കൃത്യസമയത്ത് ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് നടത്താൻ മറന്നെങ്കിൽ പരിഭ്രാന്തരാവേണ്ട ആവശ്യം ഇല്ല. കാരണം, അവസാന തിയതിക്ക് ശേഷം മൂന്ന് ദിവസത്തിന് ശേഷം മാത്രമേ പിഴ ഈടാക്കാൻ പാടുള്ളൂവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ബാങ്കുകൾക്കും ക്രെഡിറ്റ് കാർഡ് വിതരണക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്.
സാധാരണയായി ബാങ്കുകളും ക്രെഡിറ്റ് കാർഡ് വിതരണക്കാരും ക്രെഡിറ്റ് കാർഡ് പേയ്മെന്റ് നൽകേണ്ട അവസാന തിയതിക്കുള്ളിൽ പണം അടച്ചില്ലെങ്കിൽ പിഴ ഈടാക്കും. വൈകി നൽകുന്ന പേയ്‌മെന്റുകൾക്ക് ചാർജുകളും ഈടാക്കാറുണ്ട്. എന്നാൽ ഇപ്പോൾ ക്രെഡിറ്റ് കാർഡ് കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കാൻ നിങ്ങൾ മറന്നെങ്കിൽ, സമയപരിധി കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പേയ്മെന്റ് ചെയ്യാം. പിഴ നൽകാതെ തന്നെ പേയ്‌മെന്റുകൾ മൂന്ന് ദിവസത്തിനുള്ളിൽ നൽകാനുള്ള അവസരമാണ് ആർബിഐ നൽകുന്നത്.
മൂന്ന് ദിവസത്തിന് ശേഷവും ക്രെഡിറ്റ് കാർഡ് ഉടമ അവരുടെ കുടിശ്ശിക അടച്ചില്ലെങ്കിൽ, പിഴ നൽകേണ്ടതായി വരും. വൈകി നൽകുന്ന പേയ്‌മെന്റ് പിഴയുടെ തുക നിർണ്ണയിക്കുന്നത് ബാങ്കുകളോ ക്രെഡിറ്റ് കാർഡ് കമ്പനികളോ ആണ്.ബാങ്കുകളും ക്രെഡിറ്റ് കാർഡ് കമ്പനികളും സാധാരണയായി നൽകാനുള്ള തുകയെ അടിസ്ഥാനത്തിൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ലേറ്റ് പേയ്‌മെന്റ് ഫീസ് ചുമത്തുന്നു. ബില്ലിന്റെ വലുപ്പത്തിന് ആനുപാതികമായി ലേറ്റ് ഫീസ് വർദ്ധിക്കും. ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെന്റിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ, വൈകി നൽകുന്ന പേയ്‌മെന്റുകളുടെ തുകയും ണമടയ്ക്കാത്ത ദിവസങ്ങളുടെ എണ്ണവും കണക്കാക്കി പിഴ ചുമത്തും.

