സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ കുറച്ചതിനെ തുടർന്ന് ഉണ്ടായ 21,000 കോടി രൂപയുടെ സാമ്പത്തിക കമ്മി പരിഹരിക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഈ ആവശ്യം ഉന്നയിച്ചത്.
കേന്ദ്രം നേരിട്ട് കടമെടുപ്പ് പരിധിയിൽ വരുത്തിയ കുറവ് മൂലം മാത്രം സംസ്ഥാനത്തിന് 17,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി വ്യക്തമാക്കി. ഇതിന് പുറമേ, സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം (ജിഎസ്ഡിപി) കണക്കാക്കുന്നതിലെ വ്യത്യാസം മൂലം 4,250 കോടി രൂപയുടെ അധിക നഷ്ടവും കേരളത്തിന് ഉണ്ടായതായി അദ്ദേഹം പറഞ്ഞു.ജിഎസ്ഡിപി കണക്കാക്കുന്നതിൽ 15-ാം ധനകാര്യ കമ്മിഷന്റെ ശുപാർശകളിൽനിന്ന് വ്യത്യസ്തമായ രീതി കേന്ദ്ര സർക്കാർ പിന്തുടർന്നതാണ് ഈ നഷ്ടത്തിന് കാരണമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഈ രീതിക്ക് മുൻകാല പ്രാബല്യം കൂടി നൽകിയാൽ കേരളത്തിന് ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം കൂടി ഉണ്ടാകാനിടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, കേന്ദ്ര ബജറ്റിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെ പ്രത്യേകമായി പരിഗണിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. കൂടാതെ, ജിഎസ്ടി നിരക്കുകളിൽ വരുത്തുന്ന പരിഷ്കരണങ്ങൾ മൂലം സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം നികത്തുന്നതിനായി സ്ഥിരമായ വരുമാന സംരക്ഷണ സംവിധാനം രൂപീകരിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.

