കല്യാണി പ്രിയദർശൻ നായികയായി എത്തുന്ന ‘ലോക’ തെന്നിന്ത്യൻ ബോക്സ്ഓഫീസിൽ ചരിത്രം കുറിച്ചുകൊണ്ടിരിക്കുകയാണ്. റിലീസിന് ഏഴാം ദിവസം തന്നെ ചിത്രം നൂറ് കോടി ക്ലബ്ബിൽ കടന്നിരുന്നു. മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി നേടുന്ന മൂന്നാമത്തെ ചിത്രവും, 100 കോടി ക്ലബ്ബിൽ ഇടംനേടുന്ന പന്ത്രണ്ടാമത്തെ ചിത്രവും ആണ് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ‘ലോക’. നായികാ കേന്ദ്രീകൃതമായ ഒരു തെന്നിന്ത്യൻ സിനിമ ഇത്തരത്തിൽ വൻ കളക്ഷൻ നേടുന്നത് അപൂർവ നേട്ടമായി കണക്കാക്കപ്പെടുന്നു.
ഏകദേശം ₹30 കോടി ബജറ്റിൽ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിച്ച ചിത്രമാണിത്. വേഫെറർ ഫിലിംസിന്റെ ഏഴാമത്തെ പ്രൊഡക്ഷനാണിത്. ‘ചന്ദ്ര’ എന്ന സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ സിനിമയായ ‘ലോക’ ഹോളിവുഡ് നിലവാരത്തിൽ ഒരുക്കിയിരിക്കുകയാണെന്നത് പ്രേക്ഷകരുടെ പൊതുവായ അഭിപ്രായമാണ്.
തമിഴ്, തെലുങ്ക് അടക്കം നിരവധി ഭാഷകളിൽ ചിത്രം വലിയ മുന്നേറ്റം നടത്തുകയാണ്. ഒന്നിലധികം ഭാഗങ്ങളായി ഒരുങ്ങുന്ന ഈ സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗം തന്നെ മെഗാ ഹിറ്റായതോടെ, രണ്ടാം ഭാഗത്തേക്കുള്ള ആരാധകരുടെ പ്രതീക്ഷയും കാത്തിരിപ്പും കൂടുതൽ ഉയർന്നിരിക്കുകയാണ്.മലയാള സിനിമാ ചരിത്രത്തിൽ 200 കോടി ക്ലബ്ബിൽ പ്രവേശിക്കുന്ന നാലാമത്തെ ചിത്രമായി മാറി ‘ലോക’. ‘എമ്പുരാൻ’ ശേഷം ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിൽ എത്തിയ ചിത്രവുമാണിത്. ഇതിനുമുമ്പ് ‘തുടരും’, ‘മഞ്ഞുമ്മൽ ബോയ്സ്’ എന്നീ ചിത്രങ്ങളാണ് ഈ നേട്ടം കൈവരിച്ചത്.
