ബാങ്ക് അക്കൗണ്ടിലോ ലോക്കറിലോ നിക്ഷേപിച്ചിട്ടുള്ള തുകയും വസ്തുക്കളും, അക്കൗണ്ട് ഉടമ മരിച്ച ശേഷം അവകാശികൾക്ക് തിരികെ നൽകുന്നതിനുള്ള നിയമങ്ങളിൽ വലിയ മാറ്റവുമായി റിസർവ് ബാങ്ക് എത്തിയിരിക്കുകയാണ്. ഇതുവരെ ഓരോ ബാങ്കിനും വ്യത്യസ്തമായ രീതികൾ ആയിരുന്നു പിന്തുടർന്നിരുന്നത്. ചെറിയ തുകകളായാലും അവകാശികൾക്ക് കടുത്ത ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വന്നിരുന്നത്.
ഈ പശ്ചാത്തലത്തിലാണ് ആർബിഐ വിശദമായ കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. പൊതുജനങ്ങൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും അഭിപ്രായം രേഖപ്പെടുത്താം. അന്തിമരൂപം നൽകി, 2026 ജനുവരി 1-നോ അതിന് മുമ്പോ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുത്താനാണ് ലക്ഷ്യം.
15 ലക്ഷം രൂപ വരെ – ലളിതമായ നടപടിക്രമം
കരട് രേഖ അനുസരിച്ച് 15 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ ഇനി എളുപ്പത്തിൽ അവകാശികൾക്ക് ലഭ്യമാകും.
അവകാശ സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ മതിയാകും.
ചില അവകാശികൾ തുക വേണ്ടെന്നു പ്രസ്താവിച്ചാൽ, ശേഷിക്കുന്നവർക്ക് തുക ലഭിക്കും.
മരിച്ച ഇടപാടുകാരെയും അവകാശികളെയും അറിയുന്ന മറ്റൊരാളുടെ പ്രസ്താവനയും ബാങ്കുകൾക്ക് പരിഗണിക്കാം.
15 ലക്ഷം രൂപയ്ക്കു മുകളിൽ
ഇത്തരം നിക്ഷേപങ്ങൾക്ക് ആവശ്യമായ അപേക്ഷയും രേഖകളും എങ്ങനെ സമർപ്പിക്കണമെന്നതിന്റെ മാതൃകകളും നിർദ്ദേശങ്ങളും ആർബിഐ കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
