വ്യാപാരികൾ, ഉൽപാദകർ അടക്കം മൊത്തം സ്വർണ വ്യവസായ മേഖലയ്ക്കായി സെൽഫ് റഗുലേറ്ററി സ്ഥാപനം (എസ്ആർഒ) രണ്ടാഴ്ചയ്ക്കകം നിലവിൽ വരും. വേൾഡ് ഗോൾഡ് കൗൺസിലിന്റെ നേതൃത്വത്തിലാണിത്. സ്വർണവ്യവസായ മേഖലയുടെ വിശ്വാസ്യത വർധിപ്പിക്കാനാണ് സർക്കാർ സംവിധാനത്തിനു പകരം വ്യവസായ മേഖലയിലുള്ളവരുടെ നേതൃത്വത്തിൽ സെൽഫ് റഗുലേറ്ററി സ്ഥാപനം ആരംഭിക്കുന്നത്.മേഖലയിലുള്ള ആർക്കും താൽപര്യമുണ്ടെങ്കിൽ അംഗമാകാം. വ്യവസായരംഗത്തെ നല്ല മാതൃകകൾ ഈ സ്ഥാപനം നിഷ്കർഷിക്കും. ഇത് പാലിക്കുന്നവർക്ക് പ്രത്യേക സർട്ടിഫിക്കേഷനും നൽകും. എസ്ആർഒയുടെ ഭാഗമാകുന്നവർ ഇതുസംബന്ധിച്ച ഓഡിറ്റിങ്ങിനു വിധേയമാകും.ഒരു ജ്വല്ലറി ശൃംഖലയ്ക്ക് എസ്ആർഒയുടെ സർട്ടിഫിക്കേഷൻ ലഭിച്ചാൽ അത് വിശ്വാസ്യതയുടെ അടയാളമായി കണക്കാക്കും.
ഉപദേശകസമിതിയിൽ സ്വർണവ്യവസായ മേഖലയിലെ എല്ലാ സംഘടനകളുടെയും പ്രതിനിധികളുണ്ടായിരിക്കും. മുൻ സെബി ചെയർമാൻ പോലെ വിവിധ മേഖലകളിലുള്ള 4 സ്വതന്ത്രവ്യക്തികളും ഇതിന്റെ ഭാഗമായിരിക്കും.

