രാജ്യത്ത് ഏറ്റവും വലിയ ഓട്ടോമൊബൈൽ ഹബ്ബായി മാറാനുള്ള പ്രയാണത്തിലാണ് ഗുജറാത്ത്. സുസുക്കി ഗുജറാത്തിലെ പ്ലാൻ്റ് വിപുലീകരിക്കുന്നതോടെ ഈ രംഗത്ത് സംസ്ഥാനം ബഹുദൂരം പിന്നിടും. സുസുക്കി മോട്ടോഴ്‌സിന് മാത്രം ഗുജറാത്തിൽ പ്രതിവർഷം 7.5 ലക്ഷം കാർ യൂണിറ്റുകളുടെ ഉൽപ്പാദന ശേഷിയാണുള്ളത്. 2022-23 സാമ്പത്തിക വർഷത്തിൽ ഗുജറാത്തിലെ ഓട്ടോമൊബൈൽ മേഖലയിൽ 29,700 കോടി രൂപയുടെ മൂലധനമാണ് എത്തിയതെങ്കിൽ ഈ തുക വീണ്ടുമുയരും.
വടക്കൻ ഗുജറാത്ത് ഇന്ത്യയിലെ മുൻനിര ഓട്ടോമോട്ടീവ് നിർമ്മാണ കേന്ദ്രങ്ങളിലൊന്നായി അതിവേഗം മാറിയിരിക്കുകായാണ്. അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപ സൗഹൃദ നയങ്ങൾ എന്നിവയൊക്കെ നടപ്പാക്കി കൂടുതൽ ആഗോള കമ്പനികളെ ആകർഷിക്കുകയാണ് ലക്ഷ്യം. ഇലക്ട്രിക് വാഹന ഉൽപാദനം വർധിപ്പിക്കുന്നതിനും പദ്ധതികളുണ്ട്.
2014 ലാണ് സംസ്ഥാനത്ത് ഒരു വാഹന നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി സുസുക്കി എത്തുന്നത്. പിന്നീടുള്ള വർഷങ്ങളിൽ കമ്പനി ഗുജറാത്തിൽ ഗണ്യമായ നിക്ഷേപം നടത്തി. ഈ മേഖലയിൽ ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.
ഇന്ന്, സുസുക്കി മോട്ടോറിന്റെ ഗുജറാത്തിലെ പ്ലാന്റ് ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ നിർമ്മാണ സൗകര്യങ്ങളിൽ ഒന്നാണ്.ഓട്ടോമൊബൈൽ പാർട്സ് വ്യവസായ രംഗത്തിനും സുസുക്കി വലിയ ഉത്തേജനം നൽകി.
ഗുജറാത്തിന്റെ ശക്തമായ തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ ആഗോള ഓട്ടോമൊബൈൽ വ്യവസായത്തിന്റെ തന്ത്രപ്രധാനമായ കയറ്റുമതി കേന്ദ്രമെന്ന നിലയിലും ഗുജറാത്തിന് ഖ്യാതി നൽകി. 2024 ൽ ഗുജറാത്ത് ഏകദേശം 3,459 കോടി രൂപയാണ് സംസ്ഥാനം ഈ രംഗത്തെ കയറ്റുമതിയിലൂടെ മാത്രം നേടിയത്. ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, ജപ്പാൻ, യുഎഇ, ചിലി തുടങ്ങിയ രാജ്യങ്ങളിലേക്കൊക്കെയുണ്ട് കയറ്റുമതി. ഓട്ടോമൊബൈൽ വ്യവസായ രംഗത്തെ ഗുജറാത്തിൻ്റെ മുന്നേറ്റം കേരളം ഉൾപ്പെടെയുള്ള കമ്പനികൾക്ക് മാതൃയാക്കാവുന്നതാണ്.

