പണിമുടക്കു മൂലം 840.77 കോടി രൂപ നഷ്ടം നേരിട്ടതായി സാംസങ്

ഒരു വിഭാഗം ജീവനക്കാർ നടത്തിയ പണിമുടക്കു മൂലം 100 ദശലക്ഷം ഡോളറോളം (ഏകദേശം 840.77 കോടി രൂപ) നഷ്ടം നേരിട്ടതായി സാംസങ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. സിഐടിയുവിനു കീഴിൽ രൂപീകരിച്ച തൊഴിലാളി സംഘടനയെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആയിരത്തിലേറെ തൊഴിലാളികൾ ഒരു മാസത്തിലേറെ സമരം ചെയ്തത്.

‘സാംസങ്’ എന്ന പേര് യൂണിയന്റെ പേരിനൊപ്പം ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും സ്ഥാപനത്തിനു ദോഷം ചെയ്യുമെന്നും കമ്പനി അധികൃതർ വാദിച്ചു. എന്നാൽ, സാംസങ് ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനിയാണെന്നും അവിടെ ട്രേഡ് യൂണിയനുകൾ പേരുകൾക്കൊപ്പം ‘സാംസങ്’ ഉപയോഗിക്കുന്നുണ്ടെന്നും എതിർവിഭാഗവും വാദിച്ചു. ഇതോടെ, എന്തുകൊണ്ടാണു പേര് ഉപയോഗിക്കാൻ അനുവദിക്കാത്തത് എന്നതു സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി സാംസങ് അധികൃതർക്കു നിർദേശം നൽകി.