ഡിജിറ്റൽ അറസ്റ്റ് കേസുകളുമായി ബന്ധപ്പെട്ട 83,668-ലധികം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക്ചെയ്ത് കേന്ദ്രം

ഡിജിറ്റൽ അറസ്റ്റ് അല്ലെങ്കിൽ വെർച്വൽ അറസ്റ്റ് നടപടികളൊന്നും ഇന്ത്യയിലില്ലെന്ന് പൊലീസ് വിശദീകരണം നൽകിയിട്ടും ഇതുമായി ബന്ധപ്പെട്ട സൈബര്‍ തട്ടിപ്പുകൾ വർദ്ധിച്ചുവരികയാണ്. വിദ്യാസമ്പന്നരുൾപ്പെടെ ഈ തട്ടിപ്പിനിരയാകുന്നു. ഇപ്പോഴിതാ തട്ടിപ്പുകാരെ കുടുക്കാൻ ഡിജിറ്റൽ അറസ്റ്റ് കേസുകളുമായി ബന്ധപ്പെട്ട 83,668-ലധികം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളും 3,962 സ്കൈപ്പ് ഐഡികളും സർക്കാർ ബ്ലോക്ക് ചെയ്തിരിക്കുന്നു.

സൈബർ തട്ടിപ്പ് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഏകദേശം 781,000 സിം കാർഡുകളും 208,469 ഐഎംഇഐകളും അധികൃതർ കണ്ടെത്തി നിർജ്ജീവമാക്കിയതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാർ പറയുന്നു.

ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് (I4C) ഡിജിറ്റൽ അറസ്റ്റിനായി ഉപയോഗിക്കുന്ന ഇത്തരം വാട്സാപ് നമ്പറുകൾ കണ്ടെത്തിയിരിക്കുന്നത്.

സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിങ് ആൻഡ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെ 13.36 ലക്ഷത്തിലധികം പരാതികള്‍ ലഭിച്ചതോടെ 4,386 കോടിയിലധികം രൂപയുടെ തട്ടിപ്പ് തടയാനായതായും മന്ത്രി പറയുന്നു.

എല്ലാത്തരം സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളെ പ്രാപ്തരാക്കുന്നതിനായി I4C യുടെ ഭാഗമായി നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ (https://cybercrime.gov.in) ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഈ പോർട്ടലിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സൈബർ കുറ്റകൃത്യങ്ങൾ, അവ എഫ്‌ഐആറുകളാക്കി മാറ്റൽ, തുടർന്നുള്ള നടപടികൾ എന്നിവ അതാത് സംസ്ഥാനത്തെ ഏജൻസികളാണ് കൈകാര്യം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ഓൺലൈൻ സൈബർ പരാതികൾ സമർപ്പിക്കുന്നതിന് സഹായം ലഭിക്കുന്നതിനായി ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറായി 1930യും പ്രവർത്തിക്കുന്നുണ്ട്.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളെക്കുറിച്ച് സമഗ്രമായ ഒരു അവബോധ പരിപാടി ഉണ്ടെന്നും പത്രപരസ്യങ്ങൾ, പ്രത്യേക പോസ്റ്റുകൾ, സോഷ്യൽ മീഡിയ പ്രസാർ ഭാരതി, ഇലക്ട്രോണിക് മാധ്യമങ്ങൾ എന്നിവയിലൂടെയുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.