെ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുത്തു. ജെൻ സി ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുകയും നിലവിലുള്ളവരെ സംതൃപ്തരാക്കുകയും ചെയ്യാനുള്ള നീക്കമാണിത്. ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ഫ്ലിപ്കാർട്ട് സേവനങ്ങൾ വിപുലീകരിക്കുന്നതും, പിങ്ക്‌വില്ലയുടെ വിശ്വസ്ത പ്രേക്ഷക അടിത്തറ പ്രയോജനപ്പെടുത്തുന്നതുമാണ് ലക്ഷ്യം. “ജെൻ സിയുമായി ബന്ധം ശക്തമാക്കാനുള്ള ഞങ്ങളുടെ ദൗത്യത്തിലെ നിർണായക ചുവടുവയ്പ്പാണ് ഈ ഏറ്റെടുക്കൽ” എന്ന് ഫ്ലിപ്കാർട്ട് കോർപ്പറേറ്റ് സീനിയർ വൈസ് പ്രസിഡന്റ് രവി അയ്യർ പറഞ്ഞു.
ആമസോൺ പ്രൈമിനെ പോലെ തന്നെ സ്വന്തമായ ഇൻഫോടെയ്ൻമെന്റ് പ്ലാറ്റ്‌ഫോം സൃഷ്ടിക്കാനാണ് ഫ്ലിപ്കാർട്ട് ലക്ഷ്യമിടുന്നത്. സിനിമകളും സെലിബ്രിറ്റികളും ഉപഭോഗ ശീലങ്ങളെ സ്വാധീനിക്കുന്ന സാഹചര്യത്തിൽ, ജെൻ സി ഉപയോക്താക്കളെ ആകർഷിക്കാൻ ഇൻഫോടെയ്ൻമെന്റ് മേഖലയിൽ പ്രവേശിക്കേണ്ടതുണ്ടെന്ന് കമ്പനി തിരിച്ചറിഞ്ഞിരിക്കുകയാണ്.

