ജിഎസ്ടി വരുമാനം 50:50 എന്ന നിലയിൽ കേന്ദ്രവും സംസ്ഥാനങ്ങളും പങ്കിടുന്ന നിലവിലെ രീതി മാറ്റി, 60% സംസ്ഥാനങ്ങൾക്കും 40% കേന്ദ്രത്തിനും നൽകണമെന്നാവശ്യപ്പെട്ട് കേരളം മുന്നോട്ട് വന്നു. കേന്ദ്രത്തിനും മറ്റു വരുമാന മാർഗങ്ങൾ ലഭ്യമാണെന്നും ചെലവിന്റെ ഭാരം സംസ്ഥാനങ്ങൾക്കാണ് കൂടുതലെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങൾക്ക് 8,000–10,000 കോടി രൂപ വരെ നഷ്ടം ഉണ്ടാകുമെന്നും, ഓട്ടോമൊബൈൽ, സിമന്റ്, ഇൻഷുറൻസ്, ഇലക്ട്രോണിക്സ് മേഖലകളിൽ മാത്രം 2,500 കോടി നഷ്ടം കേരളം കണക്കാക്കുന്നതായും അദ്ദേഹം പറഞ്ഞു.
നഷ്ടം പരിഹരിക്കാൻ കോംപൻസേഷൻ സെസ് തുടരുക അല്ലെങ്കിൽ സമാന പദ്ധതി ആവിഷ്കരിക്കുക വേണമെന്നും കേരളം ആവശ്യപ്പെട്ടു. പുകയില, പാൻ പോലുള്ള ‘സിൻ ഉൽപന്നങ്ങളിൽ’ നിന്ന് ഈടാക്കുന്ന അധിക സെസ് ഇപ്പോൾ കേന്ദ്ര സർക്കാരിന് മാത്രം പോകുന്ന സാഹചര്യത്തിൽ, സംസ്ഥാനങ്ങളുടെ നഷ്ടം നികത്താൻ അത് വിനിയോഗിക്കണമെന്നുമാണ് കേരളത്തിന്റെ നിലപാട്.

