ഇനി പുതിയ ഹൈക്കോടതി ആസ്ഥാനം! കളമശ്ശേരിയുടെ മുഖം മാറുന്നു

കൊച്ചി:മധ്യകേരളത്തിലെ ഏറ്റവും പ്രധാന ന​ഗരമാകാൻ ഒരുങ്ങുകയാണ് കളമശ്ശേരി. കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി അധികം വൈകാതെ തന്നെ
യാഥാർത്ഥ്യമാകാൻ പോകുന്നതായി വ്യവസായ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചത് അടുത്തിടെയാണ്. ഹൈക്കോടതി കൂടി ഉൾപ്പെടുന്ന പുതിയ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നായിരുന്നു വെളിപ്പെടുത്തൽ. അടുത്ത കാലം വരെ ആരും സ്വപ്നത്തിൽ പോലും കാണാത്ത ഒരു വമ്പൻ പദ്ധതിയാണ് കളമശ്ശേരിയിലേക്ക് എത്തുന്നത്. ഒട്ടേറെ നടപടികളും കടമ്പകളും കടന്നാണ് ജുഡീഷ്യൽ സിറ്റി യാഥാർത്ഥ്യമാക്കുന്നത്.

രാജ്യാന്തര തലത്തിലുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ഉള്ള ജുഡീഷ്യല്‍ സിറ്റിയാണ് കളമശേരിയില്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നത്. ഹൈക്കോടതിയും ജുഡീഷ്യൽ സിറ്റിയിലേക്ക് മാറും. എല്ലാ വിഭാഗം ജനങ്ങള്‍ക്കും എത്തുന്നതിന് അനുയോജ്യമായ സ്ഥലം, യാത്രാസൗകര്യം, പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം എന്നിവ കണക്കിലെടുത്ത് ജുഡീഷ്യല്‍ സിറ്റിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം കളമശ്ശേരിയാണെന്നാണ് വിലയിരുത്തൽ.

ജുഡീഷ്യല്‍ അക്കാദമി, മീഡിയേഷന്‍ സെന്റര്‍ തുടങ്ങി രാജ്യാന്തര തലത്തില്‍ ഉള്ള ആധുനിക സ്ഥാപനങ്ങളും ജുഡീഷ്യൽ സിറ്റിയിൽ വരും. 60 കോടതികള്‍ ഉള്‍ക്കൊള്ളുന്ന ഹൈക്കോടതി മന്ദിരമാണ് ആലോചനയിലുള്ളത്. 28 ലക്ഷം ച. അടി വിസ്തീര്‍ണ്ണത്തില്‍ ഭാവിയിലെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ള സൗകര്യങ്ങളും ദീര്‍ഘകാല കാഴ്ചപ്പാടോടെ ഒരുക്കും. ജഡ്ജിമാരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറലിൻ്റെ ഓഫീസ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, അഭിഭാഷകരുടെ ചേംബര്‍, പാര്‍ക്കിംഗ് സൗകര്യം എന്നിവയും അനുബന്ധമായി ഒരുക്കും. ജുഡീഷ്യൽ സിറ്റി യാഥാർത്ഥ്യമാകുന്നതോടെ മധ്യകേരളത്തിലെ ഏറ്റവും പ്രധാന നഗരമായി കളമശ്ശേരി മാറും.

എച്ച് എം ടി യുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ളത്. മന്ത്രി പി. രാജീവ്, ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് വിശദാംശങ്ങൾ രൂപപ്പെടുത്തിയതോടെയാണ് ജുഡീഷ്യൽ സിറ്റിക്കായുള്ള നടപടികൾ ആരംഭിച്ചത്.