രാജ്യാന്തരതലത്തിൽ ജനജീവിതമാകെ സ്തംഭിപ്പിച്ചാണ് 2020ൽ കോവിഡ്, ലോക്ക്ഡൗൺ പ്രതിസന്ധികൾ ആഞ്ഞടിച്ചത്. അപ്പോഴും ഏവരെയും അമ്പരിപ്പിക്കുകയായിരുന്നു റിലയൻസ് ഇൻഡസ്ട്രീസും ഉപസ്ഥാപനമായ ജിയോ പ്ലാറ്റ്ഫോംസും. 2020 ഏപ്രിൽ-ജൂൺ കാലയളവിൽ ഫേസ്ബുക്ക്, സിൽവർലേക്ക് പാർട്ണേഴ്സ്, ജനറൽ അറ്റ്ലാന്റിക്, മുബദല, അദിയ, കെകെആർ തുടങ്ങി ആഗോള ടെക്, നിക്ഷേപക വമ്പന്മാരിൽ നിന്ന് ജിയോ സ്വന്തമാക്കിയത് 1.15 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപം.മറ്റ് വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ ഉൽപാദനമോ വിൽപനയോ ഇല്ലാതെ നിശ്ചലമായിരിക്കുമ്പോഴായിരുന്നു ജിയോയുടെ ഈ നിക്ഷേപം വാരിക്കൂട്ടൽമേള. 2020 മാർച്ച് 31ലെ കണക്കുപ്രകാരം 1.61 ലക്ഷം കോടി രൂപ കടത്തിലായിരുന്നു ജിയോ. വിദേശ നിക്ഷേപത്തിനൊപ്പം അവകാശ ഓഹരി വിൽപന വഴി (റൈറ്റ്സ് ഇഷ്യൂ) 53,124 കോടി രൂപ കൂടി സമാഹരിച്ചതോടെ ജൂണിൽ കടമില്ലാ കമ്പനിയായും ജിയോ മാറി.ഇപ്പോഴിതാ, ഇന്ത്യ സാക്ഷിയാകുന്ന ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപനയ്ക്കും (ഐപിഒ) ജിയോ ഒരുങ്ങുന്നതായാണ് സൂചനകൾ. അടുത്തിടെ ടെലികോം റീചാർജ് നിരക്കുകൾ വർധിപ്പിച്ചതും 5ജി ബിസിനസ് വരുമാനം ഉയർത്താനുള്ള നടപടികളും ഐപിഒയിലേക്ക് വിരൽചൂണ്ടുന്നതായി നിരീക്ഷകർ വിലയിരുത്തുന്നു. കഴിഞ്ഞമാസമാണ് നിരക്കുകൾ 25 ശതമാനം വരെ കൂട്ടിയത്.
2022 ഫെബ്രുവരിയിൽ പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽഐസി നടത്തിയ 20,500 കോടി രൂപയുടെ ഐപിഒയാണ് നിലവിൽ ഇന്ത്യയിലെ റെക്കോർഡ്. 2021 ജൂലൈയിൽ പേയ്ടിഎം നടത്തിയ 18,200 കോടി രൂപയുടെ റെക്കോർഡായിരുന്നു എൽഐസി മറികടന്നത്.
133 ബില്യൺ ഡോളറാണ് യുഎസ് ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് റിലയൻസ് ജിയോയ്ക്ക് വിലയിരുത്തുന്ന വിപണിമൂല്യം. അതായത് 11.11 ലക്ഷം കോടി രൂപ. ഒരുലക്ഷം കോടി രൂപയ്ക്കുമേൽ വിപണിമൂല്യമുള്ള കമ്പനികൾ മിനിമം 5 ശതമാനം ഓഹരി ഐപിഒ വഴി വിറ്റഴിക്കണമെന്നാണ് ഇന്ത്യൻ ചട്ടം.അങ്ങനെയെങ്കിൽ ജിയോ 5 ശതമാനം ഓഹരി വിറ്റഴിച്ചാൽ അതിലൂടെ നിലവിൽ 55,500 കോടി രൂപ സമാഹരിക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയായും അത് മാറും.
