വൈദ്യുത വാഹനങ്ങളുടെ പുതിയ സബ്‌സിഡി പദ്ധതി- പിഎം ഇ ഡ്രൈവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

വൈദ്യുത വാഹനങ്ങളുടെ പുതിയ സബ്‌സിഡി പദ്ധതി- പിഎം ഇലക്ട്രിക്ക് ഡ്രൈവ് റെവല്യൂഷന്‍ ഇന്‍ ഇന്നൊവേറ്റീവ് വെഹിക്കിള്‍ എന്‍ഹാന്‍സ്‌മെന്റ്(പിഎം ഇ ഡ്രൈവ്) പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍.

ഇക്കുറി വൈദ്യുത കാറുകള്‍ ഇളവുകളില്‍ നിന്നും പുറത്തായി. മാര്‍ച്ചില്‍ കാലാവധി അവസാനിച്ച FAME II(ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്റ് മാനുഫാക്ച്ചറിങ് ഓഫ് ഹൈബ്രിഡ് ആന്റ് ഇലക്ട്രിക്ക് വെഹിക്കിള്‍) പദ്ധതിയുടെ തുടര്‍ച്ചയായാണ് പിഎം ഇ ഡ്രൈവ് പ്രഖ്യാപിച്ചിരിക്കുന്നത്.2015ലാണ് FAME പദ്ധതി ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ 895 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. പിന്നീട് 2019 മുതല്‍ ആരംഭിച്ച FAME II പദ്ധതിയില്‍ 10,000 കോടി രൂപ വകയിരുത്തി. 2022ല്‍ FAME II അവസാനിച്ചു. പിന്നീട് 1500 കോടി രൂപ കൂടി വകയിരുത്തി FAME II 2024 മാര്‍ച്ച് വരെ നീട്ടുകയായിരുന്നു

രണ്ടു വര്‍ഷത്തേക്ക് 10,900 കോടി രൂപയാണ് പിഎം ഇ ഡ്രൈവില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈദ്യുത ഇരുചക്രവാഹനങ്ങള്‍, വൈദ്യുത മുച്ചക്ര വാഹനങ്ങള്‍, വൈദ്യുത ട്രക്കുകളും ബസുകളും, വൈദ്യുത ആംബുലന്‍സ് എന്നിവക്കാണ് ഈ പദ്ധതി പ്രകാരം ഇളവുകള്‍ ലഭിക്കുക. ഇതിനു പുറമേ 88,500 വൈദ്യുത വാഹന ചാര്‍ജിങ് കേന്ദ്രങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കും. 24.74 ലക്ഷം ഇ- ടു വീലറുകള്‍ക്കും 3.16 ലക്ഷം ഇ-3 വീലറുകള്‍ക്കും 14,028 ഇ ബസുകള്‍ക്കും പദ്ധതി പ്രകാരം ഇളവുകള്‍ ലഭിക്കും. എന്നാല്‍ നേരത്തെ സബ്‌സിഡി ലഭിച്ചിരുന്ന വൈദ്യുത/ഹൈബ്രിഡ് കാറുകളും എസ് യു വികളും പുതിയ പദ്ധതിയില്‍ നിന്നും ഒഴിവായിട്ടുണ്ട്.

സംസ്ഥാന ഗതാഗത വകുപ്പുകള്‍ക്കും പൊതു ഗതാഗത ഏജന്‍സികള്‍ക്കും കീഴില്‍ വരുന്ന 14,028 ഇലക്ട്രിക്ക് ബസുകള്‍ക്ക് 4,391 കോടി രൂപയുടെ ഇളവുകള്‍ പുതിയ പദ്ധതി പ്രകാരം ലഭിക്കും. നാലുചക്രവാഹനങ്ങള്‍ക്കു വേണ്ടി 22,100 ഫാസ്റ്റ് ചാര്‍ജറുകളും ഇലക്ട്രിക്ക് ബസുകള്‍ക്കായി 1,800 ഫാസ്റ്റ് ചാര്‍ജറുകളും ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ക്കായി 48,400 ഫാസ്റ്റ് ചാര്‍ജറുകളും സ്ഥാപിക്കാന്‍ 2,000 കോടി രൂപയോളം ഈ പദ്ധതി വഴി ചിലവാക്കുമെന്നും സര്‍ക്കാര്‍ അറിയിക്കുന്നുണ്ട്.
ഇന്ത്യയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം നടന്ന ആകെ വൈദ്യുത വാഹന വില്‍പനയില്‍ 56 ശതമാനവും ഇരുചക്രവാഹനങ്ങളും 38 ശതമാനം മുച്ചക്രവാഹനങ്ങളുമായിരുന്നു. ആവശ്യത്തിന് ചാര്‍ജിങ് സൗകര്യങ്ങളുടെ അഭാവമാണ് ഇലക്ട്രിക്ക് വാഹന രംഗം ഇന്ത്യയില്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന ആരോപണവും ശക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് ചാര്‍ജിങ് സൗകര്യത്തിനായി പുതിയ പദ്ധതിയില്‍ കൂടുതല്‍ പ്രാധാന്യം ലഭിച്ചിരിക്കുന്നത്.