റീട്ടെയിൽ നിക്ഷേപകർക്ക് ആർബിഐയുടെ പുതിയ പ്രഖ്യാപനം: ഇനി ട്രഷറി ബില്ലുകളിൽ എസ്.ഐ.പി. വഴി നിക്ഷേപിക്കാം

സാധാരണക്കാർക്ക് സർക്കാർ കടപ്പത്രങ്ങളിൽ എളുപ്പത്തിൽ നിക്ഷേപിക്കാനുള്ള വഴിതുറന്ന് റിസർവ് ബാങ്ക് പുതിയ സംവിധാനം നടപ്പാക്കി. ചെറുകിട നിക്ഷേപകർക്ക് ഇനി ട്രഷറി ബില്ലുകളിൽ (ടി-ബില്ലുകൾ) സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി.) വഴി നിക്ഷേപിക്കാൻ അവസരം ലഭിക്കും.

മ്യൂച്വൽ ഫണ്ടുകളിലെപ്പോലെ, സർക്കാർ കടപ്പത്രങ്ങളിലും ക്രമാതീതമായ രീതിയിൽ നിക്ഷേപിക്കാനുള്ള സൗകര്യം ദീർഘകാല നിക്ഷേപശീലവും സർക്കാർ ഗ്യാരണ്ടിയുള്ള സുരക്ഷിത നേട്ടവും ഒരുമിച്ച് ഉറപ്പാക്കും.
2021 നവംബറിൽ ആരംഭിച്ച ‘റീട്ടെയിൽ ഡയറക്ട്’ പോർട്ടൽ സാധാരണക്കാർക്ക് ആർബിഐയിൽ നേരിട്ട് ‘ഗിൽറ്റ് അക്കൗണ്ട്’ തുറക്കാനും സർക്കാർ കടപ്പത്രങ്ങളുടെ പ്രാഥമിക ലേലങ്ങളിലും ദ്വിതീയ വിപണിയിലും പങ്കെടുക്കാനുമുള്ള അവസരം ഒരുക്കിയിരുന്നു.

പ്ലാറ്റ്ഫോം കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി 2024 മെയ് മാസത്തിൽ ‘റീട്ടെയിൽ ഡയറക്ട്’ മൊബൈൽ ആപ്പ് അവതരിപ്പിച്ചു. തുടർന്ന് ജൂലൈയിൽ ‘ഓട്ടോ-ബിഡ്ഡിംഗ്’ സംവിധാനം കൂടി അവതരിപ്പിച്ച് നിക്ഷേപങ്ങൾ വ്യക്തികളുടെ താൽപര്യങ്ങൾക്കനുസരിച്ച് ഓട്ടോമേറ്റ് ചെയ്യാനുള്ള സൗകര്യവും നൽകി.