2 മാസത്തെ ക്ഷേമ പെൻഷൻ കൂടി നൽകാൻ സർക്കാരിന്റെ നീക്കം

മന്ത്രിസഭ നയിക്കുന്ന നവകേരള സദസ്സ് സമാപിക്കുന്നതിനു മുൻപ് 2 മാസത്തെ ക്ഷേമ പെൻഷൻ കൂടി നൽകാൻ സർക്കാരിന്റെ തിരക്കിട്ട നീക്കം. ഇതുവരെ നവകേരള സദസ്സ് പൂർത്തിയായ മണ്ഡലങ്ങളിലെല്ലാം പ്രധാനമായി ലഭിക്കുന്ന പരാതി ക്ഷേമ പെൻഷൻ കിട്ടുന്നില്ലെന്നതാണ്. ഇതു കണക്കിലെടുത്തും ക്രിസ്മസും പുതുവർഷവും എത്തുന്നതിനാലും 2 മാസത്തെ പെൻഷൻ (3200 രൂപ) നൽകാനാണ് ധനവകുപ്പ് ആലോചിക്കുന്നത്.

ജൂലൈ മാസത്തെ പെൻഷൻ വിതരണം കഴിഞ്ഞയാഴ്ച സർക്കാർ പൂർത്തിയാക്കിയെങ്കിലും മസ്റ്റർ ചെയ്ത ഒട്ടേറെ പേർക്ക് പെൻഷൻ കിട്ടിയില്ലെന്നു പരാതിയുണ്ട്. ഇവർ പരാതി നൽകിയാൽ പരിഹരിക്കാമെന്നാണ് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നത്. 1,500 കോടിയോളം രൂപയാണ് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ പെൻഷൻ വിതരണം ചെയ്യാൻ വേണ്ടത്. ഇതു നൽകിയാൽ ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷനാകും കുടിശികയായി ഉണ്ടാകുക.

അതേസമയം, കേരളത്തിനു പെൻഷൻ വിഹിതം കൃത്യമായി നൽകുന്നെന്ന കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ വാദം പൊളിക്കാനായി സംസ്ഥാനത്തിനു ലഭിക്കുന്ന ഫണ്ടിന്റെ കണക്കു പ്രചരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ലഘുലേഖകൾ അടക്കം പുറത്തിറക്കും.