സുരേഷ് ഗോപി ചിത്രം ഗരുഡൻ മുകളിലേക്ക്.കളക്ഷനില്‍ വൻ കുതിപ്പ്

സുരേഷ് ഗോപി നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ഗരുഡൻ. ബിജു മേനോനും പ്രധാന വേഷത്തിലെത്തി. മികച്ച വിജയമായി മാറാൻ ഗരുഡനാകുന്നുണ്ട്. മള്‍ട്ടിപ്ലക്സുകളിലും സുരേഷ് ഗോപിയുടെ ചിത്രം കളക്ഷനില്‍ നേട്ടമുണ്ടാക്കുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

കേരളത്തില്‍ ഗരുഡൻ നേടിയത് 12.25 കോടി രൂപയാണ് എന്നാണ് ലഭ്യമായ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മള്‍ട്ടിപ്ലക്സില്‍ കൊച്ചിയില്‍ 90 ലക്ഷം ചിത്രം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. കളക്ഷനില്‍ മുന്നേറ്റമുണ്ടാക്കാൻ ഗരുഡനാകുന്നുണ്ടെന്നാണ് ഓരോ ദിവസത്തെയും കണക്കുകള്‍ വ്യക്തമാക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്. വമ്പൻ വിജയമായ കണ്ണൂര്‍ സ്‍ക്വാഡിന്റെ കളക്ഷൻ മറികടക്കാൻ ഗരുഡനാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെങ്കിലും സുരേഷ് ഗോപിയുടെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നാകും അരുണ്‍ വര്‍മ സംവിധാനം ചെയ്‍ത ചിത്രം എന്ന് ഉറപ്പിക്കാവുന്നതാണ്.

ലിസ്റ്റിൻ സ്റ്റീഫനാണ് ഗരുഡൻ നിര്‍മിച്ചത്. മിഥുൻ മാനുവേല്‍ തോമസ് തിരക്കഥയെഴുതിയ ചിത്രമായ ഗരുഡൻ റിലീസിനേ മികച്ച അഭിപ്രായം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സുരേഷ് ഗോപിയുടെയും ബിജു മേനോന്റെയും ചിത്രത്തിലെ പ്രകടനത്തെയും പ്രേക്ഷകര്‍ പ്രശംസിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.