അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയെ “നിശ്ചലമായ സമ്പദ്‌വ്യവസ്ഥ” എന്ന് വിശേഷിപ്പിച്ചതിനെതിരെ ശക്തമായ പ്രതികരണവുമായി റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര രംഗത്തെത്തി. മാറുന്ന ആഗോള സാഹചര്യങ്ങളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ശോഭനമായ ഭാവി കാത്തിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. റിസർവ് ബാങ്ക് വായ്പാനയ പ്രഖ്യാപന വേളയിലാണ് ഗവർണറുടെ ഈ പ്രതികരണം. റഷ്യയുമായി ഇന്ത്യ പുലർത്തുന്ന ബന്ധത്തെക്കുറിച്ച് സംസാരിക്കവേയാണ് ട്രംപ് ഇന്ത്യയെ വിമർശിച്ച് “നിശ്ചലമായ സമ്പദ്‌വ്യവസ്ഥ” എന്ന് വിളിച്ചത്.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് നേരെയുണ്ടായ ട്രംപിന്റെ പുതിയ തീരുവ ഭീഷണിയുടെ പശ്ചാത്തലത്തിൽ രൂപയുടെ മൂല്യം കുറയുകയും ചെയ്തെങ്കിലും, റിസർവ് ബാങ്ക് റിപ്പോ നിരക്ക് 5.5 ശതമാനമായി നിലനിർത്തി. പുതിയ തീരുവകൾ നടപ്പിലാക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ചൊവ്വാഴ്ച രൂപയുടെ മൂല്യം 16 പൈസ താഴ്ന്നു. ആഗോളതലത്തിൽ സാമ്പത്തിക വളർച്ച മന്ദഗതിയിലാണെന്നും പണപ്പെരുപ്പ് കുറഞ്ഞ നിലയിലാണെന്നും ഗവർണർ വ്യക്തമാക്കി. നേരത്തെ ട്രംപിന്റെ വിമർശനങ്ങൾക്ക് മറുപടിയായി, ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറാൻ പോകുകയാണെന്നും അതുകൊണ്ടുതന്നെ സ്വന്തം സാമ്പത്തിക താൽപര്യങ്ങളിൽ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഏർപ്പെടുത്തിയ തീരുവകൾ ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന് കൃത്യമായി പ്രവചിക്കാൻ കഴിയില്ലെന്ന് ഗവർണർ സഞ്ജയ് മൽഹോത്ര കൂട്ടിച്ചേർത്തു. യുഎസ് തീരുവകൾ സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഭാവിയിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നയം രൂപപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. താരിഫ് പ്രഖ്യാപനങ്ങളും വ്യാപാര ചർച്ചകളും മൂലം ആഗോള വ്യാപാര അന്തരീക്ഷം അനിശ്ചിതത്വത്തിലാണെങ്കിലും 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ജി.ഡി.പി വളർച്ചാ പ്രവചനം 6.5 ശതമാനമായി നിലനിർത്തിയതായി ആർബിഐ അറിയിച്ചു. മുൻപ് പ്രഖ്യാപിച്ച പ്രവചനം മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

